Latest News

സ്വന്തം മാതാവിനെ മറക്കുന്നവര്‍ക്ക് നന്മ വിതക്കാനാവില്ല: സമദാനി


അബുദാബി: സ്വന്തം മാതാവിനെ വിസ്മരിക്കുന്ന സമൂഹത്തിന് ലോകത്ത് നന്മ വിതക്കാനാവില്ലെന്ന് സാംസ്‌കാരിക പ്രമുഖനും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു.

മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച 'അമ്മക്കൊരുമ്മ' പദ്ധതിയുദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ അടിത്തറ മാതാവിന്റെ മടിത്തട്ടാണ്.
ലോകത്തേറ്റവും വലിയ കാരുണ്യവും മാതാവാണ്. മാതാവ് എന്ന മഹാ പ്രസ്ഥാനത്തിന്റെ സന്തോഷമാണ് സമൂഹത്തില്‍ സമാധാനം പ്രദാനം ചെയ്യുക. മാനവിക നാഗരികതയുടെ സര്‍വവും സ്ഥിതി ചെയ്യുന്നത് മാതാവിന്റെ മടിത്തട്ടിലും അവരുടെ സുഖത്തിലുമാണ്. ലോക സംസ്‌കാരം വിടരുന്നതും വികാസം പ്രാപിക്കുന്നതും മാതാവിന്റെ മടിത്തട്ടിലാണെന്നും സമദാനി പറഞ്ഞു.

പ്രാപ്തരും സമ്പന്നരുമായ മക്കളുണ്ടായിട്ടും ഒറ്റപ്പെടലിന്റെയും നീറ്റലിന്റെയും ജീവിതവുമായി വൃദ്ധസദനങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ വിറങ്ങലിച്ച ജീവിതത്തെ കുറിച്ച് അറിയാത്തവര്‍ സമൂഹത്തിന്റെ തീരാ ശാപമാണ്. വൃദ്ധസദനങ്ങള്‍ കേരളത്തിലെ ദു:ഖം ഘനീഭവിക്കുന്ന ദുരന്ത ഭവനങ്ങളാണ്.

അവിടങ്ങളില്‍ നിന്നുയുരുന്ന നെടുവീര്‍പ്പുകള്‍ തീജ്വാലയുടെ ശക്തിയുള്ളതാണ്. നൊന്തു പെറ്റ മാതാവിനെ പണം കൊടുത്ത് വൃദ്ധ സദനങ്ങളില്‍ ഏല്‍പ്പിക്കുന്നവര്‍ സ്വന്തം സത്തയെ വിസ്മരിക്കുകയാണ് ചെയ്യുന്നത്.

കൊടിയ മനോവ്യഥകള്‍ക്കിടയിലും സ്വന്തം മക്കളുടെ നന്മക്കു വേണ്ടി മാതം പ്രാര്‍ത്ഥിക്കുന്ന മാസ്മരിക ഹൃദയമുള്ള മാതാവിനെ വിസ്മരിക്കുന്നവര്‍ കേരളത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. മാതാവിനെയും മാതൃഭാഷയെയും മറക്കുന്ന മലയാളി കുന്നിടിക്കുന്നതിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലും വ്യാപൃതനായി കഴിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.എം.സി.സി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനം 10 മാസം നൊന്തു പെറ്റ മാതാവിനെ ഒരു കുമ്പിള്‍ കഞ്ഞി കൊടുത്ത് വീടിന്റെ അകത്തളത്തില്‍ പോറ്റാന്‍ തയാറാവാത്തവര്‍ക്കുള്ള അതിശക്തമായ മറുപടിയാണെന്ന് സമദാനി പറഞ്ഞു.

പത്തു മാസക്കാലം മാതാവിന്റെ ഞെരമ്പുകളിലെ ചോര ഊറ്റിക്കുടിച്ചവര്‍ നെഞ്ചില്‍ കുത്തുന്നതിനെക്കാള്‍ വലിയ നന്ദികേട് മറ്റൊന്നുമില്ല. മാതാവിന്റെ നിന്ദയാണ് ലോകത്തെ ഏറ്റവും വലിയ നിന്ദയെന്ന തിരിച്ചറിവ് അള്‍ഷിമേഴ്‌സ് എന്ന മറവി രോഗം ബാധിച്ച ആധുനിക സമൂഹം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കഞ്ഞി മറന്ന മലയാളിക്ക് ചികിത്സ വൈകിപ്പോയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ക്കുള്ള സിദ്ധൗഷധമാണ് കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവര്‍ത്തനമെന്ന് നിറഞ്ഞ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സമദാനി വ്യക്തമാക്കി.

പ്രസിഡണ്ട് അസീസ് കാളിയാടന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ശുക്കൂറലി കല്ലിങ്ങല്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മണിലിപ്പുഴ ഖിറാഅത്ത് നടത്തി.

യു.എ.ഇ എക്‌സ്‌ചേഞ്ച് സി.ഒ.ഒ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ മൊയ്തു എടയൂര്‍, സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ഹസ്സന്‍ കുട്ടി മാസ്റ്റര്‍, ജന.സെക്രട്ടറി ടി.കെ ഹമീദ് ഹാജി, ട്രഷറര്‍ സി. ഷമീര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജന.സെക്രട്ടറി എം.പി.എം റഷീദ്, കെ.എസ്.സി പ്രസിഡണ്ട് വാസു, കരപ്പാത്ത് ഉസ്മാന്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ല്യാര്‍, എം.കെ മൊയ്തീന്‍, കെ.വി ഹംസ മൗലവി, യൂസുഫ് മുസ്‌ല്യാര്‍, അരീക്കോട് ബ്‌ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു. എം.പി മരക്കാര്‍ നന്ദി രേഖപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.