Latest News

കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന് ഇനി ഒരു നാള്‍

കോഴിക്കോട്: കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന് ഇനി ഒരു ദിവസത്തെ കാത്തിരിപ്പ്. വ്യാഴാഴ്ച മുതല്‍ 21 വരെ അരങ്ങേറുന്ന 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് സജ്ജമായി.

ഗതാഗതക്കുരുക്കിന്റെ പേരില്‍ എറണാകുളത്ത് നടക്കേണ്ട കലോത്സവം കോഴിക്കോട്ടേക്ക് മാറ്റിയപ്പോള്‍ ഒരുക്കത്തിന് കിട്ടിയത് വെറും രണ്ടുമാസമാണ്. പ്രധാനവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

വ്യാഴാഴ്ചയാണ് സാംസ്‌കാരിക ഘോഷയാത്ര നടക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

ബീച്ചില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പ്രധാനവേദിയിലാണ് സമാപിക്കുക. കലോത്സവത്തിന്റെ ഉദ്ഘാടനസമാപന വേദികളില്‍ ആലപിക്കാനുള്ള സ്വാഗത, മംഗളഗാനങ്ങളുടെ പരിശീലനവും ഏറെക്കുറെ പൂര്‍ത്തിയായി. കലോത്സവത്തിന് കോഴിക്കോട് ആതിഥേയരാകുന്നത് ഇത് ഏഴാം തവണയാണ്. 

തുടര്‍ച്ചയായി ഒമ്പതാം കിരീടമെന്ന ലക്ഷ്യമാണ് സ്വന്തം തട്ടകത്തില്‍ കോഴിക്കോട് ലക്ഷ്യം വയ്ക്കുക. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് ഔപചാരികമായ തുടക്കമാകും. 

10ന് ബിഇഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് കടപ്പുറത്തുനിന്ന് ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്ര എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് നാലിന് കലോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. 

ചടങ്ങിന് മുന്നോടിയായി ജില്ലയിലെ 55 സംഗീതാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗതഗാനാലാപനവും ദൃശ്യാവിഷ്‌കാരവും അരങ്ങേറും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷത വഹിക്കും. ഗാന ഗന്ധര്‍വന്‍ പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് മുഖ്യാതിഥിയായിരിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാംവേദിയില്‍ മോഹിനിയാട്ട മത്സരം ആരംഭിക്കും. ഇതേസമയം മറ്റ് 10 വേദികളില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും. 

സംസ്‌കൃതോത്സവം പുതിയറയിലെ എസ്.കെ. പൊറ്റക്കാട് ഹാളില്‍ 15 മുതല്‍ 20 വരെയും അറബിക് സാഹിത്യോത്സവം 18 മുതല്‍ സി.എച്ച്. മുഹമ്മദ് കോയ ഓഡിറ്റോറിയത്തിലും നടക്കും. 

21ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. സുവനീര്‍ പ്രകാശനം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി പി.കെ അബ്ദുറബ് വിതരണം ചെയ്യും.

ചലച്ചിത്ര താരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമാപന സമ്മേളനത്തില്‍ സംഗീതാധ്യാപകരുടെ നേതൃത്വത്തില്‍ മംഗളഗാനാലാപനം അരങ്ങേറും. 

കലോത്സവവുമായി ബന്ധപ്പെട്ട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട്, അഡീഷനല്‍ ഡയറക്ടര്‍ എല്‍. രാജന്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്‍. സതീഷ്്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കമാല്‍ വരദൂര്‍, കണ്‍വീനര്‍ കെ. സനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.