Latest News

കപ്പലില്‍ നിന്ന് ദുരിതവാര്‍ത്തകള്‍ മാത്രം

ദുബായ്: ഫുജൈറയിലെ ഖോര്‍ഫഖാന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന അയണ്‍ മോംഗര്‍ എന്ന ചരക്കുകപ്പലില്‍ കുടുങ്ങിയ ജീവനക്കാര്‍ക്ക് പറയാന്‍ ദുരിതകഥകള്‍ മാത്രം. കഴിഞ്ഞദിവസം കപ്പലിലെ ഇന്ധനം തീര്‍ന്നതോടെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. രണ്ടാംദിവസമായ ചൊവ്വാഴ്ചയും ഇന്ധനവുമായി ആരും എത്തിയില്ല. കപ്പല്‍ ഉപേക്ഷിച്ചതായി അറിയിച്ച കമ്പനി അധികൃതരോ അവരുടെ ഇവിടത്തെ ഏജന്റോ പക്ഷേ, ഇപ്പോഴും കപ്പലിലെ പതിനൊന്ന് ജീവനക്കാരുടെ കാര്യത്തില്‍ ഒന്നും പറയുന്നില്ല. നാല് മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യന്‍ എംബസിക്കും ഇക്കാര്യത്തില്‍ ഇപ്പോള്‍ മൗനമാണ്.

ഇന്ധനം തീര്‍ന്നതോടെ കപ്പലില്‍ എമര്‍ജന്‍സി ലൈറ്റുകള്‍ മാത്രമാണ് തിങ്കളാഴ്ച കത്തിയത്.
മുറികളില്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിച്ചില്ല. ഇതുകാരണം എല്ലാ ജീവനക്കാരും കപ്പലിന്റെ ഡെക്കിലാണ് കിടന്നത്. കത്തുന്ന വെയിലിലും കടുത്ത ചൂടിലും ആകെ വെന്തുരുകുകയാണ് എല്ലാവരും. എങ്ങനെയെങ്കിലും കപ്പലില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കണമെന്നാണ് അവരെല്ലാം ഒരേസ്വരത്തില്‍ അഭ്യര്‍ഥിക്കുന്നത്.

തിങ്കളാഴ്ച യു.എ.ഇ. യുടെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പ്രതിനിധി കപ്പലില്‍ എത്തി സ്ഥിതിഗതികള്‍ ആരാഞ്ഞു. തികച്ചും അപകടകരമായ സ്ഥിതിയിലുള്ള കപ്പലില്‍ ജീവനക്കാര്‍ ഇത്രയും കാലം എങ്ങിനെ കഴിഞ്ഞു എന്നാണ് അദ്ദേഹം അദ്ഭുതത്തോടെ ചോദിച്ചതെന്ന് കപ്പലിലുള്ള തിരുവനന്തപുരം സ്വദേശി ശ്രീജിത് പറഞ്ഞു.

കപ്പലിലെ അഗ്‌നിബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന അലാറം സംവിധാനം തകര്‍ന്ന നിലയിലാണ്. വൈദ്യുതലൈനുകളും സ്വിച്ച് ബോര്‍ഡുകളും അപകടനിലയിലാണ്. ജലവിതരണക്കുഴലുകളെല്ലാം ദ്രവിച്ച അവസ്ഥയിലാണ്.

എങ്ങനെയെങ്കിലും ഈ കപ്പലില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷ മാത്രമാണ് ഇപ്പോള്‍ എല്ലാവരും മുന്നോട്ടുവെക്കുന്നത്. ജനവരി മുതലുള്ള വേതനവും ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ ഇപ്പോള്‍ യാതൊരു പ്രതീക്ഷയും ഇല്ലെന്നും ജീവനക്കാര്‍ പറയുന്നു. ഖോര്‍ഫഖാന്‍ തുറമുഖത്തിന്റെ നിയന്ത്രണം ഷാര്‍ജ ഗവണ്‍മെന്റിനാണ്. അവര്‍ ഉടനടി കപ്പല്‍ അറസ്റ്റ് ചെയ്യുകയാണ് ഇനി രക്ഷപ്പെടാനുള്ള ഏക വഴിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News







No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.