Latest News

തൃക്കണ്ണാട് കടപ്പുറത്ത് ശനിയാഴ്ച പൊലീസ് ജാഗ്രത

കാസര്‍കോട്: കര്‍ക്കടകവാവ് ആയ ശനിയാഴ്ച തൃക്കണ്ണാട് കടപ്പുറത്ത് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരദേശ പൊലീസ് സേനയുടെ സേവനമുണ്ടാകും. എസ്‌ഐ ഇ.മാധവന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ മറൈന്‍ ഹോംഗാര്‍ഡ് ഉള്‍പ്പെടെ ഏഴുപേരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ലൈഫ്ജാക്കറ്റ്, ലൈഫ്‌ബോയാസ് തുടങ്ങിയ സാമഗ്രികളുമായാണ് ഇവരുടെ സേവനം. എന്നാല്‍ കടലിലിറങ്ങിയുള്ള ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധപരിശീലനം ലഭിച്ച പൊലീസുകാരില്ല. ഇതിന് മല്‍സ്യത്തൊഴിലാളിയായ സ്‌പെഷല്‍ മറൈന്‍ ഹോംഗാര്‍ഡ് മടക്കരയിലെ എം.ദാമോദരന്‍ മാത്രമാണ് തീരദേശ പൊലീസ് സേനയുടെ താങ്ങും ബലവും. പിതൃതര്‍പ്പണത്തിനും ദര്‍ശനത്തിനുമായി പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തിലും കടല്‍തീരത്തും വന്‍തിരക്കായിരിക്കും.

തര്‍പ്പണത്തിനും ദര്‍ശനത്തിനുമായി ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി അരലക്ഷത്തോളം പേര്‍ ക്ഷേത്രത്തിലെത്തുമെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ദേവസ്വം അധികൃതരുടെ അപേക്ഷയില്‍ ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരമാണ് തീരദേശ പൊലീസിന്റെ സേവനം ലഭ്യമാക്കിയത്. സിഐ, രണ്ട് എസ്‌ഐ, എഎസ്‌ഐ, എട്ടു സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, 28 സിവില്‍ പൊലീസുകാരാണ് കാസര്‍കോട് തീരദേശ പൊലീസ് സ്‌റ്റേഷനിലുള്ളത്.

കടലിലകപ്പെടുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള സാമഗ്രികള്‍ തീരദേശ പൊലീസ് നല്‍കും. കാസര്‍കോട് ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന ഗോവയില്‍ വിദഗ്ധപരിശീലനം നേടിയ മൂന്നു
മല്‍സ്യത്തൊഴിലാളികളുണ്ട്. കടലില്‍ കുടുങ്ങുന്നവരുടെ ജീവന്‍ രക്ഷയ്ക്കായി തീരദേശ പൊലീസുള്‍പ്പെടെ ഇവരെയാണ് ആശ്രയിക്കുന്നത്. അഗ്നിശമന വിഭാഗത്തിലും കടലില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധപരിശീലനം നേടിയവരില്ല. കടലിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനം നേവിയുടെ ചുമതലയാണെന്ന നിലപാടിലാണ് അഗ്നിശമന സേന. ദുരന്തനിവാരണത്തിന്റെ ഭാഗമായി എല്ലാ സേനകളിലും പൊതുജനങ്ങളിലും വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

കാസര്‍കോട് ജില്ലയില്‍ കടലിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഗോവയില്‍ പരിശീലനം നേടിയ മൂന്നു പേരുള്‍പ്പെടെ ഒന്‍പത് മല്‍സ്യത്തൊഴിലാളികളാണ് കടലിലെ ജീവന്‍ രക്ഷാസംഘമായുള്ളത്. അഴിത്തല സ്വദേശികളായ പി.മധു, വി.വി.സുധന്‍, മരക്കാപ്പ് കടപ്പുറം എം.കെ.ശശി തുടങ്ങിയവരാണ് ഇവര്‍.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.