Latest News

കാമുകിയെ കൊന്ന് വളര്‍ത്തുനായയ്ക്ക് കൊടുത്ത ഫുട്‌ബോള്‍ താരത്തിന് 22 വര്‍ഷം തടവ്

ബ്രസീല്‍: സ്വന്തം കുഞ്ഞിന് ജന്‍മം നല്‍കിയതിന്റെ പേരില്‍ കാമുകിയെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വളര്‍ത്തുനായയ്ക്ക് ഭക്ഷണമായി നല്‍കിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിന് 22 വര്‍ഷം തടവ്. റിയോ ഡി ജനീറോയിലെ പ്രശസ്ത ക്ലബ്ബായ ഫ്‌ളെമിംഗോയുടെ ഗോള്‍കീപ്പര്‍ 28 കാരനായ ബ്രൂണോ ഫെര്‍ണാണ്ടസ് ഡിസൂസയാണ് ശിക്ഷിക്കപ്പെട്ടത്.
നേരത്തെ കുറ്റം നിഷേധിച്ചിരുന്ന ഇയാള്‍ ബുധനാഴ്ച കോടതിക്കു മുന്‍പാകെ കുറ്റം സമ്മതിക്കുകയായിരുന്നു. 2010 മധ്യത്തോടെയായിരുന്നു കൊലപാതകം നടന്നത്. 25 കാരിയും മോഡലുമായിരുന്ന എലിസ സമുഡിയോയെ ആണ് ഉറ്റചങ്ങാതി ലൂയിസ് ഹെന്റിക് റോമോവ് ഏര്‍പ്പെടുത്തി നല്‍കിയ വാടകക്കൊലയാളിയെ കൊണ്ട് ബ്രൂണോ കൊല്ലിച്ചത്. ബ്രൂണോയില്‍ നിന്ന് സമുഡിയോ ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ വിവാഹിതനായ ബ്രൂണോയ്ക്ക് ഈ കുട്ടി ജനിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. ഗര്‍ഭം അലസിപ്പിക്കണമെന്ന ബ്രൂണോയുടെ നിര്‍ദേശം അവഗണിച്ചതിനായിരുന്നു കൊലപാതകം. പ്രസവത്തിന് ശേഷം നാല് മാസം കഴിഞ്ഞപ്പോഴായിരുന്നു കൊലപാതകം. ബ്രൂണോയുടെ സുഹൃത്ത് റൊമോവിന് 15 വര്‍ഷത്തെ ശിക്ഷയും വിധിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയ വാടകക്കൊലയാളി മുന്‍ പോലീസുകാരന്‍ കൂടിയായ മാര്‍ക്കോസ് സാന്റോസിന്റെ ശിക്ഷ പിന്നീട് വിധിക്കും. ഒരു ഹോട്ടലില്‍ നിന്നും സമുഡിയോയെ തട്ടിക്കൊണ്ടു വന്ന് അജ്ഞാതകേന്ദ്രത്തില്‍ വെച്ചായിരുന്നു കൊല നടത്തിയതെന്ന് ബ്രൂണോ പറഞ്ഞു. വളര്‍ത്തുനായയ്ക്ക് കുറച്ചുഭാഗങ്ങള്‍ നല്‍കിയ ശേഷം മൃതദേഹം ഇവര്‍ കത്തിച്ചുകളയുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ബ്രസീല്‍ ദേശീയ ടീമില്‍ ബ്രൂണോ ഇടംപിടിച്ചേക്കുമെന്ന് വരെ സൂചനയുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.