1920ല്‍ പഞ്ചാബിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ച പ്രാണിനെ ചലച്ചിത്ര ലോകത്തെത്തിക്കുന്നത് എഴുത്തുകാരനായ വാലി മുഹമ്മദ് വാലിയാണ്. ദല്‍സുഖ് പഞ്ചോലിയുടെ പഞ്ചാബി ചിത്രമായ യാംല ജാഠ് ആയിരുന്നു ആദ്യ ചിത്രം. വില്ലന്‍ വേഷമണിഞ്ഞുകൊണ്ടു തന്നെയായിരുന്നു പ്രാണിന്റെ അരങ്ങേറ്റം എന്നതും ശ്രദ്ധേയമാണ്. പഞ്ചോലിയുടെ തന്നെ ഖന്‍ദാനിലൂടെയാണ് പ്രാണ്‍ ഹിന്ദിയിലേയ്ക്കും ചുവടുവച്ചത്. ഇക്കുറി ഒരു റൊമാന്റിക് നായകന്റെ വേഷമായിരുന്നു. പിന്നീട് 22 ഓളം സിനിമികളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
വിഭജനത്തോടെ ലാഹോര്‍ വിട്ട് ബോംബെയിലെത്തിയ പ്രാണിന് പിന്നീട് അവസരങ്ങള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലമായിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദേവ് ആനന്ദിന് നായകനിരയിലേയ്ക്കുള്ള വഴി തുറന്നുകൊടുത്ത സിദ്ധിയിലാണ് പ്രാണിനെ തേടി ഒരു വേഷമെത്തുന്നത്. അതും എക്കാലത്തും ഓര്‍മയില്‍ നില്‍ക്കുന്ന വില്ലന്‍ വേഷം. എഴുത്തുകാരനായ സാദത്ത് ഹസന്‍ മന്റോയും നടന്‍ ശ്യാമുമാണ് ഇതിന് വഴിവച്ചത്. ഇടയ്ക്ക് ചില റൊമാന്റിക് വേഷങ്ങള്‍ വഴിതെറ്റി വന്നെങ്കിലും ആ മുഖത്തെ വില്ലത്തരം തന്നെയാണ് ബോളിവുഡിനെ ഏറെ ആകര്‍ഷിച്ചത്. സിദ്ധിക്ക് പുറമെ ബഡി ബെഹനാണ് തുടക്കക്കാലത്തു തന്നെ പ്രാണ്‍ എന്ന വില്ലനെ ശ്രദ്ധേയനാക്കിയ മറ്റൊരു ചിത്രം.
പിന്നീടങ്ങോട്ട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായില്ല. അമ്പതുകളിലും അറുപതുകളിലും ദിലീപ് കുമാറിന്റെയും ദേവ് ആനന്ദിന്റെയും രാജ്കപൂറിന്റെയുമെല്ലാം സ്ഥിരം വില്ലനും പ്രതിനായകനുമായിരുന്നു പ്രാണ്‍ . ബച്ചനും ധര്‍മേന്ദ്രയുമെല്ലാം അടക്കിവാണ എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലുമെല്ലാം വില്ലന്‍ വേഷത്തിലെ അനിവാര്യതയായിരുന്നു പ്രാണിന്റെ സുന്ദരമായ മുഖം.
പ്രാണ്‍ സാഹിബ് എന്ന് ബോളിവുഡ് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന പ്രാണ്‍ തിന്മയുടെ പ്രതിപുരുഷനായി അരങ്ങുവാണ ആറു പതിറ്റാണ്ടുകാലം രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പ്രാണ്‍ എന്നു പേരിടാന്‍ മടിച്ചിരുന്നു എന്നത് രഹസ്യമല്ല.
അഭിനയിച്ച 350ല്‍ 250ലേറെ ചിത്രങ്ങളിലും നായകരേക്കാള്‍ പ്രാധാന്യത്തോടെയാണ് പ്രാണിന്റെ പേര് സിനിമകളുടെ ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞത്. അതുകൊണ്ടു തന്നെ തന്റെ ആത്മകഥയ്ക്ക് ... ആന്‍ഡ് പ്രാണ്‍ എന്നു പേരിടാനും ഈ നിത്യവില്ലന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല.
തൊണ്ണൂറുകളുടെ അവസാനത്തോടെ ചലചിത്രരംഗത്തു നിന്ന് ക്രമേണ പിന്‍വാങ്ങിയ പ്രാണിനെ വീണ്ടും തിരശീലയിലെത്തിച്ചത് സുഹൃത്ത് അമിതാബ് ബച്ചന്റെ നിര്‍ബന്ധമാണ്. ബച്ചന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ രംഗപ്രവേശത്തിനും കളമൊരുക്കിയത് പ്രാണായിരുന്നു. ബച്ചനെ സഞ്ജീറിന്റെ സംവിധായകന്‍ പ്രകാശ് മെഹ്‌റയ്ക്ക് പരിചയപ്പെടുത്തുന്നത് പ്രാണാണ്. ബച്ചന്റെ മൃത്യുദാദയും തേരെ മേരെ സപ്‌നെയും പോലുള്ള ചില ചിത്രങ്ങള്‍ ചെയ്‌തെങ്കിലും അനാരോഗ്യം കാരണം പ്രാണ്‍ പതുക്കെ വെള്ളിത്തരയില്‍ നിന്ന് സ്വയം പിന്‍വാങ്ങി. പിന്നീട് അപൂര്‍വം ചില ഗസ്റ്റ് റോളുകളില്‍ ഒതുങ്ങി ബോളിവുഡിലെ പ്രാണിന്റെ സാന്നിധ്യം. ഇക്കഴിഞ്ഞ ഫിബ്രവരി 12നായിരന്നു തൊണ്ണൂറ്റി മൂന്നാം പിറന്നാള്‍ .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment