Latest News

82കാരനായ പിതാവിന് മാസംതോറും 7500 രൂപയും ചികിത്സാ ചെലവും നല്‍കണമെന്ന് ഹൈകോടതി

കൊച്ചി: [www.malabarflash.com] മക്കള്‍ക്ക് സ്വത്ത് എഴുതിനല്‍കിയപ്പോള്‍ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന വ്യവസ്ഥ പ്രത്യേകം എഴുതിയിട്ടില്ലാത്തതിന്‍െറ പേരില്‍ സിംഗ്ള്‍ ബെഞ്ചിന്‍െറ പ്രതികൂല വിധിക്കിരയായ 82കാരനായ പിതാവിന് ആശ്വാസമായി ഹൈകോടതി വിധി.

മാസം തോറും 7500 രൂപയും ചികിത്സാ ചെലവും മകന്‍ നല്‍കണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂര്‍ അരിത്തടത്തില്‍ കെ.എം. വര്‍ക്കിക്ക് അനുകൂലമായാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഇടക്കാല ഉത്തരവ്. 

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഉന്നത ഉദ്യോഗസ്ഥനായ മകന്‍ എ.വി. എബ്രഹാമിനോടാണ് കോടതി നിര്‍ദേശിച്ചത്.
തനിക്ക് ആകെയുണ്ടായിരുന്ന 2.77 ഏക്കര്‍ ഭൂമിയില്‍ 37 സെന്‍റും വീടും 1986ല്‍ ധന നിശ്ചയാധാര പ്രകാരം നേരത്തേ തന്നെ മകന് നല്‍കിയതായി ഹരജിയില്‍ പറയുന്നു. പിന്നീട് 2.40 ഏക്കര്‍ റബര്‍ തോട്ടം ‘വില്‍’ എന്ന വ്യാജേന തീറാധാരമായും തട്ടിയെടുത്തു. തുടര്‍ന്ന് തന്നെ സംരക്ഷിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. മകന് സ്വത്ത് രജിസ്റ്റര്‍ ചെയ്ത് നല്‍കിയ ആധാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മെയിന്‍റനന്‍സ് ട്രൈബൂണലായ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരുന്നു. തെളിവെടുപ്പിനുശേഷം ആധാരം റദ്ദാക്കി ട്രൈബ്യൂണലിന്‍െറ ഉത്തരവുണ്ടായി. 

എന്നാല്‍, ഈ ഉത്തരവിനെതിരെ മകന്‍ ഹൈകോടതിയെ സമീപിച്ചു. പിതാവിനെ സംരക്ഷിക്കണം എന്ന ഉപാധിയോടെയല്ല തനിക്ക് സ്വത്ത് ആധാരം ചെയ്ത് തന്നിട്ടുള്ളതെന്നായിരുന്നു മകന്‍െറ വാദം. ഈ വാദം അംഗീകരിച്ച സിംഗ്ള്‍ ബെഞ്ച്, ആധാരം റദ്ദാക്കിയ നടപടി റദ്ദാക്കുകയായിരുന്നു. 

ഇതേതുടര്‍ന്നാണ് വര്‍ക്കി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. നിയമപരമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ആര്‍.ഡി.ഒ കോടതി സ്വീകരിച്ച നടപടി സിംഗ്ള്‍ ബെഞ്ചിന് റദ്ദാക്കാനാവില്ലെന്നായിരുന്നു അപ്പീല്‍ ഹരജിയിലെ വാദം. 

വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണം ലക്ഷ്യമിടുന്ന പുതിയ നിയമ പ്രകാരം ആധാരത്തില്‍ നേരിട്ട് സംരക്ഷണ വ്യവസ്ഥ ചേര്‍ത്തിട്ടില്ലെങ്കിലും വസ്തുത ബോധ്യപ്പെട്ടാല്‍ മക്കള്‍ക്ക് സ്വത്ത് രജിസ്റ്റര്‍ ചെയ്ത് കൊടുത്ത ആധാരം റദ്ദാക്കാന്‍ ആര്‍.ഡി.ഒ കോടതിക്ക് അധികാരമുണ്ട്.
ഇതിന് മതിയായ തെളിവുകള്‍ ആര്‍.ഡി.ഒ കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വസ്തുതകള്‍ വേണ്ടവിധം പരിഗണിക്കാതെയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവുണ്ടായതെന്നും അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.