Latest News

നെരൂദ ഫണ്ട് വിവാദം: ആരോപണങ്ങള്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ -സി.പി.എം ഏരിയാ കമ്മിറ്റി

കുററിക്കോല്‍: [www.malabarflash.com] കുററിക്കോലില്‍ പ്രവര്‍ത്തിക്കുന്ന നെരൂദ ഗ്രന്ഥാലയത്തിന് കെട്ടിടം പണിയുന്നതിനായി അനുവദിച്ച എംഎല്‍എ ഫണ്ട് പിന്‍വലിച്ചതിന് പിന്നില്‍ സിപിഐ(എം) ഏരിയാ നേതൃത്വമാണെന്ന് ഗ്രന്ഥാലയം ഭാരവാഹികളില്‍ ചിലര്‍ നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സിപിഐ(എം) .

ഇതിന്റെ പേരില്‍ നവമാധ്യമങ്ങളിലൂടെയും മററും ഏരിയാ നേതൃത്വത്തെ, വിശിഷ്യ ഏരിയാ സെക്രട്ടറിയെ വ്യക്തിപരമായി അധിഷേപിക്കുന്ന നിലയില്‍ പ്രചാരണം നടത്തുന്നതില്‍ ഏരിയാ കമ്മിററി ശക്തമായി പ്രതിഷേധിച്ചു.
ഗ്രന്ഥാലയത്തിന്റെ വളര്‍ച്ചയിലും, ഇന്നത്തെ നിലയില്‍ കെട്ടിടമുള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യം ഉണ്ടാക്കുന്നതിലും എല്ലാ കാലത്തും പാര്‍ടി സഹായിച്ചിട്ടുണ്ട്. 2003-04 വര്‍ഷത്തില്‍ എംപി ഫണ്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയും 2009-10 വര്‍ഷത്തില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപയും പാര്‍ടിയുടെ മുന്‍കയ്യോടെ ഈ സ്ഥാപനത്തിന് ലഭ്യമായിട്ടുണ്ട്.

പാര്‍ടി നേതൃത്വം കൊടുക്കുന്ന ത്രിതല പഞ്ചായത്ത് സംവിധാനം മുഖേനയും ഒട്ടേറെ ആനുകൂല്യങ്ങള്‍ ഈ സാംസ്‌കാരിക സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഈ സാംസ്‌കാരിക സ്ഥാപനത്തെ പാര്‍ടി ഏരിയാ നേതൃത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത് ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തകരെയും നൂറുകണക്കിന് വരുന്ന ഇതിലെ അംഗങ്ങളേയും പൊതുജനങ്ങളെയും തെററിദ്ധരിപ്പിക്കുന്നതിനുവേണ്ടി, ഈ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്ന ചുരുക്കം ചില വ്യക്തികളുടെ വ്യാജപ്രചാരണമാണെന്ന് ഏരിയാ കമ്മിററി ചൂണ്ടിക്കാട്ടി.

പാര്‍ടിയെ കരിതേച്ച് കാണിക്കാന്‍ നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങള്‍ ജനം തിരിച്ചറിയുക തന്നെ ചെയ്യും.

അനുവദിച്ച ഫണ്ട് പിന്നീട് പിന്‍വലിക്കാന്‍ ഇടയായ സാഹചര്യം കെ കുഞ്ഞിരാമന്‍ എംഎല്‍എ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ടിയുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല. നിലവിലുള്ള ഗ്രന്ഥാലയത്തിന്റെ മുകളില്‍ മീററിങ് ഹാള്‍ പണിയുന്നതിന് ഗ്രന്ഥാലയം ഭരണസമിതി ആവശ്യപ്പെട്ടതുപ്രകാരമല്ല എംഎല്‍എ ഫണ്ട് അനുവദിച്ചത്. കുററിക്കോലിലെ ആര്‍എംഎസ്എ പദ്ധതി പ്രകാരമുള്ള ഹൈസ്‌കൂളിന് സ്വന്തമായി കെട്ടിട സൗകര്യമില്ല. കുററിക്കോല്‍ സണ്‍ഡെ തിയെറററിലാണ് നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ ക്ലാസ് റൂം പരിമിതി പരിഹരിക്കാന്‍ രണ്ട് ക്ലാസ് മുറി പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം എന്ന നിലയിലാണ് നെരൂദയുടെ ഒന്നാം നിലയില്‍ കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ വികസന സമിതി എംഎല്‍എയെ സമീപിച്ചത്. വികസന സമിതി കണ്‍വീനറായ, സിപിഐ എം കുററിക്കോല്‍ ലോക്കല്‍ സെക്രട്ടറി ടി ബാലന്റെ നേതൃത്വത്തിലാണ് സമിതി അംഗങ്ങള്‍ എംഎല്‍എയെ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപ എംഎല്‍എ അനുവദിച്ചുവെങ്കിലും എസ്റ്റിമേററ് തയ്യാറാക്കിയപ്പോള്‍ 12 ലക്ഷമായി വര്‍ധിച്ചതിനാല്‍ അധികമായി വന്ന തുക കണ്ടെത്താനാവാത്ത സാഹചര്യം വന്നു.

അപ്പോഴേക്കും സ്‌കൂളിന് സ്ഥലം പതിച്ചുകിട്ടുന്നതിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സ്‌കൂള്‍ കെട്ടിടം പണിയുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. എസ്റ്റിമേററ് തയ്യാറായപ്പോള്‍ ഇത് 65 ലക്ഷമായി വര്‍ധിച്ചു. ഇത്രയും തുക കൂടി നല്‍കാമെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. അടുത്ത അധ്യായന വര്‍ഷമാകുമ്പോഴേക്കും പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാനാവും. ഈ സാഹചര്യത്തില്‍ സ്‌കൂളിന് താല്‍കാലിക സൗകര്യമെന്ന ആവശ്യമില്ലാതായി. ഇത്തരമൊരു ഘട്ടത്തിലാണ് എംഎല്‍എ ഫണ്ട് പിന്‍വലിച്ചത്.

വസ്തുത ഇതായിരിക്കെ പാര്‍ടിയെ കരിവാരിത്തേക്കുന്ന നിലയില്‍ നെരൂദ ഭാരവാഹികളില്‍ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണം. ഏരിയയ്ക്കകത്തെ സാംസ്‌കാരിക സ്ഥാപനങ്ങളെ സഹായിക്കുവാന്‍ പാര്‍ടി എന്നും പ്രതിജ്ഞാബദ്ധമാണ്. അതിനായുള്ള നിരന്തരമായ മുന്‍കൈ പാര്‍ടി സ്വീകരിക്കുന്നതുമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ദുരുപദിഷ്ടമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് ഏരിയയിലെ പാര്‍ടിയെ ഒററക്കെട്ടായി മുന്നോട്ട് നയിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പാര്‍ടി അംഗങ്ങളും അനുഭാവികളും മുന്നോട്ടുവരണമെന്നും ഏരിയാ കമ്മിററി അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ജയപുരം ദാമോദരന്‍ അധ്യക്ഷനായി. ഇ പത്മാവതി, സി ബാലന്‍, ടി അപ്പ, കെ പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Click here
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.