Latest News

ആവേശമായി കെ.എം.സി.സി. കോഴിക്കോട് ജില്ലാ കായികോത്സവം

ദോഹ:ഖത്തര്‍ അത്‌ലറ്റിക് ഫെഡറേഷനുമായി സഹകരിച്ച് ഖത്തര്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന കായികോത്സവത്തിന്റെ സമാപനമത്സരങ്ങള്‍ ആവേശകരമായ മാര്‍ച്ച്പാസ്റ്റോടുകൂടി അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ സമാപിച്ചു. പഞ്ചഗുസ്തി, സ്ലോസൈക്ലിങ് എന്നിവ രാവിലെ 6.30 മുതല്‍ വിവിധ വേദികളില്‍ നടന്നു. വാശിയേറിയ കമ്പവലി മത്സരങ്ങളുടെ പ്രാഥമികറൗണ്ട് മത്സരങ്ങള്‍ക്കുശേഷം മൂന്നിന് ജില്ലയിലെ പന്ത്രണ്ടുമണ്ഡലങ്ങളുടെ കീഴില്‍ കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, തുടങ്ങിയ പരമ്പരാഗത മാപ്പിളകലകള്‍, കരാട്ടെ, കളരിപ്പയറ്റ് തുടങ്ങിയ ആയോധനകലകള്‍, പരമ്പരാഗത അറബിക് നൃത്തങ്ങള്‍, മുത്തുക്കുടയും തോരണങ്ങളും ഏന്തിയ ബാലികാബാലന്മാര്‍, ബാന്‍ഡ്, ചെണ്ട വാദ്യങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങി വിവിധ ഇനം പ്രദര്‍ശനങ്ങളുമായി നൂറുകണക്കിന് കലാകാരന്മാരും കായിക താരങ്ങളും പ്രവര്‍ത്തകരും അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച്പാസ്റ്റ് നടന്നു. ചൂരക്കൊടി കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രകടനം ഉറുമി വീശല്‍ എന്നിവയുണ്ടായിരുന്നു. ഖത്തര്‍ 2022 പ്രതിനിധി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് ആരോര, കേരള വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉള്‍പ്പെടെയുള്ളവര്‍ അര മണിക്കൂറിലധികം നീണ്ടുനിന്ന മാര്‍ച്ച്പാസ്റ്റ് വീക്ഷിക്കാന്‍ തങ്ങിയിരുന്നു. കുറ്റിയാടി, വടകര, കൊയിലാണ്ടി, നാദാപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളുടെ പ്രകടനം കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നവ്യാനുഭവമായി.
ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് ആരോര, ഖത്തര്‍ ഭരണാധികാരികള്‍ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനെയും ദേശീയ കായികദിനാചരണത്തെയും മുക്തകണ്ഠം പ്രശംസിച്ചു. ഈ സംരംഭത്തിനോട് ഒപ്പംചേര്‍ന്ന കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച അംബാസഡര്‍ ഈ ശ്രമങ്ങള്‍ മാതൃകാപരമാണെന്നും തുടര്‍ന്നും ഇത്തരം സംരംഭങ്ങള്‍ക്കും കെ.എം.സി.സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
ഖത്തര്‍ 2022 പ്രതിനിധി മുഹമ്മദ് അല്‍ രുമൈഹി ചടങ്ങിന് ആശംസകള്‍ നേര്‍ന്നു, സേവന്‍രത്‌ന പുരസ്‌കാരം നേടിയ കെ.എം.സി.സി. സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ കെ. മുഹമ്മദ് ഈസ്സയ്ക്ക് മന്ത്രി അബ്ദുറബ്ബ് കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെ ഉപഹാരം കൈമാറി.
ജില്ലാ പ്രസിഡന്റ് പുത്തലത്ത് അമ്മദിന്റെ അധ്യക്ഷതയില്‍ , ജനറല്‍ സെക്രട്ടറി ജാഫര്‍തയ്യില്‍ സ്വാഗതവും ഖജാന്‍ജി മുസ്തഫ ടി. നന്ദിയും പറഞ്ഞു. കായികോത്സവം 2013 മുഖ്യ പ്രായോജകരായ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പ്രതിനിധിയും കെ.എം.സി.സി. നേതാവുമായ കുഞ്ഞഹമ്മദ് പേരാമ്പ്ര, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ., സംസ്ഥാന കെ.എം.സി.സി. പ്രസിഡന്റ് പി.എസ്.എച്ച്. തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, തയമ്പത്ത് കുഞ്ഞാലി, അന്‍വര്‍ ബാബു തുടങ്ങി സംസ്ഥാന, ജില്ലാ മണ്ഡലം കെ.എം.സി.സി. ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.