Latest News

കോടതി ആമീന്റെ കൈയ്യില്‍ നിന്ന് മുന്‍സിഫിന്റെ ഉത്തരവ് തട്ടിപ്പറിച്ചോടിയ വീട്ടമ്മയ്ക്ക് 3000 പിഴ

കാഞ്ഞങ്ങാട് : കോടതി ആമീന്റെ കൈയ്യില്‍ നിന്ന് മുന്‍സിഫിന്റെ ഉത്തരവ് തട്ടിപ്പറിച്ചോടിയ വീട്ടമ്മയെ 3000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. ഉദുമ മുല്ലച്ചേരിയിലെ സരോജിനി എന്ന സജിതയെയാണ് (48) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.

ജില്ലാ കോടതിയിലെ ആമീനായ കുണ്ടംകുഴിയിലെ കെ അനില്‍ കുമാറിന്റെ പരാതിയിലാണ് സരോജിനിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്.
2012 ജൂണ്‍ 4 നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരം സ്വദേശിയായ രാഘവന്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട് സരോജിനിക്ക് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവും വാറണ്ടും അടക്കമുള്ള രേഖകള്‍ നല്‍കാന്‍ സരോജിനിയുടെ വീട്ടില്‍ എത്തിയതായിരുന്നു അനില്‍കുമാര്‍. എന്നാല്‍ കോടതി ഉത്തരവ് സ്വീകരിക്കാന്‍ സരോജിനി വിസ്സമതിച്ചതോടെ ഈ പ്രശ്‌നത്തില്‍ പരിസര വാസികളെ അനില്‍കുമാര്‍ ഇടപെടുത്തുകയും ഇതേ തുടര്‍ന്ന് സരോജിനി വാറണ്ടില്‍ ഒപ്പിടുകയും ചെയ്തു.
തുടര്‍ന്ന് രേഖകളുമായി അനില്‍കുമാര്‍ ഉദുമ ടൗണിലെ ഓട്ടോ സ്റ്റാന്റില്‍ എത്തിയതോടെ പിറകെ ഓടിയെത്തിയ സരോജിനി അനില്‍ കുമാറിന്റെ കൈയ്യില്‍ നിന്നും രേഖകള്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.

എന്റെ സ്വത്തെല്ലാം നഷ്ടമായെന്ന് വിലപിച്ചു കൊണ്ടായിരുന്നു സരോജിനിയുടെ ഓട്ടം. ഒടുവില്‍ ആമീന്‍ സരോജിനി തട്ടിയെടുത്ത രേഖകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ആളുകള്‍ ഓടിക്കൂടി.

കോടതി ഉത്തരവാണ് സരോജിനി തട്ടിയെടുത്തതെന്ന് നാട്ടുകാരെ ആമീന്‍ ബോധിപ്പിച്ചതോടെ സരോജിനിയെ സ്വത്ത് തട്ടിയെടുക്കാന്‍ വന്ന ആളല്ല, കോടതിയുടെ ഉത്തരവാണെന്ന് പറഞ്ഞ് മനസിലാക്കി നാട്ടുകാരുടെ ഇടപെടലോടെ രേഖകള്‍ വീണ്ടെടുക്കുകയായിരുന്നു.
പിന്നീട് അനില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സരോജിനിക്കെതിരെ ബേക്കല്‍ പോലീസ് കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.