Latest News

തീവണ്ടി തട്ടി മരിച്ച അതിഞ്ഞാല്‍ സ്വദേശിയുടെ പണവും മൊബൈലും കൊള്ളയടിച്ചു

കാഞ്ഞങ്ങാട്: പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ റെയല്‍പ്പാളത്തില്‍ മരിച്ച അതിഞ്ഞാലിലെ പരേതനായ മൊയ്തുവിന്റെ മകന്‍ പീടികക്കാല്‍ വളപ്പില്‍ പി.വി അബ്ദുള്‍ റഹിമാന്റെ(53) കൈവശമുണ്ടായിരുന്ന പണവും മൊബൈലും മറ്റ് പ്രധാനപ്പെട്ട ചില രേഖകളും കൊള്ളയടിക്കപ്പെട്ടു.

ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അബ്ദുള്‍ റഹിമാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്.. വൈകിട്ട് ആറേകാലിന് നീലേശ്വരം സ്‌റ്റേഷനില്‍ നിന്നും പാസഞ്ചര്‍ വണ്ടിയില്‍ കയറിയ അബ്ദുള്‍റഹിമാന്‍ പഴയങ്ങാടി സ്‌റ്റേഷനില്‍ വണ്ടിയിറങ്ങി ഏറ്റവും പിന്നിലുള്ള ബോഗിയുടെ അടിയില്‍ കയറി പാളത്തില്‍ തലവെച്ച് കിടന്നു. വണ്ടി നീങ്ങിയതോടെ ഉടല്‍ ഇരു പാളങ്ങളുടേയും ഇടയിലും തല പാളത്തിന് പുറത്തേക്കും വേര്‍പെട്ട് കിടന്നു.

റെയില്‍വേ സ്‌റ്റേഷനുകളില്‍ ചുറ്റിപ്പറ്റി നടക്കുന്ന സാമൂഹ്യ വിരുദ്ധരാണ് ആദ്യം മൃതശരീരം കണ്ടത്. ഇവര്‍ തന്നെ ഷര്‍ട്ടിന്റെയുംപാന്റിന്റെയും പോക്കറ്റിലുള്ള പണവും മൊബൈലും കൈക്കലാക്കിയെന്നാണ് കരുതുന്നത്. എന്നാല്‍ വാച്ച് അപഹരിച്ചില്ല. പാന്റിന്റെ ഒരു പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും അടക്കമുള്ള രേഖകള്‍ എടുത്തുവെങ്കിലും പിന്നീട് ഉപേക്ഷിച്ച നിലയിലായിരുന്നു.. ഈ രേഖയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

ആഗസ്റ്റ് രണ്ടിന് ഷാര്‍ജയില്‍ നിന്നും ഫ്‌ളൈറ്റ് കയറിയതായും മൂന്നിന് പുലര്‍ച്ചെ മുംബൈയിലെത്തിയതായും പാ സ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കണ്ണൂരിലെത്തി സിറ്റി ലോഡ്ജില്‍ മുറിയെടുത്തിരുന്നു. കണ്ണൂരില്‍ നിന്നാണ് നീലേശ്വരത്ത് എത്തിയത്. എന്നാല്‍ നീ ലേശ്വരത്ത് എന്തിന് വന്നുവെന്ന് വ്യക്തമല്ല. കണ്ണൂരിലെ ലോഡ്ജ് മുറി പഴയങ്ങാടി പോലീസ് ചൊവ്വാഴ്ച പരിശോധിക്കും. മുറിയിലുള്ള സാധനങ്ങള്‍ വിട്ടുകൊടുക്കാന്‍ കഴിയുമോയെന്ന് പോലീസ് ആലോചിക്കുന്നുണ്ട്.

നേരത്തെ ബന്ധുവിനെ കല്ല്യാണം കഴിച്ച റഹിമാന്‍ പിന്നീട് ഭാര്യയെ ഉപേക്ഷിച്ചു. മറ്റൊരു കല്ല്യാണത്തിന് ശ്രമം നടത്തിയെങ്കിലും അതിഞ്ഞാല്‍ പള്ളിയില്‍ നിന്നും എന്‍ ഒ സി കിട്ടിയില്ലെന്നാണ് അറിയുന്നത്. ഇതിനിടയില്‍ റഹിമാന് വേണ്ടി മജീദ് എന്ന സുഹൃത്ത് ബന്ധുക്കളുമായി ബന്ധപ്പെട്ട് എന്‍ ഒ സി കിട്ടാന്‍ സാധ്യതയുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ പുനര്‍വിവാഹത്തിനും രേഖകള്‍ ശരിയാക്കാനും ഇവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നില്ല.

റഹിമാന്റെ മൊബൈല്‍ നമ്പര്‍ ഇനിയും അടുത്ത ബന്ധുക്കള്‍ക്ക് പോലും അറിയില്ല. മൊബൈലില്‍ നിന്നും വിളിച്ച നമ്പരുകള്‍ പരിശോധിച്ചാല്‍ മരണ കാരണം ഒരു പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് ബന്ധുക്കളില്‍ ചിലരുടെ അഭിപ്രായം. നല്ല സാമ്പത്തിക സാഹചര്യമുള്ള റഹിമാന്‍ തക്കകാരണമില്ലെങ്കില്‍ ജീവന്‍ ഒടുക്കില്ലായെന്നാണ് റഹിമാനെ അടുത്തറിയുന്നവര്‍ വിലയിരുത്തുന്നത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.