Latest News

പോലീസിന്റെ 7200 വെടിയുണ്ട കാണാനില്ല


തിരുവനന്തപുരം: ക്യാംപില്‍ അതീവസുരക്ഷയോടെ സൂക്ഷിച്ച വെടിയുണ്ടകളില്‍ 7200 എണ്ണം കാണാനില്ല. ആറുമാസം മുന്‍പ് എസ്എപിയിലെ പോലീസ് ട്രെയിനികളെ മലപ്പുറത്തെ എംഎസ്പി മേല്‍മുറി ഫയറിങ് റേഞ്ചില്‍ പരിശീലനത്തിനായി കൊണ്ടുപോയപ്പോള്‍ കൊടുത്തുവിട്ടതില്‍ 400 വെടിയുണ്ടകള്‍ അവിടെ ചെന്നപ്പോള്‍ കുറവായിരുന്നു. അതിന്റെ അന്വേഷണത്തിനിടെയാണ് എസ്എപിയില്‍നിന്നു കൂടുതല്‍ വെടിയുണ്ടകള്‍ കാണാതായതു വെളിപ്പെട്ടത്. ഡിജിപി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി എസ്‌ഐഎസ്എഫ് കമന്‍ഡാന്റിന്റെ നേതൃത്വത്തില്‍ നാലംഗ ബോര്‍ഡും രൂപീകരിച്ചു. [www.malabarflash.com]

കാണാതായ ഉണ്ടകള്‍ 7.62 എംഎം റൈഫിളില്‍ ഉപയോഗിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ആയുധ നിര്‍മാണശാല (ഓര്‍ഡനന്‍സ് ഫാക്ടറി), സിആര്‍പിഎഫിന്റെ രാംപൂര്‍ സെന്‍ട്രല്‍ വെപ്പണ്‍ സ്‌റ്റോര്‍ എന്നിവടങ്ങളില്‍ നിന്നാണു പോലീസ് ചീഫ് സ്‌റ്റോറില്‍ വെടിയുണ്ടകള്‍ എത്തുന്നത്. 600 എണ്ണം വീതം കൊള്ളുന്ന സിടിഎന്‍ ബോക്‌സിലും 400 എണ്ണം കൊള്ളുന്ന ബെന്റോലിയര്‍ ബോക്‌സിലുമാണ് ഇവ കൊണ്ടുവരുന്നത്.

മേല്‍മുറിയില്‍ 600 വെടിയുണ്ടകള്‍ വീതം കൊള്ളുന്ന രണ്ടു പെട്ടികളാണു കൊടുത്തുവിട്ടത്. അവിടെ ചെന്നുനോക്കിയപ്പോള്‍ അതില്‍ 400 വീതമായിരുന്നു. ആകെ 400 ഉണ്ടകളുടെ കുറവ്. ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ അപ്പോള്‍തന്നെ ഫയറിങ് റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന സിറില്‍ സി. വെള്ളൂരിനെയും എസ്എപി കമന്‍ഡാന്റ് അബ്ദുല്‍ റസാക്കിനെയും ഇക്കാര്യം അറിയിച്ചു. എന്നാല്‍ എസ്എപിയിലെ വെടിയുണ്ടകളുടെ ചുമതലക്കാരനും പൊലീസ് ചീഫ് സ്‌റ്റോറിലെ ആര്‍മര്‍ ഡിവൈഎസ്പിയും കൈമലര്‍ത്തി.

എസ്എപി കമന്‍ഡാന്റ് സ്വന്തം നിലയില്‍ ബോര്‍ഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു എസ്എപിയിലെ ബറ്റാലിയന്‍ ക്വാട്ടര്‍മാസ്റ്റര്‍ സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന വെടിയുണ്ടകളില്‍ രണ്ടായിരത്തിലേറെ കുറവുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നു ഡിജിപി രൂപീകരിച്ച നാലംഗ ബോര്‍ഡിന്റെ പരിശോധനയില്‍ കാണാതായ തിരകളുടെ എണ്ണം 7200 ലേറെയായി ഉയര്‍ന്നു.

ഇതിനിടെ കഴിഞ്ഞദിവസം രാത്രി എസ്എപിയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ക്വാട്ടര്‍മാസ്റ്റര്‍ സ്‌റ്റോറില്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ അവിടെ മൂന്നു പോലീസുകാര്‍ മദ്യപിക്കുന്നതായി കണ്ടെത്തി. ഇക്കാര്യം പറയാതെ അവിടെ ചുമതല നല്‍കിയിട്ടുള്ളവര്‍ക്കു കാര്യശേഷി കുറവെന്നാണ് അദ്ദേഹം കമന്‍ഡാന്റിനു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടുപേരെ ചുമതലയില്‍നിന്നു നീക്കി. ഇവിടെയാണു പോലീസുകാരുടെ തോക്കും, ലാത്തിയും ഷീല്‍ഡും ബോഡി പ്രോട്ടക്റ്ററും എല്ലാം സൂക്ഷിച്ചിരിക്കുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.