Latest News

ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍: ഇ. അഹമ്മദ്

മലപ്പുറം: ന്യൂനപക്ഷ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മൂന്നോട്ട് പോയതായി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ ഇത് വിനിയോഗിക്കുന്നതില്‍ പലരും പുറകിലാണ്. പദ്ധതികളെ കുറിച്ചുള്ള അറവില്ലായ്മയാണ് ഇതിന് കാരണം. അപേക്ഷ സമര്‍പ്പിക്കുന്നതിലെ അപാകത കാരണം പല ഫണ്ടുകളും ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്. അപാകതകള്‍ പരിഹരിച്ച് അര്‍ഹതപ്പെട്ടവ വാങ്ങിയെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി, എംഎല്‍എമാരായ പി. ഉബൈദുല്ല, കെ. മുഹമ്മദുണ്ണി ഹാജി, എം. ഉമ്മര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട്, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യം വികസിപ്പിക്കുന്നതിനുള്ള ഗ്രാന്‍ഡാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 123 സ്ഥാപനങ്ങള്‍ക്ക് ആദ്യ ഗഡുവായി 26.59 ലക്ഷം ഞായറാഴ്ച വിതരണം ചെയ്തു. 50 ലക്ഷം വരെയാണ് ഒരു സ്ഥാപനത്തിന് പരമാവധി നല്‍കുക. 75 ശതമാനം കേന്ദ്ര വിഹിതം നല്‍കും. ശേഷിക്കുന്നവ മാനേജ്‌മെന്റ് നല്‍കണം. ആദ്യ ഗഡു ചെലവഴിച്ചതിന്റെ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അടുത്തത് ലഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.