Latest News

സ്‌പോണ്‍സര്‍ കള്ളക്കേസില്‍പ്പെടുത്തിയ കാസര്‍കോട് സ്വദേശിയെ ദുബൈ കോടതി വെറുതെവിട്ടു

ദുബൈ: സ്‌പോണ്‍സര്‍ കള്ളക്കേസില്‍പ്പെടുത്തിയ കാസര്‍കോട്ടെ യുവാവിനെ ദുബൈ കോടതി വെറുതെ വിട്ടു.ആറുവര്‍ഷക്കാലം ദുബൈയിലെ ഒരു ജിംനേഷ്യത്തില്‍ പരിശീലകനായി ജോലി നോക്കിയിരുന്ന കാസര്‍കോട് സന്തോഷ് നഗറില്‍ മുഹമ്മദ് മുസ്തഫയെയാണ് ദുബൈ കോടതി ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയത്.

ജിംനേഷ്യത്തില്‍ ജോലി ചെയ്യവേ അവിടെ വെച്ച് പരിചയപ്പെട്ട ഒരു സ്വദേശി അദ്ദേഹം തുടങ്ങുന്ന പുതിയ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മുസ്തഫയെ രാജിവെപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. പുതിയ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്ന് രണ്ടുമാസക്കാലം മാത്രമെ ശമ്പളം കൃത്യമായി ലഭിച്ചുള്ളൂവെന്ന് മുസ്തഫ പറയുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ കൃത്യതയില്ലാതെ ശമ്പളം കിട്ടികൊണ്ടിരുന്നു. ഹെല്‍ത്ത് പ്രോട്ടീന്‍ ഷോപ്പിലെ സെയില്‍സ്മാനയിട്ടായിരുന്നു ജോലി ചെയ്തത്. കുറേ മാസം ശമ്പളം കുടിശ്ശികയാവുകയും വിസ തീരുകയും ചെയ്തപ്പോള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് സ്‌പോണ്‍സര്‍ മുസ്തഫക്കെതിരെ പൊലീസില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. തന്റെ സ്ഥാപനത്തില്‍ നിന്ന് 2,80,000 ദിര്‍ഹമിന്റെ സാധനങ്ങള്‍ വില്‍പന നടത്തി ലഭിച്ച തുക സ്ഥാപന ഉടമക്ക് നല്‍കാതെ സ്വന്തമായി ഉപയോഗിച്ച് വിശ്വാസ വഞ്ചന നടത്തിയെന്നായിരുന്നു കേസ്.

തുടര്‍ന്ന് ദുബൈയിലെ അഭിഭാഷകനായ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസില്‍ ജാമ്യം എടുക്കുകയും ഒപ്പം തന്നെ ലേബര്‍ കേസ് കോടതിയില്‍ നടത്തുകയും ചെയ്തു. ലേബര്‍ കോടതിയില്‍ നിന്ന് മുസ്തഫക്ക് അനുകൂലമായ വിധി ലഭിക്കുകയും അതനുസരിച്ച് 29,000 ദിര്‍ഹം സ്ഥാപന ഉടമ നല്‍കാന്‍ ഉത്തരവാകുകയും ചെയ്തു. 

ക്രിമിനല്‍ കേസില്‍ താന്‍ പണാപഹരണം നടത്തിയിട്ടില്ല എന്നു തെളിയിക്കാനാവശ്യമായ എല്ലാവിധ രേഖകളും അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ചു. തുടര്‍ന്ന് ക്രിമിനല്‍ കോടതിയില്‍ നിന്നും മുസ്തഫക്കനുകൂലമായ വിധിയുണ്ടായി. ഇപ്പോള്‍ സ്ഥാപനയുടമ കോടതിയില്‍ കെട്ടിവെച്ച തുക കൈപ്പറ്റി വിസ റദ്ദാക്കാനുള്ള തയാറെടുപ്പിലാണ് മുസ്തഫ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.