Latest News

ജസീറയുടെ പോരാട്ടം നാളെകള്‍ കടലെടുക്കാതിരിക്കാന്‍

കണ്ണൂര്‍: പ്രകൃതിയെയും പരിസ്ഥിതിയെയും പറ്റിയുള്ള വലിയ പാഠങ്ങളൊന്നും ജസീറയ്ക്കറിയില്ല. പക്ഷേ ഒന്നറിയാം തീരത്തുനിന്ന് ഇങ്ങനെ മണലെടുപ്പ് തുടങ്ങിയാല്‍ കടല്‍ഭിത്തി കടന്ന് വെള്ളം കരയിലേക്ക് അടിച്ചുകയറും. ബാല്യം പിച്ചവെച്ചു നടന്ന ഈ തീരവും ഇവിടത്തെ വീടുകളും കടലെടുക്കും. നാളെകള്‍ കടലെടുത്ത് പോകാതിരിക്കാനുള്ള ജസീറയെന്ന വീട്ടമ്മയുടെ പോരാട്ടം തുടങ്ങുന്നത് അങ്ങനെയാണ്.
കൈക്കുഞ്ഞിനെയുമെടുത്ത് മറ്റ് രണ്ടു കുഞ്ഞുപെണ്‍കുട്ടികളുടെ കൈയുംപിടിച്ച് പഴയങ്ങാടി നീരൊഴുക്കുംചാലിലെ ജസീറ മണലെടുക്കാനെത്തുന്ന ടിപ്പറിന് മുന്നിലിരുന്ന് സമരം തുടങ്ങി. അതും കളക്ടര്‍മാരെപ്പോലും ആക്രമിച്ച് സൈ്വരവിഹാരം നടത്തുന്ന മണല്‍മാഫിയക്കെതിരെ.
2012 മെയ് മുതല്‍ ഇന്നുവരെയുള്ള ജസീറയുടെ പോരാട്ടത്തിന് ഒരാളുടെയും പിന്തുണയില്ല. സ്ത്രീ സുരക്ഷയെന്ന മുദ്രാവാക്യവുമായി ഒരു വനിതാദിനം എത്തുമ്പോള്‍ സ്വന്തം സുരക്ഷമറന്ന് നാടിന്റെ സുരക്ഷയ്ക്കായാണ് ജസീറയുടെ പോരാട്ടം.
പഴയങ്ങാടി നീരൊഴുക്കുംചാല്‍ പ്രദേശത്തെ ഭരണം മണല്‍മാഫിയയുടെ കൈകളിലെത്തിയെന്ന് തോന്നിയപ്പോഴാണ് വടക്കന്‍ ഹൗസില്‍ ജസീറയുടെ ഒറ്റയാള്‍ പോരാട്ടം തുടങ്ങിയത്. പ്രദേശത്തെ യുവാക്കളെല്ലാം മണല്‍മാഫിയക്കാരുടെ കൈകളിലെത്തിയെന്ന് വ്യക്തമായപ്പോള്‍ സ്വന്തം മൊബൈല്‍ഫോണ്‍ മാത്രം ആയുധമാക്കി ജസീറയിറങ്ങി. രണ്ടുതവണ മര്‍ദനമേറ്റിട്ടും ചുറ്റുമുള്ളവര്‍ ഒറ്റപ്പെടുത്തിയിട്ടും ജസീറ തളര്‍ന്നില്ല. മണല്‍ക്കടത്തുകാരുടെ ഫോട്ടോയെടുത്ത് പോലീസില്‍ തെളിവുസഹിതം പരാതി നല്‍കി. അന്ന് രാത്രി ചിലരെത്തി ജസീറയെ ഭീഷണിപ്പെടുത്തി. ആ ഭീഷണിയോടെ ജസീറ ഉറപ്പിച്ചു; ഇനി ഒരു തരിമണ്ണ് വിട്ടുനല്‍കില്ലെന്ന്.
