Latest News

പ്ലൈവുഡ് കമ്പനിയുടമയെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊന്നു

പെരുമ്പാവൂര്‍: [www.malabarflash.com] ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പ്ലൈവുഡ് കമ്പനിയുടമയെ കാറിടിച്ചു വീഴ്ത്തി പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഇരിങ്ങോള്‍ മനയ്ക്കപ്പടി കാനാംപുറം നൗഷാദ് (42) ആണു കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും പഴ്‌സനേല്‍ മാനേജരുമായ പ്രതി പോഞ്ഞാശേരി ചെറുവേലിക്കുന്ന് കാട്ടിക്കാത്തോട്ടത്തില്‍ റഷീദി(40)നെ ആലുവ റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നു പൊലീസ് വൈകിട്ട് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഓള്‍ഡ് മൂവാറ്റുപുഴ റോഡില്‍ ജിടിസി പടിക്കു സമീപം വ്യാഴാഴ്ച രാവിലെ 7.45നായിരുന്നു സംഭവം. ഈ റോഡില്‍ തന്നെ അരകിലോമീറ്റര്‍ അകലെ മാവിന്‍ചോടില്‍ കാനാംപുറം ടിമ്പര്‍ ആന്‍ഡ് പ്ലൈവുഡ് എന്ന സ്ഥാപനം നടത്തുകയാണു കൊല്ലപ്പെട്ട നൗഷാദ്. കമ്പനിയില്‍ നിന്നു പെരുമ്പാവൂര്‍ ഭാഗത്തേക്കു വരികയായിരുന്ന നൗഷാദിനെ എതിര്‍ദിശയില്‍ കാറിലെത്തിയ റഷീദ് ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

റോഡില്‍ വീണ നൗഷാദിനെ 'നീ ചത്തില്ലേടാ' എന്നു പറഞ്ഞ് റഷീദ് അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിനു കുത്തുകയായിരുന്നെന്നു സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അപകടശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കൊലപാതകം കണ്ടു ഭയന്നു മാറി. അതുവഴി വന്ന മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാട്ടുകാര്‍ നിര്‍ബന്ധിച്ച് റഷീദിനെയും കൂട്ടിയാണു നൗഷാദിനെ കാറില്‍ കയറ്റിവിട്ടത്. നൗഷാദിന്റെ കഴുത്തില്‍ മൂന്നും ഇടതു നെഞ്ചിനു മുകളില്‍ ഒന്നും കുത്തുകള്‍ ഏറ്റിരുന്നു.

റഷീദ് ഓടിച്ചിരുന്ന കാര്‍ മണ്‍തിട്ടയില്‍ ഇടിച്ചുകയറിയതിനാല്‍ ഇയാള്‍ക്കു സംഭവസ്ഥലത്തു നിന്നു പോകുന്നതിനു തടസ്സമായി. ആശുപത്രിയിലെത്തിയ ശേഷം മുങ്ങിയ റഷീദിനെ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണു പിടികൂടിയത്. ദീര്‍ഘനാളായി നൗഷാദിന്റെ സന്തത സഹചാരിയാണു റഷീദ്. കമ്പനികാര്യങ്ങളില്‍ മാനേജരായും പഴ്‌സനേല്‍ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കാറും നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബുധനാഴ്ച രാത്രി 11.30വരെ നൗഷാദും സഹോദരനും റഷീദും കമ്പനിയില്‍ ഉണ്ടായിരുന്നു.

രാവിലെ ഫോണില്‍ വിളിച്ചുവരുത്തിയാണു കൊലപാതകം നടത്തിയതെന്നു കരുതുന്നു. ശാസ്ത്രീയ അന്വേഷണവിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണന്‍, കുറുപ്പംപടി സിഐ ജെ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ സുരേഷ്ബാബു, സിപിഒമാരായ ബൈജു പോള്‍, വി.കെ. വിനോദ്, ലാല്‍, ഷിജിത്, അനസ് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. നൗഷാദിന്റെ കബറടക്കം നടത്തി. ഭാര്യ: അലീന. മക്കള്‍: അസ്ലം, അമീര്‍, അലിഫ്‌ന.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.