Latest News

രാവണീശ്വരത്ത്‌ മധ്യവയസ്‌ക്കനെ കഴുത്തു മുറുക്കി കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്‌: രാവണീശ്വരത്ത്‌ മധ്യവയസ്‌ക്കനെ കഴുത്തു മുറുക്കി കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. കൊട്ടിലങ്ങാട്ടെ രഘുനാഥന്‍ (50) ആണ്‌ കൊല്ലപ്പെട്ടത്‌.[www.malabarflash.com] 

രാവണേശ്വരം കോളനിയിലെ കെട്ടിടത്തിന്റെ വരാന്തയില്‍ ഞായറാഴ്ച വൈകുന്നേരമാണ്‌ മൃതദേഹം കാണപ്പെട്ടത്‌. ഉച്ചയ്‌ക്കു രണ്ടുമണിയോടെ രഘുനാഥന്‍ രാവണേശ്വരം സ്‌കൂള്‍ പരിസരത്തു കൂടി നടന്നുപോകുന്നതു കണ്ടിരുന്നതായി പറയുന്നു. പിന്നീടാണ്‌ ഇയാളെ കോളനിയിലെ സ്ഥലത്ത്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. 

ഇക്കാര്യം മരണപ്പെട്ട രഘുനാഥന്റെ മകനാണ്‌ പൊലീസിനെ അറിയിച്ചത്‌. പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി.
തിങ്കളാഴ്ച രാവിലെ നടത്തിയ ഇന്‍ക്വസ്റ്റിലാണ്‌ മരണം കൊലപാതകമാണെന്ന സംശയം ഉണ്ടായത്‌. 

രഘുനാഥന്റെ കഴുത്തില്‍ മുറുക്കിയതിന്റെ പാടു കണ്ടതാണ്‌ സംശയത്തിനു ഇടയാക്കിയത്‌. നൈലോണ്‍ കയറോ, കേബിളോ കഴുത്തില്‍ മുറുക്കിയതിന്റെ പാടായിരിക്കാം ഇതെന്നു സംശയിക്കുന്നു. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന്‌ മൃതദേഹം വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്കു മാറ്റി.
ഇതിനിടയില്‍ രഘുനാഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്‌ ഒരാളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നു മരണ കാരണത്തെക്കുറിച്ച്‌ വ്യക്തമായ നിഗമനത്തിലെത്തിയതായാണ്‌ സൂചന. പണമിടപാടു സംബന്ധിച്ച തര്‍ക്കത്തിനിടയിലാണ്‌ മരണം ഉണ്ടായതെന്നും സംശയിക്കുന്നു. 

പോസ്റ്റുമോര്‍ട്ടത്തോടെ മരണ കാരണത്തില്‍ വ്യക്തത വരുത്തി കൊലയാളിയെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്നാണ്‌ പോലീസിന്റെ കണക്കു കൂട്ടല്‍. 

തമ്പായിയാണ്‌ ഭാര്യ. ഇവരുമായി 20 വര്‍ഷമായി ബന്ധം ഇല്ലെന്നു പറയുന്നു. രാഗേഷ്‌, രജിത മക്കളും മണികണ്‌ഠന്‍ മരുമകനുമാണ്‌.ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങി.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.