Latest News

ആദ്യ സംഘത്തെ മധുരം നല്‍കി സ്വീകരിച്ചു; ഇനി ഏഴ് നാള്‍ കോഴിക്കോടിന് വര്‍ണപ്പകിട്ട്

കോഴിക്കോട്: 55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കൊടിയേറ്റം. ഇനി ഏഴ് നാള്‍ സംസ്‌കാരത്തിന്റെ മഹാപൈതൃകമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ് കലാകേരളത്തിന്റെ ഇളമുറക്കാര്‍ക്ക് സ്വന്തം.

17 വേദികളിലായി പതിനൊന്നായിരത്തോളം കൗമാരപ്രതിഭകള്‍ മധുരത്തിന്റെ മഹാനഗരത്തെ ഇനി കലയുടെ നിറസദ്യയൂട്ടും.  രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തുന്നതോടെ ഏഷ്യയിലെ മഹാമേളക്ക് കേളികൊട്ടുയരും. വൈകുന്നേരത്തോടെ താളമേളങ്ങളും ലയലാസ്യങ്ങളും മുഖരിതമാകുന്ന നഗരികളിലേക്ക് മലയാളക്കരയുടെ കണ്ണും കാതും തിരിയും. 

ഉച്ചക്ക് 2.30 ന് കോഴിക്കോട് കടപ്പുറത്ത് നിന്ന് മലയാളത്തിന്റെ പൈതൃകവും മലബാറിന്റെ തനിമയും വിളിച്ചോതുന്ന സാംസ്‌കാരിക ഘോഷയാത്ര എ ഡി ജി പി. എന്‍ ശങ്കര്‍റെഡ്ഢി ഫഌഗ് ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്‌കൂളുകളില്‍ നിന്നായി 6000ത്തോളം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്ര നഗരം ചുറ്റി പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ എത്തുന്നതോടെ ജില്ലയിലെ 55 സംഗീത അധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗതഗാനാലാപനവും ദൃശ്യാവിഷ്‌കാരവും അരങ്ങേറും. 

തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസ് മുഖ്യാതിഥിയായിരിക്കും. ജില്ലയില്‍ നിന്നുള്ള എം പിമാര്‍, എം എല്‍ എമാര്‍, മേയര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 

ശേഷം ഒന്നാം വേദിയില്‍ മോഹിനിമാര്‍ ചിലങ്കയണിയും. ഈ സമയം മറ്റ് 10 വേദികളില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും. ആദ്യദിനം മോഹിനിയാട്ടവും കേരളനടനവും കുച്ചുപ്പുടിയും മൂകാഭിനയവും കഥകളിയും നാടന്‍പാട്ടുമെല്ലാമാണ് ആസ്വാദകരെ വരവേല്‍ക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ സംഘാടക സമിതി ഓഫീസായ ബി ഇ എം സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 

14 ജില്ലകള്‍ക്കായി 14 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് റെയില്‍വേ സ്റ്റേഷനില്‍ കാസര്‍കോട് നിന്നെത്തിയ ആദ്യ സംഘത്തെ കോഴിക്കോടന്‍ ഹല്‍വയുടെ മധുരം നല്‍കി സ്വീകരിച്ചു. എം കെ രാഘവന്‍ എം പി, പി ടി എ റഹീം എം എല്‍ എ, കലക്ടര്‍ സി എ ലത, ഡി ഡി ഇ ഡോ. രമേശ് ചോലയില്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.