Latest News

കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി

കാഞ്ഞങ്ങാട്: നഗരസഭാ ഭരണത്തെ ചൊല്ലി കോണ്‍ഗ്രസും ലീഗും കൊമ്പുകോര്‍ക്കുന്നതിനിടയില്‍ തന്നെ ലീഗ് കൗണ്‍സിലര്‍ രാജിവച്ചത് നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കി.
വനംവകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് പട്ടാക്കല്‍ വാര്‍ഡ് അംഗമായ ഹംസത്ത് അബൂബക്കര്‍ തല്‍സ്ഥാനം രാജിവെച്ചത്. ഇതാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാക്കിയത്.
43 അംഗ കൗണ്‍സിലില്‍ സിപിഎമ്മിന് 16, ലീഗ് 10, കോണ്‍ഗ്രസ് എട്ട്, ബിജെപി അഞ്ച്, ഐഎന്‍എല്‍ രണ്ട്, സോഷ്യലിസ്റ്റ് ജനത ഒന്ന് സ്വതന്തര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ ഹംസത്തിന്റെ രാജിയോടെ നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരിക്കയാണ്. എല്‍ഡിഎഫിനും ഐഎന്‍എല്ലിനും കൂടി 18 സീറ്റുളളപ്പോള്‍ ഹംസത്തിന്റെ രാജിയോടെ യുഡിഎഫിന്റെ അംഗബലം പതിനെട്ടായി ചുരുങ്ങിയിരിക്കയാണ്.
ഹംസത്ത് തന്റെ രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിനും നഗരസഭാ സെക്രട്ടറിക്കും കൈമാറി. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന ഹംസത്തിനെ ചെയര്‍പേഴ്‌സണാക്കാമെന്ന ഉറപ്പിലാണ് രാജിവയ്പിച്ചു മത്സരിപ്പിച്ചിരുന്നത്.
പിന്നീട് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെ ചൊല്ലി ലീഗിനകത്തുണ്ടായ ഗ്രൂപ്പുപ്രവര്‍ത്തനം മൂലം ഹംസത്തിനെ ഒഴിവാക്കി ഹസീന താജുദ്ദീനെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.
ലീഗിനൊപ്പം നഗരസഭാ ഭരണത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഉചിതമായ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയിരുന്നു.
നഗരസഭാ ഭരണത്തിലെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ശേഷം ന്യൂനതകളെല്ലാം ലീഗിനു മേല്‍ കെട്ടിവച്ച് കൈകഴുകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നഗരസഭയിലെ യുഡിഎഫ് സംവിധാനം നിലനിര്‍ത്തേണ്ടത് എല്ലാ ഘടകകക്ഷികളുടേയും ബാധ്യതയാണെന്നുമായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ലീഗ് മറുപടി നല്‍കിയിരുന്നത്.
ഈ തമ്മിലടിയ്ക്കിടയില്‍ തന്നെയാണ് ലീഗ് അംഗം ഹംസത്ത് അബൂബക്കറിന്റെ രാജിയും ലീഗിന് തിരിച്ചടിയായത്. ഇടതു-യുഡിഎഫ് മുന്നണികള്‍ കക്ഷിനിലയില്‍ ഒപ്പത്തിനൊപ്പമായതിനാല്‍ ഇനി ബിജെപിയുടെ അഞ്ചംഗങ്ങളുടെ പിന്തുണയില്ലാതെ ആര്‍ക്കും നഗരസഭാ ഭരണം കയ്യാളാന്‍ കഴിയാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.
ഹംസത്തിന്റെ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ഇവിടെനിന്ന് യുഡിഎഫ് അംഗം ജയിക്കുകയും ചെയ്്താല്‍ മാത്രമേ നഗരസഭയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും ഭരണം തുടരാന്‍ സാധിക്കുകയുളളു.
ഉപതെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്നതിനെ സംബന്ധിച്ച് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുമ്പോള്‍ തന്നെ ഇതിന് ഏറെ കാലതാമസമെടുക്കും. അതുവരെ നിര്‍ണായക തീരുമാനങ്ങളൊന്നും നഗരസഭയില്‍ എടുക്കാന്‍ കൗണ്‍സിലിന് സാധിക്കാത്ത അവസ്ഥയാണുളളത്. ലീഗ് അംഗത്തിന്റെ രാജിയോടെ ന്യൂനപക്ഷമായ യുഡിഎഫ് നഗരസഭാ ഭരണത്തില്‍ നിന്നു രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
(Deepika)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.