[www.malabarflash.com] എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ചുള്ള ധൂര്‍ത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ധൂര്‍ത്തിന് ഒട്ടും ന്യായീകരണമില്ലെന്നും സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്ന തുകയെക്കുറിച്ച് ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും പറഞ്ഞാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആദ്യനിയമസഭാ സമ്മേളനത്തില്‍ ചോദിക്കാനായി ഉദ്ദേശിക്കുന്ന ജനങ്ങളുടെ വക ചോദ്യങ്ങളും ബല്‍റാമിന്റെ പോസ്റ്റിലുണ്ട്.
കേരളത്തില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പരസ്യമായിരുന്നു ഇന്ന് ഡല്‍ഹിയില്‍ നിന്നും പുറത്തിറങ്ങിയ പത്രങ്ങളുടെ ഒന്നാം പേജില്‍. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ 'ദൈവത്തിന്റെ സ്വന്തം നാടാ'ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് പുതിയ തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ എന്ന ലേബലിലായിരുന്നു പരസ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രസഹിതമായിരുന്നു പോസ്റ്റ്.
മുഖ്യമന്ത്രിയായോ എം.എല്‍.എ ആയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോ അത്തരം പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത് നിയമപരമായിരുന്നോ എന്നും ബല്‍റാം ചോദിക്കുന്നു. സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്്റ്റീസ് എന്നിവരുടെ ഫോട്ടോകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്. പരസ്യത്തില്‍ പിണറായിയുടെ ചിത്രം നല്‍കിയതില്‍ നിയമലംഘനങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടെങ്കില്‍ ആയതിന് ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി ഖജനാവിന്റെ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ? എന്നും ബല്‍റാം പിണറായി സര്‍ക്കാരിനോട് ചോദിക്കുന്നു. എല്ലാ ശരിയാകണം എന്ന ഹാഷ് ടാഗിലാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സര്‍ക്കാരിന്റെ ആദ്യ ദിവസം തൊട്ട് തന്നെ പ്രതിപക്ഷ ധര്‍മ്മം ഞങ്ങളും തുടങ്ങുകയാണ്. നല്ല പ്രവൃത്തികള്‍ക്ക് അകമഴിഞ്ഞ പിന്തുണ, ധൂര്‍ത്തിനും അഴിമതിക്കും ജനദ്രോഹത്തിനും എതിര്‍പ്പ്. അതാണ് നയം.
മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും എണ്ണം കുറച്ച് ചെലവ് ചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ ഇന്നത്തെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ചുള്ള ധൂര്‍ത്തിന് ഒട്ടും ന്യായീകരണമില്ല. അതുപോലെത്തന്നെയാണ് ഇന്നത്തെ പത്രങ്ങളില്‍ നല്‍കിയിരിക്കുന്ന പരസ്യവും. CPIM എന്നോ LDF എന്നോ ഒരിക്കല്‍പ്പോലും പറയാതെ 'The Pinarayi Vijayan Government' എന്ന് പറഞ്ഞുകൊണ്ടുള്ള മുഴുപ്പേജ് വ്യക്തിമാഹാത്മ്യ പരസ്യത്തിലെ രാഷ്ട്രീയ ശരികേട് അവിടെ നില്‍ക്കട്ടെ, എന്നാല്‍ അതിനുവേണ്ടി സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുഖജനാവില്‍ നിന്ന് ചെലഴിക്കുന്ന തുകയേക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരന്മാര്‍ക്കുമുണ്ട്.
അതുകൊണ്ടുതന്നെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ ഞാന്‍ ചോദിക്കാനായി ഉദ്ദേശിക്കുന്ന ജനങ്ങളുടെ വക ചോദ്യം (ഡ്രാഫ്റ്റ് ആണ്, പ്രിവിലേജ് പ്രശ്‌നം ഇല്ല) :
1) 25-05-2016ന് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവഴിച്ച ആകെ തുക എത്ര? അതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?
2) 25-05-2016ന് രൂപീകരിക്കപ്പെടാന്‍ പോകുന്ന പുതിയ സര്‍ക്കാരുമായി ബന്ധപ്പെട്ട് പി ആര്‍ ഡി വഴി ആകെ എത്ര ദിനപത്രങ്ങളില്‍ പരസ്യം നല്‍കി?
2എ) ഇതില്‍ കേരളത്തിനു പുറത്തുള്ള എത്ര പത്രങ്ങളിലാണ് പരസ്യം നല്‍കിയത്?
2ബി) ഇതിനായി സര്‍ക്കാര്‍ ആകെ ചെലവഴിച്ച തുക എത്ര?
2സി) കേരളത്തിനു പുറത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കുന്നതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രയോജനം എന്താണ്?
3) 25-05-2016ന് രാവിലെ പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്ന വേളയില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ഫോട്ടോകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലവിലുണ്ടായിരുന്നോ?
3എ) ഉണ്ടെങ്കില്‍ അത്തരം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയായിരുന്നോ പ്രസ്തുത പരസ്യങ്ങള്‍ നല്‍കിയിരുന്നത്?
3ബി) മുഖ്യമന്ത്രിയായോ എം.എല്‍.എ ആയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോ അത്തരം പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത് നിയമപരമായിരുന്നോ?
3സി) ഇക്കാര്യത്തില്‍ നിയമലംഘനങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടെങ്കില്‍ ആയതിന് ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി ഖജനാവിന്റെ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment