Latest News

വിമാനത്താവളഭൂമിയിലെ കുടിലുകളില്‍ ഓണത്തിന് കണ്ണീര്‍പൂക്കളം

പത്തനംതിട്ട:പുലിക്കളിയും ഊഞ്ഞാലാട്ടവും സദ്യവട്ടവുമൊക്കെയായി നാട് ഓണാഘോഷത്തിലേക്കമരുമ്പോള്‍ ആറന്മുളയുടെ വിവാദ ഭൂമിയില്‍ കണ്ണീര്‍പ്പൂക്കളം തീര്‍ത്ത് ഓണത്തിന്റെ കാഴ്ചക്കാരാവുകയാണ് ഒരു സമൂഹം.

വിമാനത്താവളഭൂമിയില്‍ ഓണത്തിന് സമ്പദ്‌സമൃദ്ധിയുടെ മുഖമില്ല. ഒരുനേരമെങ്കിലും അടുപ്പില്‍ തീപുകയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവിടെയുള്ളവര്‍. സ്ഥിരതാമസക്കാരായ 200 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 20 കുട്ടികള്‍ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. സഹപാഠികള്‍ക്ക് വീട്ടിലെത്തിയാല്‍ ഇനിയും തിരുവോണത്തിന്റെ താളമുണ്ട്. വെള്ളിയാഴ്ച സ്‌കൂളടച്ച് മടങ്ങിയെത്തിയതോടെ വിമാനത്താവളഭൂമിയിലെ കുട്ടികളുടെ ഓണം പൂര്‍ണമായി.

അഞ്ച് മക്കളെ ചേര്‍ത്തുപിടിച്ച് കുടിലിലിരിക്കുന്ന ബിന്ദുവിനോട് ഓണത്തെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടിയായെത്തിയത് കണ്ണുനീര്‍ മാത്രം. ഓണക്കോടിയും ഓണസമ്മാനവും വയറുനിറച്ച് സദ്യയുമൊക്കെ മക്കള്‍ക്ക് നല്‍കേണ്ട ഒരമ്മയുടെ നിസ്സഹായാവസ്ഥയുടെ നേര്‍ക്കാഴ്ച. മറ്റിടങ്ങളിലേയും സ്ഥിതി ഇതുതന്നെ. ഓണക്കാലമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായത്തിനും ആരുമെത്തിയിട്ടില്ലെന്ന് കുടിലുകളിലുള്ളവര്‍ പറഞ്ഞു. 

വെള്ളപ്പൊക്കത്തിന് അനുവദിച്ച റേഷന്‍പോലും കൊടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.മഴ വീണ്ടും തുടങ്ങിയതോടെ പല കുടിലുകളിലും തീപുകയുന്നത് സമയംനോക്കി മാത്രം. നികത്തിയ ഭൂമിയില്‍ നട്ട കപ്പ വിളഞ്ഞുതുടങ്ങിയതു മാത്രമാണ് ആകെയുള്ള ആശ്വാസം. മിക്കയിടത്തും മൂന്നുനേരവും കപ്പയാണ് ഓണവിഭവം. പുറംജോലികള്‍ക്ക് പോയിരുന്നവര്‍ക്കൊക്കെയും മഴയായതോടെ പണിയില്ലാതെയായി. വെള്ളം കയറിയിറങ്ങിയ സ്ഥലത്ത് ആഫ്രിക്കല്‍ പായല്‍ ചീഞ്ഞുകിടക്കുന്നു. പല കുടിലുകളിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 

ആരോഗ്യവകുപ്പിന്റെ സംഭാവന ബ്ലീച്ചിങ് പൗഡറിന്റെ കുറെ പായ്ക്കറ്റുകള്‍ മാത്രം. മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗര്‍ പൊളിച്ചപ്പോള്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത കുടിലുകെട്ടാന്‍ നല്‍കിയ ഓലക്കീറുകള്‍ ജീര്‍ണിച്ച് തുടങ്ങി. പലയിടത്തും മഴ നേരിട്ട് കുടിലുകളില്‍ പതിക്കുന്നു. ഇങ്ങനെ നീളുന്നു ദുരിതങ്ങള്‍. മൂന്നടി മണ്ണു നല്‍കാന്‍ എല്ലാം ത്യജിച്ച മഹാമനസ്സ്, ഒരു തുണ്ട് ഭൂമിക്കുവേണ്ടിയുള്ള പോരാട്ടവും ദുരിതവും കണ്ടറിയാനെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, Aranmula, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.