Latest News

ദേവസ്വം ബോര്‍ഡ്‌ ഓഫീസില്‍ പട്ടാപ്പകല്‍ മദ്യപാനം

ആലുവ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പൊതുമരാമത്ത്‌ ഓഫീസില്‍ പട്ടാപ്പകല്‍ മദ്യപാനം. എക്സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ കാര്യാലയത്തിലാണ്‌ ജീവനക്കാര്‍ കരാറുകാര്‍ക്കൊപ്പം മദ്യപിക്കുന്നതായി കണ്ടെത്തിയത്‌.
ശിവരാത്രിയോടനുബന്ധിച്ച്‌ കരാറുകാര്‍ ജീവനക്കാര്‍ക്ക്‌ നടത്തിയ മദ്യസല്‍ക്കാരമായിരുന്നു ഇതത്രെ. ശിവരാത്രിക്ക്‌ സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ഓഫീസിലെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ്‌ മദ്യസല്‍ക്കാരം കണ്ടത്‌. ആര്‍എസ്‌എസ്‌ ജില്ലാ ബൗദ്ധിക്‌ പ്രമുഖ്‌ സുനില്‍കുമാര്‍, ബിജെപി ടൗണ്‍ പ്രസിഡന്റ്‌ എ.സി. സന്തോഷ്കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌, താലൂക്ക്‌ സെക്രട്ടറി രമണന്‍ ചേലക്കുന്ന്‌, വിഎച്ച്പി ജില്ലാ ട്രഷറര്‍ ശശി തുരുത്ത്‌, പി.സി. ബാബു, എ.എന്‍. സഹദേവന്‍, ഉളിയന്നൂര്‍ രാമന്‍ നമ്പൂതിരി, വെളിയത്തുനാട്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എസ്‌.ബി. ജയരാജ്‌ എന്നവര്‍ ഇതുസംബന്ധിച്ച്‌ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. മേശപ്പുറത്തെ സര്‍ക്കാര്‍ ഫയലുകള്‍ക്കിടയിലാണ്‌ മദ്യക്കുപ്പിയും ഗ്ലാസും വെള്ളവും ചിക്കന്‍ ബിരിയാണിയും കണ്ടത്‌.
പ്രശ്നം വഷളായതോടെ ഓഫീസിലെ ജീവനക്കാര്‍ ആദ്യം രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന കരാറുകാര്‍ സംഭവസ്ഥലത്തുനിന്നും മുങ്ങി. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പോലീസിനെയും മുതിര്‍ന്ന ഓഫീസര്‍മാരെയും ഫോണ്‍ വിളിക്കുന്നതിനിടെ ജീവനക്കാരും ഓടിരക്ഷപ്പെട്ടു. ഒന്നാം ഗ്രേഡ്‌ സര്‍വേയറായ കെ.എം. സ്വാമി, മൂന്നാം ഗ്രേഡ്‌ സര്‍വേയറായ അനില്‍കുമാര്‍ എന്നിവരാണ്‌ ഓഫീസിലെ ജീവനക്കാര്‍. പാര്‍ട്ട്ടൈം സ്വീപ്പര്‍കൂടി ഉണ്ടെങ്കിലും അവര്‍ ശിവരാത്രി ഡ്യൂട്ടിയോടനുബന്ധിച്ച്‌ മണപ്പുറത്തേക്ക്‌ പോയിരിക്കുകയായിരുന്നു.
പൊതുസ്ഥലത്ത്‌ മദ്യപിച്ചതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.