Latest News

അവസാനഘട്ട പരസ്യപ്രചാരണം ചൊവ്വാഴ്ച സമാപിക്കും മലപ്പുറത്തെ ലീഗ് -കോണ്‍ഗ്രസ് പോരാട്ടം ശ്രദ്ധേയം

മലപ്പുറം:[www.malabarflash.com] മുന്നണി ബന്ധങ്ങള്‍ മാറിമറിഞ്ഞ മലപ്പുറം ജില്ലയില്‍ ഇത്തവണ ജനശ്രദ്ധ നേടുന്ന പോരാട്ടം മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മിലാണ്. വോട്ടെടുപ്പിന് രണ്ടു നാള്‍ കൂടി ശേഷിക്കേ യുഡിഎഫ് തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ ജനവിധി ആര്‍ക്ക് അനുകൂലമാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഡിഎഫിലെ തര്‍ക്കം മുതലെടുത്ത് കൂടുതല്‍ സീറ്റ് നേടാനാകുമോ എന്നാണ് പ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ഇടതുപക്ഷം ശ്രമിക്കുന്നത്.

പരമ്പരാഗതമായി യുഡിഎഫിന് മുന്‍തൂക്കമുള്ള ജില്ലയാണ് മലപ്പുറം. ഇതാകട്ടെ മുസ്ലിം ലീഗിന്റെ ശക്തിയുടെ ബലത്തിലുമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജില്ല തൂത്തുവാരിയിരുന്നു. നൂറിലേറെ പഞ്ചായത്തുകളില്‍ എട്ടെണ്ണം മാത്രമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ എല്ലാം ഐക്യമുന്നണി തൂത്തുവാരി. ജില്ലാപഞ്ചായത്തില്‍ 32 സീറ്റില്‍ 30 എണ്ണവും യുഡിഎഫിന് ലഭിച്ചു.നഗരസഭയില്‍ രണെ്ടണ്ണം മാത്രമാണ് ഇടതിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ മുന്നണി ബന്ധങ്ങളിലുണ്ടായ വിള്ളലുകള്‍ മലപ്പുറത്തെ പല പൊളിച്ചെഴുത്തുകള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്.

ഭിന്നതയാണ് ഇത്തവണ യുഡിഎഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 23 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്കിലും ഒരു നഗരസഭകളിലുമായി ലീഗും കോണ്‍ഗ്രസും പരസ്പരം പോരാടുന്നു. അനൗദ്യോഗികമായി നാനൂറിലേറെ വാര്‍ഡുകളിലും ഇവര്‍ പോരടിക്കുന്നു. ഏറെ കാലമായി മുസ്‌ലിം ലീഗ് തങ്ങളെ അവഗണിക്കുകയാണെന്നും കൂടുതല്‍ പരിഗണന വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ ഇടഞ്ഞതോടെയാണ് മുന്നണിയില്‍ പ്രശ്്‌നങ്ങളുണ്ടായത്. പ്രശ്നപരിഹാരത്തിന് ശ്രമങ്ങളുണ്ടായെങ്കിലും വിജയിക്കാതെ പോയതോടെ തര്‍ക്കമുള്ള പ്രദേശങ്ങളില്‍ മല്‍സരം വേറിട്ടായി. ഈ വാര്‍ഡുകളില്‍ ഒറ്റയ്ക്ക് ജയിച്ച് പഞ്ചായത്ത് ഭരണം പിടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. ലീഗിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് കച്ചകെട്ടിയിട്ടുണ്ട്.എന്നാല്‍ കോണ്‍ഗ്രസിനെതരേ മല്‍സരിക്കുന്ന വാര്‍ഡുകളിലെല്ലാം വിജയം ലീഗിനൊപ്പമാകുമെന്നാണ് ലീഗ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

ഐക്യമുന്നണിയിലെ ഭിന്നത മുതലെടുത്ത് കൂടുതല്‍ സീറ്റ് നേടാനാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. ജില്ലാപഞ്ചായത്ത് സീറ്റുകളില്‍ നേരത്തെയുണ്ടായിരുന്ന രണ്ട് സീറ്റ് പത്തായി വര്‍ധിപ്പിക്കുമെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്. നഗരസഭകളില്‍ തിരൂര്‍, മഞ്ചേരി എന്നിവകൂടി പിടിച്ചെടുക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മെച്ചപ്പെട്ട വിജയമുണ്ടാകുമെന്നും സിപിഎമ്മിന് പ്രതീക്ഷയുണ്ട്. അതേസമയം, സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം പലയിടത്തും മുന്നണിയുടെ സാധ്യതകളെ തളര്‍ത്തുന്നുണ്ട്. ഐഎന്‍എല്‍ അടക്കമള്ള ഘടകകക്ഷികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ് ഇടതുമുന്നണി ഇത്തവണ ജില്ലയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫിലാകട്ടെ തഴയപ്പെട്ടെന്ന പരാതിയാണ് ചെറുപാര്‍ട്ടികള്‍ക്കുള്ളത്.

ബിജെപിക്ക് ഇത്തവണയും ജില്ലയില്‍ പഞ്ചായത്ത് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷയില്ല. എന്നാല്‍ പലയിടത്തും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നു. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നി സംഘടനകളുടെ സാന്നിധ്യം പലയിടത്തും ഇരുമുന്നണികള്‍ക്ക് ചെറിയ ഭീഷണിയുണ്ട്. ഈ സംഘടനകളുടെ വിജയത്തെക്കാള്‍ അവര്‍ പിടിക്കുന്ന വോട്ടുകള്‍ പ്രധാനകക്ഷികളുടെ പരാജയത്തിന് ഇടയാക്കുമോ എന്നാണ് പലരും ആശങ്കപ്പെടുന്നത്.

ഇത്തവണ പ്രധാന നേതാക്കളെല്ലാം ജില്ലയില്‍ പര്യടനത്തിനെത്തി. യുഡിഎഫിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തുടങ്ങിയവരും ഇടതുപക്ഷത്തിനു വേണ്ടി കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ബിജെപിക്ക് വേണ്ടി വി.മുരളീധന്‍, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവരും ജില്ലയിലെത്തിയിരുന്നു.




Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.