Latest News

ഓടുന്ന ട്രെയിനില്‍നിന്നു വീണു യുവതിക്കു പരുക്ക്; ഒപ്പമുണ്ടായിരുന്ന മകളെ കാണാനില്ല

തൃശൂര്‍: [www.malabarflash.com] ഓടുന്ന ട്രെയിനില്‍നിന്നു വീണ് ആന്ധ്ര സ്വദേശിനിയായ യുവതിക്കു ഗുരുതര പരുക്ക്. ഒപ്പമുണ്ടായിരുന്ന നാലു വയസുകാരിയായ മകളെ കാണാതായി. ശബരി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ആന്ധ്ര സ്വദേശി ഭാസ്‌കറിന്റെ ഭാര്യ പാര്‍വതിയെയാണ് (30) ആലുവയ്ക്കും കൊരട്ടിക്കുമിടയില്‍ ട്രാക്കിനരികില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മകള്‍ ശ്യാമലിംഗയെയാണു കാണാതായത്. 

ഭാസ്‌കറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ചു റയില്‍വേ പൊലീസ് പറയുന്നതിങ്ങനെ: ട്രെയിന്‍ ആലുവ സ്‌റ്റേഷന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ടോയ്‌ലറ്റില്‍ പോയി വരാമെന്നു പറഞ്ഞു മകള്‍ ശ്യാമലിംഗയുമായി പാര്‍വതി പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. ഈ സമയത്ത് ഭാസ്‌കറിന് അച്ഛന്റെ ഫോണ്‍ വന്നു. ട്രാക്കിനരികില്‍നിന്നു കിട്ടിയ ബാഗില്‍നിന്നു പാര്‍വതിയുടെ മൊബൈല്‍ ലഭിച്ചെന്നും അതില്‍നിന്നാണു വിളിക്കുന്നതെന്നും പറഞ്ഞ് ഒരു ഫോണ്‍ തനിക്കു വന്നെന്നായിരുന്നു അച്ഛന്‍ നല്‍കിയ വിവരം. ഇതോടെ ഭാസ്‌കര്‍ ട്രെയിനിനുള്ളില്‍ അന്വേഷിച്ചെങ്കിലും ഭാര്യയെയും മകളെയും കണ്ടെത്താനായില്ല. എല്ലാ കംപാര്‍ട്ടുമെന്റുകളിലും അന്വേഷിക്കുമ്പോഴേക്കും ട്രെയിന്‍ ഷൊര്‍ണൂരിലെത്തി.

ഇതിനിടെ ബാഗ് കണ്ടെടുത്ത സ്ഥലത്തുനിന്നു മാറി പാര്‍വതി ട്രാക്കിനരികില്‍ ചോരയൊലിപ്പിച്ചു കിടക്കുന്നതു നാട്ടുകാര്‍ കണ്ടു. പൊലീസെത്തി ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. വലതുകാലിലും രണ്ടു കയ്യിലും പരുക്കുണ്ട്. പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ പാര്‍വതിയില്‍നിന്നു കാര്യമായ വിവരം ലഭിച്ചില്ല. 

ഷൊര്‍ണൂരിലും തൃശൂര്‍ റയില്‍വേ പൊലീസിലും ഭാസ്‌കര്‍ പരാതി നല്‍കാനെത്തിയപ്പോഴാണു പാര്‍വതിയെ ട്രാക്കിനരികില്‍നിന്നു കിട്ടിയ വിവരം അറിയുന്നത്. കുട്ടിയെ നഷ്ടപ്പെട്ട വിവരം പൊലീസ് അറിയുന്നതും അപ്പോഴാണ്. ഇതോടെ പൊലീസും നാട്ടുകാരും റയില്‍വേ ട്രാക്മാന്‍മാരും ചേര്‍ന്ന് അന്വേഷണം തുടങ്ങി. ചാലക്കുടി മുതല്‍ ആലുവ വരെയുള്ള ഭാഗത്ത് ട്രാക്കിനരികില്‍ പൂര്‍ണമായി പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. ട്രെയിന്‍ കടന്നുപോകുന്ന ഭാഗത്തെ തോടുകളിലും മറ്റും രാത്രിയോടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടി ട്രെയിനില്‍തന്നെയുണ്ടെങ്കില്‍ ഇതിനോടകം വിവരം ലഭിക്കേണ്ടതായിരുന്നുവെന്ന നിഗമനത്തില്‍ ട്രാക്കിനരികിലുള്ള അന്വേഷണത്തെ തന്നെ ആശ്രയിക്കുകയാണു പൊലീസ്.

ഭാസ്‌കറെയും കൂട്ടി തൃശൂര്‍ റയില്‍വേ എസ്‌ഐ രാജന്‍ കെ. അരമന മെഡിക്കല്‍ കോളജിലെത്തി യുവതിയോടു സംസാരിച്ചെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറയുന്നത്. മനോദൗര്‍ബല്യത്തിനു പാര്‍വതി മരുന്നു കഴിക്കുന്നുണ്ടെന്നു ഭാസ്‌കര്‍ പറഞ്ഞു. 

കുട്ടിയെ നഷ്ടപ്പെട്ട വിവരം പറഞ്ഞിട്ടും പാര്‍വതിയില്‍ കാര്യമായ മാറ്റം കാണാനില്ല. ട്രാക്കിനരികില്‍നിന്നു കണ്ടെത്തിയ ബാഗില്‍ പാര്‍വതിയുടെ സ്വര്‍ണാഭരണങ്ങള്‍ ഊരിവച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ ശ്രമമാണോയെന്ന സംശയവും ഇതു ബലപ്പെടുത്തുന്നു.

ഹൈദരാബാദിലേക്കു പോകുകയായിരുന്നു ദമ്പതികളും കുട്ടിയും. ആന്ധ്രയിലുള്ള അരികമ്പനിയുടെ പ്രതിനിധിയായി കൊല്ലത്ത് ജോലി ചെയ്യുകയാണു ഭാസ്‌കര്‍.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.