Latest News

ബേക്കല്‍കോട്ടക്കകത്ത് നൂറ്റിയമ്പതോളം സന്ദര്‍ശകരെ പൂട്ടിയിട്ട സുരക്ഷാ ജീവനക്കാരനെതിരെ കേസ്‌

ബേക്കല്‍:[www.malabarflash.com] വിഷുദിനത്തില്‍ 150 ഓളം സന്ദര്‍ശകരെ പുറത്ത് കടക്കാന്‍ അനുവദിക്കാതെ അരമണിക്കൂര്‍ നേരത്തോളം ബേക്കല്‍ കോട്ടക്കകത്ത് പൂട്ടിയിട്ട സുരക്ഷാ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കോട്ടക്കകത്ത് കുടുങ്ങിയ സന്ദര്‍ശകരില്‍ ഒരാളായ ചെമ്മട്ടം വയലിലെ സനലിന്റെ പരാതി പ്രകാരം ബേക്കല്‍കോട്ടയിലെ സുരക്ഷാ ജീവനക്കാരനായ ഷാജുവിനെതിരെയാണ് കേസ്.

2015 ഏപ്രില്‍ 15 ന് വിഷുദിനത്തില്‍ ബേക്കല്‍ കോട്ടയില്‍ പതിവിലും കവിഞ്ഞ സന്ദര്‍ശകരുടെ തിരക്കായിരുന്നു. ബേക്കല്‍ കോട്ടക്കകത്ത് കടന്ന സന്ദര്‍ശകര്‍ ആറ് മണികഴിഞ്ഞാല്‍ കോട്ടയില്‍ നിന്നും പുറത്ത് കടക്കണമെന്നാണ് ഇവിടത്തെ വ്യവസ്ഥ. ആറ് മണിക്ക് സുരക്ഷാ ജീവനക്കാരന്‍ ഗേറ്റടക്കും.

എന്നാല്‍ കോട്ട സന്ദഗര്‍ശിക്കുന്നവരില്‍ പലര്‍ക്കും ഇവിടത്തെ വ്യവസ്ഥയെ കുറിച്ച് അറിവില്ല. കോട്ടക്കകത്തേക്ക് പ്രവേശിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാരന്‍ ഇക്കാര്യം സന്ദര്‍ശകരെ ബോധ്യപ്പെടുത്തിയതുമില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 150ഓളം പേര്‍ കോട്ടക്കകത്തും കടല്‍തീരത്തും മറ്റുമായി സന്ദര്‍ശനം തുടരുന്നതിനിടെ വൈകുന്നേരം 6 മണിയോടെ യാതൊരു മുന്നറിയിപ്പും നല്‍കാതെ ബേക്കല്‍കോട്ടയുടെ പ്രവേശന കവാടത്തിലുള്ള ഗേറ്റ് സുരക്ഷാ ജീവനക്കാരന്‍ ഷാജു പൂട്ടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ സന്ദര്‍ശകര്‍ ഷാജുവിനോട് അടച്ചിട്ട ഗേറ്റ് തുറന്നുതരണമെന്നും ഇവിടത്തെ സമയ ക്രമത്തെകുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കിയെങ്കിലും ഗേറ്റ് തുറക്കാന്‍ ഇയാള്‍ തയ്യാറായില്ല.

അടച്ച ഗേറ്റ് ഇനി സമയമാകുമ്പോള്‍ മാത്രമേ തുറക്കൂവെന്നും അതാണ് ഇവിടത്തെ നിയമമെന്നും സന്ദര്‍ശകരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് തങ്ങള്‍ക്ക് അറിയേണ്ടകാര്യമില്ലെന്നുമായിരുന്നു ഷാജുവിന്റെ മറുപടി.സന്ദര്‍ശകരുടെ കൂട്ടത്തിലുണ്ടായിരുന്ന സനലും കുടുംബാംഗങ്ങളും സുരക്ഷാ ജീവനക്കാരന്റെ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ നാല് വര്‍ഷക്കാലം ജയിലില്‍ കിടക്കേണ്ട വകുപ്പുള്ള കേസുണ്ടാക്കുമെന്ന് ഷാജു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സനല്‍ അടക്കമുള്ള ഏതാനും സന്ദര്‍ശകര്‍ വളരെ കഷ്ടപ്പെട്ട് കോട്ടയുടെ ഉയരം കുറഞ്ഞ ഭാഗത്തെത്തി മതില്‍ ചാടിയാണ് പുറത്ത് കടന്നത്. അതേ സമയം സ്ത്രീകളും കുട്ടികളും അടക്കമുള്ള പല സന്ദര്‍ശകരും കോട്ടക്ക് പുറത്തുകടക്കാനാകാതെ ബഹളം വെച്ചു. 

പ്രശ്‌നം രൂക്ഷമായതോടെ ടൂറിസം പോലീസും ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഏതാനും പോലീസുകാരും കോട്ടയിലെത്തി പ്രശ്‌നത്തില്‍ ഇടപെടുകയും ഗേറ്റ് ബലമായി തുറപ്പിച്ച് സന്ദര്‍ശകരെ മോചിപ്പിക്കുകയുമായിരന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം സനല്‍ പിന്നീട് ബേക്കല്‍കോട്ടയിലെ സുരക്ഷാ ജീവനക്കാരനെതിരെ രേഖാമൂലം പരാതി നല്‍കുകയാണുണ്ടായത്.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.