അരമണിക്കൂര്‍ ഇടവിട്ട് ഇവിടേക്ക് പാഞ്ഞെത്തിയിരുന്ന ടിപ്പറുകള്‍ ജസീറയുടെ ഇടപെടലോടെ അപ്രത്യക്ഷമായി. 'പണ്ട് ഞങ്ങള്‍ ഈ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയിരുന്നു. ഈ തീരത്തിലൂടെ മാട്ടൂല്‍വരെ നടന്നുപോയിരുന്നു അതെല്ലാമില്ലാതാക്കിയത് ഈ മണലെടുപ്പാണ്. ഇവിടത്തെ ചെറുപ്പക്കാരെയും ഇത് നശിപ്പിക്കും'-ജസീറ പറയുന്നു.
ടിപ്പറുകളുടെ വരവ് നിലച്ചപ്പോള്‍ അയല്‍വാസികള്‍ക്കെല്ലാം ജസീറ പ്രിയപ്പെട്ടവളായി. അവരെല്ലാം നിശ്ശബ്ദമായി ജസീറയെ പിന്തുണച്ചു. പിന്നീട് പ്രദേശത്തെ ചിലര്‍ കൊട്ടകളിലാക്കിയും മറ്റും മണല്‍ക്കടത്ത് തുടങ്ങി. മണലെടുത്ത് മറ്റെവിടെയെങ്കിലും കൊണ്ടുപോയി തട്ടി പായ്ക്കറ്റിലാക്കി വില്പന നടത്തുന്ന രീതിവന്നു. ഇവരെയും മണലെടുക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ടിപ്പറില്‍ മണ്ണ് കടത്തിയവര്‍ രംഗത്തെത്തി. പിന്നീട് ഇവരെല്ലാം ചേര്‍ന്ന് മണലെടുപ്പ് തുടങ്ങിയതോടെ ജസീറ എതിര്‍ത്തു. കൈക്കോട്ടിന് മുകളില്‍ കയറിയിരുന്ന് സമരം തുടങ്ങി. ഇതോടെ കൊട്ടയില്‍ മണലെടുക്കുന്ന സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ജസീറയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ജസീറ വീട്ടില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയതിന് പിറ്റേദിവസവും സ്ത്രീകള്‍ മണലെടുക്കുന്നത് കണ്ട് അവര്‍ പോലീസിനെ വിവരമറിയിച്ചു. തന്നെ ഭീഷണിപ്പെടുത്തിയവര്‍ക്കും രണ്ടുതവണ മര്‍ദ്ദിച്ചവര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മണലെടുക്കുന്ന പ്രദേശവാസികള്‍ക്ക് പോലീസും കൂട്ടുനില്‍ക്കുന്നതായാണ് ജസീറയുടെ ആരോപണം. കളക്ടറെ കണ്ട് വിവരം ധരിപ്പിക്കാനാണ് ജസീറയുടെ തീരുമാനം.
എറണാകുളത്ത് മദ്രസ അധ്യാപകനാണ് ഭര്‍ത്താവ് അബ്ദുള്‍സലാം. സലാമിന്റെ നാടായ കോട്ടയത്തുനിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസവത്തിനായാണ് ജസീറ താന്‍ ജനിച്ചുവളര്‍ന്ന വീട്ടിലെത്തിയത്. പ്രസവം കഴിഞ്ഞ് മെയ് മാസത്തോടെ ഭര്‍ത്താവുപോലും ഒപ്പമില്ലാതെ കൈക്കുഞ്ഞുമായി മണല്‍മാഫിയക്കെതിരായ പോരാട്ടവും തുടങ്ങി. റിസ്‌വാന, ഷിഫാന എന്ന മറ്റ് രണ്ടുമക്കള്‍ മാത്രമായിരുന്നു കൂട്ട്.
മണലെടുക്കുന്ന സ്ഥലം കാണിച്ചുതന്ന് ജസീറ സംസാരിച്ചു തുടങ്ങിയപ്പോള്‍ തങ്ങളെ തൊഴിലെടുത്ത് ജീവിക്കാന്‍ ഇവള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഒരുകൂട്ടം സ്ത്രീകളും പുരുഷന്മാരുമെത്തി. അവര്‍ ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും വളഞ്ഞിട്ടും അവര്‍ക്ക് നടുവില്‍ ഒട്ടും കൂസലില്ലാതെ ജസീറ നിന്നു.
കടപ്പാട്: ടി.സൗമ്യ (മാതൃഭൂമി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.