Latest News

പോലീസിന് നേരെ മണല്‍ മാഫിയയുടെ അക്രമം തുടര്‍ക്കഥയാകുന്നു

കാസര്‍കോട്: മണല്‍കടത്തു തടയാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും കൊല്ലാന്‍ ശ്രമിച്ചും മാഫിയ സംഘം ജില്ലയില്‍ അഴിഞ്ഞാടുന്നു. അക്രമം തടയുന്നതിനു വേണ്ടതിലേറെ പൊലീസ് സേനാംഗങ്ങളും വാഹനങ്ങളും ജില്ലയിലെ പൊലീസ് സേനയ്ക്കുണ്ടെങ്കിലും ഗുണ്ടാസംഘങ്ങളെ ഇറക്കി മണല്‍മാഫിയാ സംഘം തഴച്ചുവളരുകയാണ്.

രണ്ടു മാസത്തിനുള്ളില്‍ പത്തിലേറെ കേസുകളാണ് ജില്ലയില്‍ ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, ബേക്കല്‍, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് മണല്‍കടത്തും ഗുണ്ടാരാജും ഏറെയും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കരയില്‍ ബേക്കല്‍ എസ്ഐ എം. രാജേഷിനെയും സിവില്‍ പൊലീസ് ഒാഫിസര്‍ പ്രക്ഷോഭ് കുമാറിനെയും മണല്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് അക്രമപരമ്പരകളില്‍ അവസാനത്തേത്. എസ്ഐയുടെ പരുക്ക് സാരമുള്ളതാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും ഏറെക്കാലം വിശ്രമം ആവശ്യമാണ്.

കൊലക്കേസിലെ പ്രതിയെ തേടി വേഷം മാറി സ്വകാര്യ വാഹനത്തിലെത്തിയ കുമ്പള സിഐ സിബി തോമസിനെയും സംഘത്തെയും വേര്‍ക്കാടിയിലെ അതിര്‍ത്തിപ്രദേശത്തു ലോറിയിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതു കഴിഞ്ഞ ഒരാഴ്ച മുന്‍പ് മണല്‍മാഫിയ സംഘമാണ്. കൈകാണിച്ച് നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നു പൊലീസ് സംഘം തോക്ക് ചൂണ്ടിയാണ് കീഴ്പ്പെടുത്തിയത്.

അടുത്തിടെയാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ലോറിയുടെ മുകളില്‍ കയറി പരിശോധിക്കുന്നതിനിടെ എക്സൈസ് സംഘത്തെ തള്ളിമാറ്റി ലോറിയുമായി രക്ഷപ്പെട്ടത് മണല്‍കടത്ത് സംഘമായിരുന്നു. പിന്നീട്, ലോറി പിടികൂടിയിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. മഞ്ചേശ്വരം എസ്ഐയായിരുന്ന കെ.ബിജുലാലിനു നേരെയും മണല്‍മാഫിയയുടെ ആക്രമണമുണ്ടായി. പൊലീസ് സ്റ്റേഷനടുത്ത പാണ്ട്യാലയില്‍ നിന്നു പിടികൂടിയ മണല്‍ലോറിയുടെ പിന്നാലെ ജീപ്പിലെത്തിയ എസ്ഐയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചേറ്റുകുണ്ടില്‍ ഒരു മാസം മുന്‍പാണ് എഎസ്ഐ സംഘത്തെയും മണല്‍മാഫിയ ആക്രമിച്ചത്. ബദിയടുക്കയിലും ആദൂരിലും മണല്‍കടത്ത് പിടികൂടിയ ഷാഡോ പൊലീസിനെയും സംഘം ആക്രമിച്ച് മണല്‍ലോറിയുമായി കടന്നുകളയുകയായിരുന്നു. ബേഡകം പാണ്ടിക്കടവത്തും പൊലീസിനു നേരെ മാഫിയ സംഘത്തിന്റെ അക്രമമുണ്ടായി. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെയായി അനധികൃത കടത്തുമായി ബന്ധപ്പെട്ട് അന്‍പതോളം കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒാട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളും പൊലീസ് സംഘം പിടികൂടിയിരുന്നു. ചെങ്കള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത മണല്‍കടവുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോയ പൊലീസിനെയും റവന്യു സംഘത്തെയും തടഞ്ഞ സംഭവങ്ങള്‍ ഏറെയുണ്ട്. മുന്‍കാലങ്ങളില്‍ മണല്‍കടത്തിനെക്കുറിച്ചു പൊലീസിനു വിവരം നല്‍കിയവര്‍ക്കെതിരെ സംഘത്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതി പാടെ മാറിയിരിക്കുകയാണ്.

ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ പിടികൂടുന്ന മണല്‍കടത്ത് സംഘത്തെ വിട്ടയയ്ക്കുന്നതിനായി ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടാറുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. എന്നാല്‍ ഇതിനൊന്നും കൂട്ടുനില്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനാണ് മണല്‍ മാഫിയാ സംഘം ശ്രമിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.