Latest News

കാസര്‍കോട്ടെ ഗ്ലോബല്‍ തട്ടിപ്പ്; സിബിഐ അന്വേഷിക്കുന്ന പ്രതി പിടിയില്‍

പാലക്കാട്: നിക്ഷേപത്തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷിക്കുന്ന പ്രതിയെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റ് ചെയ്തു. കാസര്‍കോട് ആസ്ഥാനമായി സിവി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് എന്ന സ്ഥാപനം ആരംഭിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 300 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ മൂന്നാം പ്രതി എറണാകുളം തമ്മനം മേയ് ഫസ്റ്റ് റോഡില്‍ പൊത്തനാമല ഹൗസില്‍ അബ്ദുല്‍ നാസറാണ് (നൗഷാദ് -46) അറസ്റ്റിലായത്.

തൃക്കാക്കര വെള്ളാട്ടുപാടം ലൈനിലെ വാടകവീട്ടില്‍ നിന്ന് ബുധനാഴ്ച രാവിലെ ഡിവൈഎസ്പി എ.എസ്. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കമ്പനിയുടെ ഡയറക്ടറായ നാസറിനെ കാസര്‍കോട് ജില്ലയിലുള്ള അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് സിബിഐ ചെന്നൈ യൂണിറ്റ് അന്വേഷിച്ചുവരികയായിരുന്നു. 

കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കാസര്‍കോട് വിദ്യാനഗര്‍ നായന്‍മാര്‍മൂല ചെറിയവീട്ടില്‍ സി.വി. സാദിഖ്, ഡയറക്ടറും ഇയാളുടെ ഭാര്യയുമായ ഖദീജത്ത് നൗഷ, തൃക്കരിപ്പൂര്‍ പീലിക്കോട് മാണിയാട്ട് ഉഷാകുമാരി (39) എന്നിവര്‍ ചേര്‍ന്ന് 2008ല്‍ കമ്പനി രൂപീകരിച്ചെന്നും വിവിധ ജില്ലകളില്‍ പ്രമോട്ടര്‍മാര്‍ മുഖേന 300 കോടിയോളം സമാഹരിച്ച ശേഷം 2011ല്‍ മുങ്ങിയെന്നുമാണു കേസ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7000 രൂപ പ്രതിമാസം പലിശ നല്‍കാമെന്നും 13 മാസങ്ങള്‍ക്കു ശേഷം നിക്ഷേപസംഖ്യ തിരികെ നല്‍കുമെന്നുമായിരുന്നു വാഗ്ദാനമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

നാസറടക്കം കേസിലെ എട്ടു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തു. നാസറിനെതിരെ ജില്ലയില്‍ 46 കേസുകളുണ്ട്. പാലക്കാട് പുതുപ്പരിയാരം വെണ്ണക്കര വീട്ടില്‍ സുനില്‍ കുമാര്‍ (40), കടുക്കാംകുന്നം ചെമ്പുള്ളി വീട്ടില്‍ മനോജ് കുമാര്‍ (33), തൃശൂര്‍ പറപ്പൂക്കര വളപ്പിലയില്‍ വി.എ. തോമസ് (39), കുരിയച്ചിറ ആലുക്കയില്‍ എ.പി. ഡേവിസ് (49), കണ്ണൂര്‍ കണ്ണപുരം മൊട്ടമേല്‍ കാവിനകത്ത് മധു (47), കോട്ടായി പോഡിക്കുളങ്ങര ഗംഗ നിവാസില്‍ പുഷ്പലത (43) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.

അതേ സമയം കേസിലെ മുഖ്യപ്രതികളായ ദമ്പതികള്‍ ദുബായിലെ അല്‍ ബഹ്‌റയിലുണ്ടെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. കാസര്‍കോട് വിദ്യാനഗര്‍ നായന്‍മാര്‍മൂല ചെറിയവിട്ടില്‍ സി.വി. സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരാണു ദുബായിലുള്ളതെന്ന വിവരം ലഭിച്ചത്. ഇവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

ഇതോടൊപ്പം ഇവരെ പിടികൂടി നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇന്റര്‍പോള്‍ വഴി റെഡ് കോണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി ആരംഭിച്ചു. പിടികിട്ടാനുള്ള മറ്റു രണ്ടു പ്രതികളായ മാനന്തവാടി സ്വദശി സുധീര്‍, കണ്ണൂര്‍ കടലായി മണ്ണെടുപ്പുംകുഴിയില്‍ സജി വര്‍ഗീസ് എന്നിവരെ കണ്ടെത്താനും അന്വേഷണം തുടരുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.