Latest News

പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

പാനൂര്‍: [www.malabarflash.com] കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാനൂര്‍ ചെറ്റക്കണ്ടിയിലെ കാക്കറോട്ട് കുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവും അറസ്റ്റില്‍. 

സിപിഎം ചേലക്കാട് ബ്രാഞ്ച് സെക്രട്ടറി വി.എം. ചന്ദ്രന്‍ (36), സിപിഎം വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും പെരിയാണ്ടി എല്‍പി സ്‌കൂള്‍ അധ്യാപകനുമായ ബിജിത്ത് ലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കേസ് അന്വേഷിക്കുന്ന പാനൂര്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ സ്‌ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. വെടിമരുന്നുകള്‍ വാങ്ങാനും മറ്റുമായി ഇവര്‍ക്കു സാമ്പത്തിക സഹായം ചെയ്തതും ഇവരാണ്. ഇവരില്‍നിന്ന് ആരെല്ലാമാണു ബോംബ് നിര്‍മാണത്തില്‍ പങ്കെടുത്തതെന്നും ഇതിനു സഹായം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്. ഉന്നതരിലേക്ക് അന്വേഷണം നീളുമെന്നാണു സൂചന.

സിപിഎം പ്രവര്‍ത്തകരായ ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (33), വടക്കെ കരാല്‍ സുബീഷ് (29) എന്നിവരാണു സ്‌ഫോടനത്തില്‍ മരിച്ചത്. ചമതക്കാട്ടെ രതീഷ്, വിജീഷ് എന്നിവര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.