Latest News

വനത്തില്‍ കാണാതായ 3വയസുകാരിയെ 11ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി; രക്ഷയായത് വളര്‍ത്തുനായ

സഖ റിപ്പബ്ലിക്: സൈബീരിയന്‍ ചെന്നായ്കളും കാട്ടുകരടികളും വിഹരിക്കുന്ന കൊടുംവനത്തില്‍ കാണാതായ മൂന്നു വയസുകാരിയെ 11 ദിവസങ്ങള്‍ക്കു ശേഷം രക്ഷപ്പെടുത്തി. രാത്രി താപനില പൂജ്യത്തോടു അടുക്കുന്ന വനത്തില്‍ വളര്‍ത്തുനായയാണ് പെണ്‍കുട്ടിയ്ക്കു രക്ഷയായത്. റഷ്യയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സഖ റിപ്പബ്ലിക്കിലെ തൈഗയിലാണ് സംഭവം. സൈബീരിയയോടു ചേര്‍ന്ന പ്രദേശമാണിത്.

കരീന ചിക്തോവയെന്ന മൂന്നുവയസുകാരിയാണ് കൊടുംവനത്തില്‍ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വം നേരിട്ടത്. കാട്ടുബെറി പഴങ്ങളും നദിയിലെ വെള്ളവും കുടിച്ചാണ് കരീന ജീവന്‍ നിലനിര്‍ത്തിയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രാത്രിയില്‍ തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വളര്‍ത്തുനായയെ കെട്ടിപ്പിടുച്ചുറങ്ങി. വനത്തില്‍ ധാരാളമുള്ള പ്രത്യേകതരം പുല്ല് ഉപയോഗിച്ചു ഒരുക്കിയ ബെഡിലായിരുന്നു കരീന കിടന്നിരുന്നത്.

വീടിനു സമീപമുള്ള വനത്തിലൂടെ പട്ടിയുമായി കറങ്ങിനടക്കവെയാണ് കരീന ഉള്‍ക്കാട്ടിലെത്തിയത്. വഴിതെറ്റിയ പെണ്‍കുട്ടിക്ക് വീട്ടിലേക്കു മടങ്ങനായില്ല. എന്നാല്‍, നാലുദിവസങ്ങള്‍ക്കു ശേഷമാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്. അടുത്ത ഗ്രാമത്തിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയ പിതാവിനോടൊപ്പം പെണ്‍കുട്ടി പോയതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. കരീനയുടെ പിതാവ് തനിയെ മടങ്ങിയെത്തിയപ്പോളാണ് കുട്ടിയെ കാണാതായതായി വീട്ടുകാര്‍ക്ക് ബോധ്യമായത്.

ഇതോടെ പോലീസില്‍ വിവരം അറിയിച്ച വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. വിവിധ സംഘങ്ങളായി വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഹെലികോപ്റ്റര്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലും വിഫലമായി. അതിനിടെ, കുട്ടിയെ കാണാതായി 9-ാം ദിവസം നായ തനിയെ മടങ്ങിയെത്തി. ഇതോടെ കുട്ടിയെ കണ്ടെത്താമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കൊടുംതണുപ്പ് കുട്ടിക്കു അതിജീവിക്കാനാകില്ലന്നായിരുന്നു വിദഗ്ധരുടെ നിഗമനം.

എന്നാല്‍, എല്ലാവരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ച് വളര്‍ത്തു നായ വഴികാട്ടിയായി. നായയെ പിന്തുടര്‍ന്ന രക്ഷപ്രവര്‍ത്തകര്‍ 11 ദിവസം കരീനയെ കണ്ടെത്തി. പുല്ലുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു അവള്‍. പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം കരീനയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നു ബന്ധുക്കള്‍ സൈബീരിയന്‍ ടൈംസിനോടു പറഞ്ഞു. എന്നാല്‍, കൊതുകുകളും പ്രാണികളും കുട്ടിയെ സാരമായി ഉപദ്രവിച്ചിരുന്നതായി അവര്‍ പറഞ്ഞു.











Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.