Latest News

എസ്.എന്‍.ഡി.പി പ്രവര്‍ത്തകന് കുത്തേറ്റു; സ്‌ഫോടനക്കേസിലെ പ്രതി കസ്റ്റഡിയില്‍

ചെറുപുഴ: പ്രാപ്പൊയില്‍ എസ്.എന്‍.ഡി.പി ശാഖാ പ്രവര്‍ത്തകന്‍ പാറോത്തുംനീരിലെ കവലക്കര സന്തോഷിന് (37) പ്രാപ്പൊയില്‍ ടൗണില്‍ വെച്ച് കുത്തേറ്റു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ടൗണിലെ മത്സ്യക്കടയില്‍ സംസാരിച്ചുനില്‍ക്കവെ പ്രാപ്പൊയിലിലെ കിഴക്കേ നാഗത്തിന്‍ചാല്‍ മമ്മു എന്നയാള്‍ പിന്നില്‍നിന്ന് കുത്തുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിര്‍മാണത്തിലിരിക്കുന്ന പ്രാപ്പൊയില്‍ എസ്.എന്‍.ഡി.പി. ശാഖ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം സ്‌പോടനം നടത്തിയ കേസില്‍ പ്രതിയാണ് മമ്മു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ മമ്മു ടാക്‌സിഡ്രൈവറായ സന്തോഷിനെ ഓട്ടംവിളിക്കാനെന്ന വ്യാജേന വന്ന് പിന്നില്‍നിന്ന് കുത്തി എന്നാണ് കേസ്. പരിക്കേറ്റ സന്തോഷിനെ ചെറുപുഴ സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ചെറുപുഴയില്‍ ഹര്‍ത്താല്‍ നടത്തും.
കഴിഞ്ഞ 26ന് ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് മമ്മു എസ്.എന്‍.ഡി.പി. ഓഡിറ്റോറിയത്തില്‍ സ്‌ഫോടനം നടത്തിയത്. ഉച്ചയോടെ നാട്ടുകാര്‍ പിടികൂടിയ ഇയാളെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.എന്‍.ഡി.പി. ശാഖാ ഭാരവാഹികളുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
സന്തോഷിനെ കുത്തിയശേഷം ഓടി പ്രാപ്പൊയിലിലെ വീട്ടില്‍ കയറി മമ്മു ഒളിച്ചു. നാട്ടുകാര്‍ വീട് വളഞ്ഞ് പെരിങ്ങോം പോലീസില്‍ വിവരമറിയിച്ചു. അഡീഷണല്‍ എസ്.ഐ.യും സംഘവും എത്തിയെങ്കിലും മമ്മുവിനെ പിടിക്കാന്‍ കഴിഞ്ഞില്ല.
പെരിങ്ങോം എസ്.ഐ എ.അനില്‍കുമാര്‍ എത്തിയെങ്കിലും സി.ഐ. എത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഓഡിറ്റോറിയത്തില്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ വേണ്ടവിധത്തില്‍ കേസെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തുടര്‍ന്ന് പയ്യന്നൂര്‍ സി.ഐ. അബ്ദുള്‍കരീം സ്ഥലത്തെത്തിയെങ്കിലും പ്രതിയെ വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. മമ്മുവിന്റെ വീടിന് ചുറ്റും തടിച്ചുകൂടിയ നാട്ടുകാരുമായി പഞ്ചായത്തംഗം കെ.രാജനും സി.ഐ.യും സംസാരിച്ചു. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് സി.ഐ. ഉറപ്പുനല്കി. കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനക്കേസില്‍ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസ് ചാര്‍ജ്‌ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
രാത്രി 9.30ഓടെ പ്രതിയെ വീടിന് പുറത്ത് എത്തിച്ചപ്പോള്‍ പ്രതിക്കുനേരെ കൈയേറ്റശ്രമം ഉണ്ടായി. തടയാന്‍ ശ്രമിച്ച സി.ഐ.ക്കും പോലീസുകാര്‍ക്കും നേരെയും കൈയേറ്റശ്രമമുണ്ടായി.
പോലീസ് പ്രയാസപ്പെട്ടാണ് പ്രതിയെ ജീപ്പില്‍ കയറ്റിയത്. പ്രതിയെ കൊണ്ടുപോയതിന് ശേഷമാണ് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് അയവുണ്ടായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം ബുധനാഴ്ച ചെറുപുഴ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പരീക്ഷ നടക്കുന്ന സ്‌കൂളുകളെയും വാഹനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. പ്രാപ്പൊയില്‍ ടൗണില്‍ സി.ഐ.ടി.യു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് ചെറുപുഴ ടൗണില്‍ എസ്.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വി.പി.ദാസന്‍, വി.ആര്‍.സുനില്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി. ചെറുപുഴ ടൗണില്‍ നടന്ന യോഗം കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.