Latest News

ജില്ലക്ക് 30 ട്രാന്‍സ്‌ഫോമറുകള്‍ ഉടന്‍ നല്‍കും- കെഎസ്ഇബി ചെയര്‍മാന്‍

കാസര്‍കോട്: ജില്ലയില്‍ ട്രാന്‍സ്‌ഫോമര്‍ ക്ഷാമം പരിഹരിക്കാന്‍ 30 ട്രാന്‍സ്‌ഫോമറുകള്‍ ഉടന്‍ അനുവദിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെല്ലും ടെല്‍കുമാണ് ട്രാന്‍സ്‌ഫോമര്‍ വിതരണം ചെയ്യുന്നത്. അടുത്ത ലോട്ടില്‍ ആദ്യം 30 ട്രാന്‍സ്‌ഫോമറുകള്‍ ജില്ലയ്ക്ക് നല്‍കും. അടിസ്ഥാന സൗകര്യവികസനത്തിന് മെറ്റീരിയല്‍സ് ക്ഷാമം ഉണ്ടാകില്ല. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മെറ്റീരിയല്‍ ക്ഷാമം നേരിടുന്നതായി പരാതിയുണ്ടായാല്‍ ബോര്‍ഡിനെ അറിയിക്കണമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കെപിസിഎല്‍ ന്റെ മൈലാട്ടി പവര്‍ പ്ലാന്റ് ഗവണ്‍മെന്റ് ഏറ്റെടുക്കില്ല. പതിനഞ്ചു വര്‍ഷം പഴക്കമുളള പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാകും. 25000 ഉപോഭോക്താക്കളില്‍ കൂടുതലുളളവരും നൂറ് ചതുരശ്രകിലോമീറ്ററില്‍ അധികമുളളതുമായ പ്രദേശങ്ങളിലാണ് പുതിയ സെക്ഷന്‍ ഓഫീസുകള്‍ അനുവദിക്കുക. 

ജില്ലയില്‍ നിലവിലുളള സബ്‌സ്റ്റേഷനുകളില്‍ ആവശ്യമായ ലോഡ് വഹിക്കാന്‍ പര്യാപ്തമാണ്. 110 കെവി സബ്‌സ്റ്റേഷനുകള്‍ കൂടുതല്‍ അനുവദിക്കേണ്ട സാഹചര്യമില്ല. കാഞ്ഞങ്ങാട് ടൗണ്‍ സബ്‌സ്റ്റേഷന്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. വാടകകെട്ടിടങ്ങളിലുളള സെക്ഷന്‍ ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ ജനപ്രതിനിധികളുടെ സഹകരണം ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
കെഎസ്ഇബി മസ്ദൂര്‍മാര്‍ക്ക് ലൈന്‍മാന്‍മാരായി സ്ഥാനംകയറ്റം നല്‍കുന്ന നടപടി ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. പിഎസ്‌സി ലിസ്റ്റില്‍ നിന്നും പുതിയ മസ്ദൂര്‍മാരെ നിയമിക്കുന്നതോടെ താഴെ തട്ടിലുളള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കും. ജില്ലക്കാരായ ജീവനക്കാരെ സ്ഥലം മാറ്റുകയില്ല . കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ വിഭജിക്കുന്നതിനു പകരം മൈലാട്ടി ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ഉദ്യോഗസ്ഥന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പദവി നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ജില്ലയില്‍ നൂറ് എംവിഎ വൈദ്യുതിയാണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഊര്‍ജ്ജക്ഷാമം പരിഹരിക്കാന്‍ 220 കെവി ലൈന്‍ 400 കെവി ലൈന്‍ ആയി ഉയര്‍ത്തണം.
കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റി ഉഡുപ്പി- മൈലാട്ടി ലൈന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൈസൂര്‍- അരിക്കോട് ലൈന്‍ പൂര്‍ത്തിയായാല്‍ ജില്ലയിലെ വൈദ്യുതി പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമാകും. അരിക്കോട് ലൈനില്‍ മൈസൂറില്‍ നിന്നുളള ലൈന്‍ വലിക്കുന്നത് പൂര്‍ത്തിയാക്കിയിട്ടില്ല. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി പ്രശ്‌നം ഉടന്‍ ചര്‍ച്ച ചെയ്യും. അത് പൂര്‍ത്തിയായാലുടന്‍ തൗട്‌ഗോളി- മൈലാട്ടി 220 കെവി ലൈന്‍ ഇരട്ടിപ്പിക്കുന്ന പ്രവൃത്തി ത്വരിതപ്പെടുത്താനാകും. 

ജില്ലയിലെ വൈദ്യുതിക്ഷാമത്തിന് പൂര്‍ണ്ണ പരിഹാരം കാണാന്‍ രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും. അതിനിടയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.