Latest News

മുട്ടത്തൊടി ബാങ്കില്‍ ഒന്‍പതു മാസത്തിനിടെ നടന്നത്‌ 3 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ്‌; കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറുന്നു


[www.malabarflash.com] കാസര്‍കോട്‌: മുട്ടത്തൊടി സഹകരണ ബാങ്കില്‍ നടന്ന മുക്കുപണ്ട തട്ടിപ്പ്‌ സംബന്ധിച്ച കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഒന്‍പതു മാസത്തിനുള്ളില്‍ മാത്രം മൂന്നു കോടിയില്‍ പരം രൂപയുടെ തട്ടിപ്പ്‌ നടന്നിട്ടുള്ളതായാണ്‌ സൂചന. പരിശോധന പൂര്‍ത്തിയാകുമ്പോഴേയ്‌ക്കും തട്ടിപ്പ്‌ സംഖ്യ ഇനിയും ഉയരുമെന്നാണ്‌ കരുതുന്നത്‌. കോടികളുടെ തട്ടിപ്പ്‌ ആതിനാല്‍ കേസിന്റെ തുടര്‍ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറുമെന്നാണ്‌ സൂചന.മുട്ടത്തൊടി ബാങ്കിന്റെ വിദ്യാനഗര്‍ സായാഹ്നശാഖയിലും നായന്മാര്‍മൂലയിലെ പ്രധാന ശാഖയിലും നടത്തിയ പരിശോധനയിലാണ്‌ കോടികളുടെ തട്ടിപ്പ്‌ കണ്ടെത്തിയത്‌. അടുത്തിടെ പണയം വച്ച ഏഴുലക്ഷം രൂപയുടെ പണയ ഉരുപ്പടികള്‍ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണ്‌ അന്വേഷണത്തിന്റെ തുടക്കം. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടു ജീവനക്കാരെയും രണ്ടു ഇടപാടുകാരെയും അറസ്റ്റു ചെയ്‌തു. ഏതാനും പേര്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌.വിദ്യാനഗര്‍ സായാഹ്നശാഖയില്‍ നടന്ന സഹകരണ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ 13 ലക്ഷം രൂപയുടെ പണയ ഉരുപ്പടികള്‍ കാണാതായിട്ടുണ്ടെന്നും വ്യക്തമായി. ഇതെങ്ങനെ സംഭവിച്ചുവെന്ന്‌ അറിയാനുള്ള പരിശോധന തുടരുകയാണ്‌. ശാഖാ മാനേജര്‍ ഒളിവിലാണ്‌. ഇയാളെ പിടികൂടി ചോദ്യം ചെയ്‌താലേ പണയ ഉരുപ്പടികള്‍ കാണാതായതിനു പിന്നിലെ രഹസ്യം പുറത്തു വരൂ.നായന്മാര്‍ മൂല ശാഖയില്‍ 13 കോടിയോളം രൂപയുടെ സ്വര്‍ണ്ണ പണയമാണ്‌ നടന്നിട്ടുള്ളത്‌. ഇതില്‍ 80 ശതമാനം ഉരുപ്പടികളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധന പൂര്‍ത്തിയായവയില്‍ മാത്രം മൂന്നു കോടിരൂപയുടെ വ്യാജസ്വര്‍ണ്ണം ഉണ്ടെന്നാണ്‌ പ്രാഥമിക വിവരം.
ബാങ്കിലെ അപ്രൈസര്‍മാര്‍ മുഖേനയാണ്‌ പണയ തട്ടിപ്പ്‌ നടന്നത്‌. നീലേശ്വരം, പള്ളിക്കര സ്വദേശികളായ സഹോദരങ്ങളാണ്‌ വിദ്യാനഗര്‍, നായന്മാര്‍മൂല ശാഖകളിലെ അപ്രൈസര്‍ന്മാര്‍. ഇവര്‍ മുഖേന വ്യാജ മേല്‍വിലാസങ്ങള്‍ നല്‍കിയാണ്‌ മുക്കുപണ്ട പണയ തട്ടിപ്പ്‌ നടത്തിയതെന്നു സൂചനയുണ്ട്‌. അതിനാല്‍ തട്ടിപ്പു നടത്തിയവരെ കണ്ടെത്തുക ദുഷ്‌ക്കരമാകും. ഇതും അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ സഹകരണവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കു പുറമെ ബാങ്ക്‌ പ്രസിഡണ്ട്‌ ഇ അബൂബക്കര്‍ ഹാജി, വൈസ്‌ പ്രസിഡണ്ട്‌ അച്ചേരി ബാലകൃഷ്‌ണന്‍ എന്നിവരും സംബന്ധിച്ചു.
അതേ സമയം മുക്കുപണ്ട പണയ തട്ടിപ്പ്‌ പുറത്തു വന്നതോടെ യഥാര്‍ത്ഥ സ്വര്‍ണ്ണം പണയപ്പെടുത്തിയവരും ആശങ്കയിലാണ്‌. എന്നാല്‍ ഇത്തരക്കാര്‍ക്കുഒരു തരത്തിലുമുള്ള ആശങ്കയുടെയും ആവശ്യമില്ലാന്നാണ്‌ അധികൃതരുടെ നിലപാട്‌. ബാങ്കിന്റെ സിറ്റിസണ്‍ നഗറിലുള്ള ഹെഡ്ഡാഫീസിലും എടനീര്‍ ശാഖയിലും ഉടന്‍ പരിശോധന നടക്കും
Keywords: Kasaragod, Kasaragod News, News, Gold, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.