Latest News

  

ഉദുമ ഡിവിഷനിലേക്ക് കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മാങ്ങാട് പത്രിക സമര്‍പ്പിച്ചു


ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മാങ്ങാട് പത്രിക സമര്‍പ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍.വിദ്യാസാഗര്‍, കോണ്‍ഗ്രസ്സ് ബ്‌ളോക്ക് സെക്രട്ടറി അഷ്‌റഫ് ഇംഗ്ലീഷ്, കോണ്‍ഗ്രസ്സ് ചെമ്മനാട് മണ്ഡലം സെക്രട്ടറി റശീദ് ചാത്തെങ്കെ, വൈസ് പ്രസിഡണ്ട് നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ വരണാധികാരി ജില്ലാ കലക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

അന്തരിച്ച ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനന്‍ ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി രംഗത്തിറങ്ങിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണിയായിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം പളളം രഞ്ജീസ് ഓഡിറേറാറിയത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍.വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിമതരുടെ യോഗമാണ് അന്‍വര്‍ മാങ്ങാടിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

അതേ സമയം കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ തീര്‍ത്തും അവഗണിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പരമ്പരാഗതമായി ഐ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന ഉദുമ ഡിവിഷന്‍ ഉപ തിരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് ഡിസിസി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജില്ലയിലെ ഐ ഗ്രൂപ്പ് നേതൃത്വമാണ്. ഇവരാണ് ഷാനവാസിനെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചത്. ഇതിനാകട്ടെ രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. ഇപ്പോള്‍ വിമതനായി രംഗത്തിറങ്ങിയിട്ടുള്ള അന്‍വര്‍ മാങ്ങാട് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ കാലത്ത് മാങ്ങാട്ടെ ആംആദ്പാര്‍ട്ടി നേതാവിന്റെ വീടിന് തീവെച്ച കേസില്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ആഭ്യന്തര വകുപ്പ് സഹായിച്ചില്ലെന്ന പരാതി അന്‍വറിനുണ്ടായിരുന്നു.

ഇപ്പോള്‍ ഒരവസരം കിട്ടിയപ്പോള്‍ ഐ ഗ്രൂപ്പിനെ അടിക്കാനുള്ള വടിയായി ഉദുമ ഡിവിഷന്‍ തിരഞ്ഞെടുപ്പ് ഉപയോഗിച്ചുവെന്നാണ് ഐ വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനിടെ അന്‍വര്‍ അടക്കമുള്ള വിമത വിഭാഗത്തെ അനുനയിപ്പിക്കാന്‍ മുന്‍ എം.പി, കെ.സുധാകരന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സുധാകരന്‍ ഞായറാഴ്ച ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ.ശ്രീധരനുമായി ആശയ വിനിമയം നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍.വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ വിമത വിഭാഗം നടത്തിയ കണ്‍വെന്‍ഷനില്‍ ഏതാണ്ട് അമ്പതില്‍ താഴെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. ഡിവിഷനില്‍ യുഡിഎഫിനുള്ള മേധാവിത്വവും പാദൂര്‍ കുഞ്ഞാമു ഹാജിയോടുള്ള പ്രവര്‍ത്തകരുടെ സ്‌നേഹാദരവും ഷാനവാസിന്റെ വിജയം എളുപ്പമാക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.