Latest News

ട്രെയിന്‍ മാറിക്കയറിയ ആറു വയസുകാരി അമ്മയുടെ അടുക്കലെത്തിയത് 37 വര്‍ഷം കഴിഞ്ഞ്

യാത്രയ്ക്കിടെ ഒരു ട്രെയിന്‍ മാറിക്കയറിയതാണ് ജിയാങ് ഐ- വു. പിന്നീട് വീട്ടിലെത്തിയതാകട്ടെ 37 വര്‍ഷം കഴിഞ്ഞ്...!!! ചൈനയിലാണ് ഈ അപൂര്‍വ വേര്‍പാടും പിന്നീടുള്ള കൂടിച്ചേരലും സംഭവിച്ചത്. ആറു വയസുള്ളപ്പോഴായിരുന്നു സമീപത്തെ സ്‌റ്റേഷനില്‍നിന്ന് ദക്ഷിണ- മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ വീട്ടിലേക്കുള്ള ട്രെയിനു പകരം മറ്റൊരു ട്രെയിനില്‍ ജിയാങ് കയറിയത്. ഇപ്പോള്‍ 43 വയസായപ്പോഴാണ് നഷ്ടപ്പെട്ട കുടുംബത്തെ അവര്‍ വീണ്ടും കണ്ടുമുട്ടുന്നത്.

ആദ്യം കയറിയ ട്രെയിന്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ ജിയാങ് അതില്‍നിന്നിറങ്ങി അടുത്ത ട്രെയിനില്‍ കയറി. അങ്ങനെ ട്രെയിനുകള്‍ ഒന്നൊന്നായി മാറിക്കയറി വീട്ടില്‍ നിന്ന് ഏറെ അകലെയായി. ഒടുവില്‍ 450 മൈല്‍ അകലെ കിഴക്കന്‍ ചൈനയിലെ സുഷോവു നഗരത്തിലാണ് എത്തിപ്പെട്ടത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയെ അധികൃതര്‍ ഏറ്റെടുക്കുകയായിരുന്നു. അന്നു മുതല്‍ അവള്‍ സ്വപ്‌നം കണ്ടത് മാതാപിതാക്കളെ കണ്ടെത്തുന്നതായിരുന്നു. പക്ഷേ, തീരെ ചെറുപ്പമായിരുന്നതിനാല്‍ അതിനുള്ള കഴിവുണ്ടായിരുന്നില്ല.

പിന്നീട് പഠിത്തവും മറ്റുമായി കഴിയുമ്പോഴും വീട്ടുകാരെക്കുറിച്ചുള്ള ഓര്‍മകള്‍ പൂര്‍ണമായും വിട്ടകന്നിരുന്നില്ല. ഈ സമയമത്രം വീട്ടുകാരും ജിയാങിനെ തേടിയുള്ള അലച്ചിലിലായിരുന്നു. പോലീസില്‍ പരാതി നല്‍കി, സ്വന്തം നിലയ്ക്ക് നഗരങ്ങളില്‍ തെരച്ചില്‍ നടത്തി, എല്ലാ ട്രെയിന്‍- ബസ് സ്‌റ്റേഷനുകളിലും പോയി... എന്നിട്ടും ഫലമുണ്ടായില്ല. അവളെക്കുറിച്ച് ഓര്‍മിക്കാത്ത, അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാത്ത ഒരൊറ്റ ദിവസം പോലും ഉണ്ടായിരുന്നില്ലെന്ന് അമ്മ ജു യെ പറയുന്നു.

ഒടുവില്‍ പുനഃസമാഗമത്തിന് വഴി തുറന്നത് ജിയാങിന്റെ മകള്‍ മെയി ആണ്. കാണാതാകുന്ന ആളുകള്‍ക്കു വേണ്ടിയുള്ള വെബ്‌സൈറ്റ് വഴി തുടര്‍ച്ചയായി ഒരു വര്‍ഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമ്മയുടെ കുടുംബത്തെ കണ്ടെത്തിയത്. ഇതിനിടെ ജിയാങിന്റെ അമ്മയും കുടുംബവും ചൈനയുടെ വടക്കന്‍ പ്രവിശ്യയിലുള്ള ഷാന്‍സിയിലേക്ക് നീങ്ങിയിരുന്നു. ഒരുദിവസം മെയി ജുവിനെ വിളിച്ച് മകളെ കാണാതായിട്ടുണ്ടോ എന്നു ചോദിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഫോണ്‍ കോള്‍ കുട്ടിക്കാലത്തു കാണാതായ മകളിലേക്ക് തന്നെ കൊണ്ടുപോയെന്ന് ജു യെ പറയുന്നു.

വിശേഷങ്ങള്‍ ഏറെ പറയാനുണ്ടെന്ന് ജിയാങും കണ്ണീരോടെ വെളിപ്പെടുത്തുന്നു. ഇത്രയും നാള്‍ ചെറിയ കുടുംബമായിരുന്നു തന്റേത്. ഇപ്പോഴത് വളര്‍ന്നിരിക്കുന്നു. അവിടെ തനിക്ക് എല്ലാവരും ഉണ്ട്. ഓസ്‌ട്രേലിയയില്‍നിന്ന് 25 വര്‍ഷത്തിനു ശേഷം നാട്ടില്‍ എത്തി ജന്മം നല്‍കിയ ഇന്ത്യക്കാരനായ സരൂ ബ്രിയേര്‍ലിയുടെ കഥയ്ക്കു സമാനമാണ് ജിയാങിന്റെ കഥയും. സരൂവിനും ട്രെയിന്‍ യാത്രയ്ക്കിടെയാണ് അമ്മയെ നഷ്ടപ്പെട്ടത്. ഗൂഗിള്‍ വഴിയാണ് സരൂ അമ്മയ്ക്കരികില്‍ എത്തിയത്. അപ്പോഴേക്കും അയാള്‍ ഓസ്‌ട്രേലിയന്‍ പൗരനായി മാറിക്കഴിഞ്ഞിരുന്നു.


Keywords: world News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.