Latest News

തോണി പഴങ്കഥയായി ദ്വീപുകാര്‍ ബസ് യാത്രയുടെ ആഹ്ലാദത്തില്‍


തൃക്കരിപ്പൂര്‍: വലിയപറമ്പിനെയും ഇടയിലക്കാടിനെയും ബന്ധിപ്പിക്കുന്ന വെള്ളാപ്പ് പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആയിറ്റി കടവ് വിസ്മൃതിയിലേക്ക് മറയുകയാണ്. മറുകര താണ്ടാന്‍ തോണിയാത്രയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതിരുന്ന വലിയപറമ്പ് ദ്വീപ് നിവാസികള്‍ക്ക് വെള്ളാപ്പ് പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ ലഭിക്കുന്നത് പുതുജീവന്‍. പാലത്തിന്റെ ഉദ്ഘാടനത്തോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിച്ചു. ഒരു ബസ് സര്‍വ്വീസ് ആരംഭിച്ചു. 

പാലത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വലിയപറമ്പ്-പയ്യന്നൂര്‍ റൂട്ടിലേക്കുള്ള ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു.
24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരവും മൂന്ന് തുരുത്തുകളും ചേര്‍ന്നതാണ് വലിയപറമ്പ് ഗ്രാമപഞ്ചായത്ത്. ഇവിടത്തുകാര്‍ക്ക് ഏതാവശ്യത്തിനും പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ ടൗണുകളെ ആശ്രയിക്കണമായിരുന്നു. ഇതിനായി തോണി മാത്രമാണ് ഏക യാത്രാമാര്‍ഗം. 

ജീവന്‍ പണയം വച്ചുള്ള തോണിയാത്രയ്ക്കിടയില്‍ ജീവന്‍ പൊലിഞ്ഞവരും അപകടങ്ങളും നിരവധി. സ്‌കൂളില്‍ പോയ കുട്ടികള്‍, ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി പോയ രക്ഷിതാക്കള്‍ ഇവര്‍ തിരിച്ചെത്തുന്നതു വരെ മനസ്സ് നിറയെ ആധിയുമായി കഴിയുന്ന വീട്ടുകാര്‍. ഇതായിരുന്നു വലിയപറമ്പിന്റെ ഇതുവരെയുള്ള ചിത്രം. പാലത്തോടൊപ്പം ബസ്സുകളും അനുവദിച്ചതോടെ ഇതിന്റെ ആഹ്ലാദത്തിലാണ് ഇവിടത്തുകാര്‍.
കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് ബസ്സ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ ഒരു സര്‍വ്വീസ് മാത്രമാണ് ആരംഭിച്ചിരിക്കുന്നതെങ്കിലും ഇത് വലിയ ആശ്വാസമാണെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് ശ്യമാളയും നാട്ടുകാരും ഒരേ ശബ്ദത്തില്‍ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.