കാസര്‍കോട്: [www.malabarflash.com]സി.വി ഗ്ലോബല്‍ ട്രേഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്‍റെ മറവില്‍ വിവിധ ജില്ലകളില്‍ നിന്നായി 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികള്‍ക്ക് വേണ്ടി ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.
കേസിലെ മുഖ്യപ്രതിയും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ വിദ്യാനഗര്‍ നായന്മാര്‍മൂല ചെറിയവീട്ടില്‍ സി.വി സാദിഖ്, സാദിഖിന്‍റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയും സ്ഥാപനത്തിന്‍റെ ഡയറക്ടറും കൂടിയായ ഖദീജത്ത് നൌഷ എന്നിവര്‍ക്ക് വേണ്ടിയാണ് ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ ദുബായില്‍ കഴിയുന്നതായാണ് വിവരം.
സാദിഖിന്‍റെയും നൌഷയുടെയും നേതൃത്വത്തില്‍ 2008ല്‍ രൂപീകരിച്ച കമ്പനി വിവിധ ജില്ലകളില്‍ നിന്നായി പ്രമോട്ടര്‍മാര്‍ മുഖേന കോടികള്‍ സമാഹരിച്ച ശേഷം 2001ല്‍ മുങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ നാലു കേസുകള്‍ സി.ബി.ഐയുടെ ചെന്നൈ യൂണിറ്റാണ് അന്വേഷിക്കുന്നത്.
മറ്റു ജില്ലകളിലെ കേസുകള്‍ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നുള്ളത്. പാലക്കാട് ജില്ലയില്‍ മാത്രം പ്രതികള്‍ക്കെതിരെ 46 കേസുകള്‍ നിലവിലുണ്ട്. ചിറ്റൂര്‍, പാലക്കാട്, ഒറ്റപ്പാലം, കോടതികളിലാണിത്. ഇന്‍റര്‍പോള്‍ മുഖേന പ്രതികളെ പിടികൂടുന്നതിനായി ചിറ്റൂര്‍ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ഓപ്പണ്‍ ഡേറ്റഡ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സ്ഥാപന ഡയറക്ടറും മൂന്നാം പ്രതിയുമായ എറണാകുളം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ പൊത്താനമല ഹൌസില്‍ അബ്ദുല്‍ നാസര്‍ എന്ന നൌഷാദിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ പാലക്കാട് ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. കാസര്‍കോട്ടെ കേസിലും പ്രതി ചേര്‍ക്കപ്പെട്ട നൌഷാദിനെ കഴിഞ്ഞ മാര്‍ച്ചില്‍ സി.ബി.ഐ ചെന്നൈ യൂണിറ്റ് സംഘം ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
No comments:
Post a Comment