Latest News

കെ എ സ് ടി പി റോഡ് വികസനത്തിന് മണ്ണെടുക്കാന്‍ പ്രത്യേക അനുമതി

തിരുവനന്തപുരം: [www.malabarflash.com] ലോക ബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന രണ്ടാംഘട്ട കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ (കെഎസ്ടിപി) ഭാഗമായി റോഡ് നിര്‍മാണത്തിനു വേണ്ട മണ്ണെടുപ്പിനു പ്രത്യേക അനുമതി നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മണ്ണെടുക്കാന്‍ അനുമതിയില്ലാത്തതുമൂലം നാലു ജില്ലകളിലെ റോഡു നിര്‍മാണം തടസപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.

പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കണ്ണൂരിലെ പിലാത്തറ-പാപ്പിനിശ്ശേരി റോഡ്, ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എംസി റോഡ്, തിരുവല്ല ബൈപാസ് എന്നിവയുടെ പണിയാണ് മണ്ണെടുപ്പിന് അനുമതിയില്ലാത്തതുമൂലം പ്രതിസന്ധിയിലായത്. അടിയന്തരസാഹചര്യം പരിഗണിച്ച് പരിസ്ഥിതി അനുമതി ഒഴിവാക്കി പ്രത്യേക ക്ലിയറന്‍സ് നല്‍കാന്‍ കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട കലക്ടര്‍മാരെ ചുമതലപ്പെടുത്തി. നേരത്തെ തിരുവനന്തപുരം കരമന–കളിയിക്കാവിള റോഡ് വികസനത്തിന് ഈ രീതിയില്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.

കോഴിക്കോട് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനും പ്രത്യേക അനുമതി ബാധകമാക്കിയിട്ടുണ്ട്. കണ്ണൂരിലും എംസി റോഡിലും ഒരു ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണും തിരുവല്ല ബൈപാസിന് 1.2 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണുമാണ് വേണ്ടത്. മണ്ണെടുപ്പ് കരാറുകാരുടെ ചുമതലയാണ്. ഇവര്‍ മണ്ണെടുക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും റവന്യു, മൈനിങ് ജിയോളജി, പരിസ്ഥിതി വകുപ്പുകളുടെ അനുമതി വേണം. എന്നാല്‍ അപേക്ഷ നല്‍കി മാസങ്ങളായിട്ടും പരിസ്ഥിതി അനുമതി ലഭിക്കുന്നില്ലെന്നു കരാറുകാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കാസര്‍കോട്–കാഞ്ഞങ്ങാട്, തലശേരി–വളവുപാറ, ഏറ്റുമാനൂര്‍മൂവാറ്റുപുഴ, പൊന്‍കുന്നം–തൊടുപുഴ റോഡുകളും കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം റോഡ് നിര്‍മാണ പുരോഗതി പരിശോധിച്ച ലോകബാങ്ക് പ്രതിനിധികള്‍ പണി വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്. മുഖ്യമന്ത്രിക്കും മന്ത്രിക്കും പുറമെ കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ കെ.പി. പ്രഭാകരന്‍, ചീഫ് എന്‍ജിനീയര്‍ രവീന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.