Latest News

അറബി കല്യാണത്തിന്റെ മാതൃകയിലുളള വിവാഹങ്ങള്‍ കൂടിവരുന്നു

കാസര്‍കോട്: [www.malabarflash.com] അറബി കല്യാണത്തിന്റെ മാതൃകയില്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവര്‍ ഇവിടെയുളള സ്ത്രീകളെ വിവാഹം കഴിക്കുന്ന പ്രവണത ജില്ലയില്‍ കൂടിവരുന്നതായി കളക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം വിലയിരുത്തി. 

ഇത്തരം വിവാഹങ്ങള്‍ക്ക്‌ശേഷം സ്ത്രീകളുടെ ആഭരണവും പണവും കൈക്കലാക്കി ഇവരെ ഉപേക്ഷിച്ചുപോകുന്ന സാഹചര്യവും സമീപകാലത്ത് ഏറിവരികയാണ്. ഇത്തരം വിവാഹത്തിലേര്‍പ്പെടുന്ന രക്ഷിതാക്കളും പെണ്‍കുട്ടികളും ജാഗ്രത പാലിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. 

രക്ഷിതാക്കള്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന് പെണ്‍കുട്ടിക്ക് സമ്മതമല്ലെങ്കില്‍ ഗാര്‍ഹിക അതിക്രമ നിയമപ്രകാരം രക്ഷിതാക്കള്‍ക്കെതിരെ പരാതിപ്പെടാം. ദരിദ്രരും നിരക്ഷരരുമായ വനിതകളാണ് കൂടുതലായും ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതെന്ന് യോഗം വിലയിരുത്തി.
ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വിധേയരായ 31 സ്ത്രീകള്‍ക്ക് 25000 രൂപ ധനസഹായം നല്‍കാന്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേമ്പറില്‍ നടന്ന ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം 2005 പ്രകാരമുളള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ഒന്നില്‍കൂടുതല്‍ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്താനും ഏക വിവാഹത്തെ പ്രോത്സാഹിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ഇതിനുളള ബോധവത്ക്കരണം കുടുംബശ്രീ വഴി നല്‍കും. 

ഷിരിബാഗിലു സ്വദേശിയായ വിഭിന്നശേഷിയുളള യുവതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി പുനരുജ്ജീവിപ്പിക്കുന്നതിനും കേസുമായി മുന്നോട്ട് പോകുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ വനിതാ സെല്‍ സിഐക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ, വനിതാ സെല്‍ സി.ഐ പി.വി നിര്‍മ്മല, ഡെപ്യൂട്ടി ഡിഎംഒ ഡോ. എംസി വിമല്‍രാജ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പിപി നാരായണന്‍, ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക,ജില്ലാ വിമണ്‍ വെല്‍ഫെയര്‍ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പി.ആര്‍ ഗീത, ലീഗല്‍ കൗണ്‍സിലര്‍ കെ. ബീന , ഗവ. മഹിളാമന്ദിരം സൂപ്രണ്ട് സി.എ ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.