ഉപ്പള: കാലിയാ റഫീഖിനെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘമാണെന്നു പോലീസ് വെളിപ്പെടുത്തി. നേരത്തെ റഫീഖിനാല്‍ കൊല്ലപ്പെട്ട യുവാവിന്റെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്നും പോലീസ് വെളിപ്പെടുത്തി. ഇയാള്‍ സംഭവത്തിനു ശേഷം ഒളിവിലാണ്. [www.malabarflash.com]
കാലിയാ റഫീഖിന്റെ ഓരോ നീക്കങ്ങളും കൃത്യമായി മനസ്സിലാക്കിയശേഷമാണ് കൊല നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ കൊല്ലപ്പെട്ട ആളുടെ അടുത്ത ബന്ധുവായ യുവാവാണ് ടിപ്പര്‍ ലോറി ഓടിച്ചിരുന്നത്. കൂടെ മറ്റൊരു യുവാവും ലോറിയില്‍ ഉണ്ടായിരുന്നു. റഫീഖിന്റെ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു നിര്‍ത്തിയശേഷമാണ് ആക്ഷനു തുടക്കമിട്ടത്.
പിന്നാലെ കാറില്‍ എത്തിയ നാലുപേരും സംഭവത്തില്‍ പങ്കുചേര്‍ന്നു. കാറില്‍ നിന്നു ഇറങ്ങിയോടിയ റഫീഖിനെ പിന്നില്‍ നിന്നു വെടിവച്ചു വീഴ്ത്തിയ ശേഷമായിരുന്നു കൊലനടത്തിയത്. അതിനുശേഷം ആറുപേരും കാറില്‍ രക്ഷപ്പെടുകയും ചെയ്തു. കൊലപാതകം, പിടിച്ചുപറി, മോഷണം, കൊലപാതക ശ്രമം തുടങ്ങി കേരളത്തിലും കര്‍ണ്ണാടകയിലുമായി 45ല്‍പരം കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട കാലിയാ റഫീഖ്. ആയുധം കൈവശം വച്ചതിനും ജയില്‍ ചാടിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ മാത്രം 25ല്‍ പരം കേസുകളുണ്ട്. ഉപ്പളയിലെ മുത്തലിബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ റഫീഖ് ഏറെ കാലം ജയിലില്‍ ആയിരുന്നു. 2016 നവംബര്‍ മാസത്തില്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷം രണ്ടു തവണ ഇയാളെ വെടിവെച്ചു കൊല്ലാന്‍ ശ്രമം ഉണ്ടാവുകയും ചെയ്തു. തനിക്കു ഭീഷണി ഉണ്ടെന്നും ജീവനു സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ജീവനു ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആയുധം കൈവശം വച്ചേ ഇയാള്‍ എവിടെയും പോകാറുള്ളൂ.
ചൊവ്വാഴ്ച സഞ്ചരിക്കുമ്പോള്‍ ആയുധം ഉണ്ടായിരുന്നുവോ എന്നറിയാന്‍ കാര്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു പോലീസ് പറഞ്ഞു. ആശുപത്രിയില്‍ പരിക്കേറ്റു കഴിയുന്ന മുഹമ്മദ് സാഹിറില്‍ നിന്നു മഞ്ചേശ്വരം എസ്.ഐ. കെ.പ്രമോദ് മൊഴിയെടുത്തു. കൊലയാളികളെ കുറിച്ചുള്ള വ്യക്തമായ സൂചന മൊഴിയിലൂടെ ലഭിച്ചിട്ടുണ്ട്.
മുത്തലിബ് കൊലക്കേസില്‍ അറസ്റ്റിലായ കാലിയ റഫീഖ് 2015 നവംബര്‍ മാസത്തിലാണ് ജയില്‍ മോചിതനായത്. അതിനുശേഷമാണ് വെടിവെച്ചു കൊല്ലാനുള്ള ശ്രമം ഉണ്ടായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment