ഹൈകോടതി വിധിയറിഞ്ഞതിനു പിന്നാലെ ഹൈറുന്നീസക്ക് മധുരം നല്‍കി ആഹ്ളാദം പങ്കിടുന്ന അധ്യാപകര്‍ |
കോഴിക്കോട്: ഹൈറുന്നീസ കാത്തിരുന്ന വാര്‍ത്തയുമായി ചൊവ്വാഴ്ച ഉച്ചയോടെ എറണാകുളത്തുനിന്ന് രാജന്‍ മാഷുടെ വിളിയെത്തി. ഇതുവരെ പഠിച്ച കോഴിക്കോട് നന്തിയിലെ വന്മുഖം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ ബുധനാഴ്ച മുതല്‍ അവള്‍ എട്ടാം ക്‌ളാസുകാരിയാകും. പ്രിയപ്പെട്ട ടീച്ചര്‍മാരുടെയും കൂട്ടുകാരുടെയും കണ്‍മണിയായി വലിയ സ്വപ്നങ്ങളിലേക്ക് പഠനം തുടരും. ഏഴാം ക്‌ളാസുവരെ പഠിച്ച യു.പി സ്‌കൂള്‍, ഹൈസ്‌കൂളാക്കിയ ഉത്തരവ് ചോദ്യം ചെയ്ത് എയ്ഡഡ് മേഖലയിലുള്ള ചിങ്ങപുരം സി.കെ.ജി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജി ഹൈകോടതി തള്ളിയതോടെയാണ് പാതിവഴിയില്‍ ഞെട്ടറ്റുവെന്ന് കരുതിയ പഠന സ്വപ്നങ്ങള്‍ വീണ്ടും തളിര്‍ത്തത്.
ജന്മനാ അരക്കുതാഴെ അവശയായ ഹൈറുന്നീസയുടെ എട്ടാം ക്‌ളാസ് പഠനം നിയമക്കുരുക്കിലായത് വാര്‍ത്തയായിരുന്നു. അനുകൂല വിധിയുണ്ടായതോടെ ബുധനാഴ്ചതന്നെ എട്ടാം ക്‌ളാസ് ആരംഭിക്കുമെന്ന് പ്രധാനാധ്യാപകന്‍ രാജന്‍ പഴങ്കാവില്‍ അറിയിച്ചു. ദൂരപരിധി പരിഗണിക്കാതെ സര്‍ക്കാര്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് തടയാന്‍ സമീപത്തെ സ്‌കൂളിന്റെ നിലനില്‍പിനെ ബാധിക്കുമെന്ന വാദം മതിയായ കാരണമല്ലെന്ന് ഹരജി തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ ആവശ്യം പരിഗണിച്ച് സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ശരിയും തെറ്റും കോടതിക്ക് പരിശോധിക്കാനാവില്ലെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു സ്‌കൂള്‍ അനുവദിക്കാന്‍ ചട്ടപ്രകാരം കഴിയില്ലെന്നും ഇതുമൂലം വിദ്യാര്‍ഥികള്‍ കുറയാനും അധ്യാപകരുടെയും സ്‌കൂളിന്റെയും നിലനില്‍പ് ഇല്ലാതാകാനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എയ്ഡഡ് സ്‌കൂള്‍ കോടതിയെ സമീപിച്ചത്.
അപ്‌ഗ്രേഡ് ചെയ്യുന്ന സ്‌കൂളിന് തങ്ങളുടേതില്‍നിന്ന് മൂന്നര കിലോമീറ്റര്‍ മാത്രം ദൂരപരിധിയാണുള്ളതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസ ആവശ്യമാണ് സ്‌കൂള്‍ അനുവദിക്കുന്നതില്‍ പരിഗണിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ മൂന്നു കിലോമീറ്ററിനകത്തും മറ്റൊരു സ്‌കൂള്‍ കൂടി അനുവദിക്കാന്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ചട്ടമുണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
സര്‍ക്കാറിനുവേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ. ജലീല്‍, സ്‌പെഷല്‍ ഗവ. പ്‌ളീഡര്‍ ടി.ടി. മഹമൂദ് എന്നിവര്‍ ഹാജരായി.
(കടപ്പാട്: മാധ്യമം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment