Latest News

നേപ്പാളിന്റെ ചിരി വീണ്ടെടുക്കാന്‍ അബുദാബിയില്‍നിന്ന് ഒരു കുഞ്ഞു മാലാഖ

അബുദാബി:[www.malabarflash.com] നേപ്പാളിന്റെ ചിരി വീണ്ടെടുക്കാന്‍ അബുദാബിയില്‍നിന്ന് സ്‌നേഹത്തിന്റെ കുഞ്ഞു സ്പര്‍ശം. ഭംഗിയുള്ള ബാഗും വസ്ത്രങ്ങളും വാങ്ങാന്‍ കരുതിവച്ചിരുന്ന പണം കൊണ്ട് നേപ്പാളിലെ ദുരിതക്കയത്തിലായ ജനതയ്ക്ക് ആശ്വാസ വസ്തുക്കള്‍ വാങ്ങി നല്‍കി മാതൃകയാവുകയാണ് അബുദാബി മുസാഫയിലെ ഫിര്‍ദൗസ് മുഹമ്മദ് ഫാറൂഖ് എന്ന ഒമ്പതാംക്ലാസുകാരി.

അടുത്ത സ്‌കൂള്‍ വര്‍ഷം പുതിയ ബാഗും വസ്ത്രങ്ങളും വാങ്ങാനായി കുടുക്കയില്‍ കരുതിവച്ച 1300ദിര്‍ഹമാണ് ഫിര്‍ദൗസ് നേപ്പാളിലെ സഹോദരി സഹോദരന്‍മാരുടെ ചിരി വീണ്ടെടുക്കാന്‍ ചെലവഴിച്ചത്. ടിവിയില്‍ നേപ്പാള്‍ ഭൂകമ്പത്തിന്റെയും രക്ഷാ പ്രവര്‍ത്തനത്തിന്റെയും ദൃശ്യങ്ങള്‍ കണ്ട ഫിര്‍ദൗസ് സ്വമേധയാ തീരുമാനമെടുക്കുകയായിരുന്നു.

കുടുക്ക പൊട്ടിച്ചു പണവുമായി തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയ ഫിര്‍ദൗസ് വാട്ടര്‍ ബോട്ടിലുകളും ബിസ്‌കറ്റ് പായ്ക്കറ്റുകളും ചിക്ക് പീസും മൂന്നു പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന ടെന്റും വാങ്ങി. അതു നേരെ നേപ്പാള്‍ എംബസിയില്‍ എത്തിച്ചുനല്‍കുകയും ചെയ്തു. ഒന്നരവര്‍ഷമായി മാതാപിതാക്കള്‍ നല്‍കിയ പോക്കറ്റ് മണിയാണ് ഫിര്‍ദൗസ് കുടുക്കയില്‍ സൂക്ഷിച്ചിരുന്നത്. തനിക്കായി ഭംഗിയുള്ള ബാഗും വസ്ത്രങ്ങളും വാങ്ങുന്നതിനേക്കാള്‍ സന്തോഷമാണ് നേപ്പാളിലേക്ക് ആശ്വാസവസ്തുക്കള്‍ നല്‍കിയപ്പോള്‍ തോന്നിയതെന്ന് ഫിര്‍ദൗസ് പറഞ്ഞു.

നേപ്പാളിലെ ദൃശ്യങ്ങള്‍ കണ്ടതു മുതല്‍ തന്റെ ഉറക്കം നഷ്ടപ്പെട്ടെന്നും ജനങ്ങളുടെ ദുരിതം തന്റെ വേദനയായെന്നുമാണ് ഫിര്‍ദൗസിന്റെ വാക്കുകള്‍. മഞ്ഞുവീഴുന്ന രാത്രികളില്‍ ജനങ്ങള്‍ തുറന്ന സ്ഥലത്തുറങ്ങുന്നത് തനിക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കുട്ടികള്‍ ഭക്ഷണത്തിനും പാലിനുമായി കരയുന്നതും. കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത നിരവധി പേര്‍ അവിടെയുണ്ടെന്ന് മനസിലാക്കാനായെന്നും പിന്നെ തന്റെ സമ്പാദ്യം അവര്‍ക്കായി നല്‍കാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും ഫിര്‍ദൗസ് പറഞ്ഞു.

ഫിര്‍ദൗസിന്റെ പ്രവൃത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഓഫീസ് സമയം കഴിഞ്ഞാണ് തന്നെ കണ്ടതെന്നതിനാല്‍ ലെറ്റര്‍ ഹെഡില്‍ ഒരു അഭിനന്ദനക്കത്ത് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് അബുദാബിയിലെ നേപ്പാള്‍ അംബാസിഡര്‍ ധനഞ്ജയ് ഝാ പറഞ്ഞു. കുട്ടികളും സ്ത്രീകളുമായി നിരവധി പേര്‍ സഹായവുമായി എംബസിയിലെത്തുന്നുണ്ടെന്നും സ്ഥാനപതി പറഞ്ഞു.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.