Latest News

ഉദുമ പഞ്ചായത്തില്‍ സ്ഥിരം നിക്ഷേപ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി നിര്‍മാണ കരാര്‍ നേടിയ പിഡബ്ല്യുഡി കരാറുകാരനെതിരെ കേസ്‌

ഉദുമ: ഉദുമ പഞ്ചായത്തിൽ സ്ഥിരം നിക്ഷേപ വ്യാജസർട്ടിഫിക്കറ്റ് നൽകി നിർമാണ കരാർ നേടിയ പിഡബ്ല്യുഡി കരാറുകാരനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം നൽകിയ പരാതിയിൽ തെക്കിൽ മുഹമ്മദ് ഇഷ്ഹാഖിനെതിരെയാണ് കേസ്.[www.malabarflash.com]

2016–17വർഷത്തിൽ രണ്ടു റോഡുകളുടെ ടാറിങ് ആണു ഇയാൾക്ക് പഞ്ചായത്തിൽ അനുവദിച്ചിരുന്നത്. നിർമാണം പൂർത്തിയായി ഇതിന്റെ ബില്ലുകൾ കരാറുകാരനു നൽകിയതാണ്.

വെടിക്കുന്ന് വയൽവീട് –അമ്പിലാടിറോഡ്, കണ്ണംകുളം രക്തേശ്വരി –കരിപ്പോടി റോഡ് എന്നിവയുടേതാണ് ടാറിങ്. ചട്ടഞ്ചാൽ സബ്ട്രഷറിയുടെയും സി‍ൻഡിക്കറ്റ് ബാങ്ക് പെരിയ ശാഖയുടേതുമായി 2,31000 രൂപയുടെ സ്ഥിരം നിക്ഷേപ സർട്ടിഫിക്കറ്റുകളുടെ വ്യാജസർട്ടിഫിക്കറ്റുകളാണ് കരാറുകാരൻ റോഡ് പ്രവർത്തിയുടെ ഈടായി പണയപ്പെടുത്തിയിരുന്നത്. 

ഇയാൾക്കെതിരെ പള്ളിക്കര,ബദിയഡുക്ക പഞ്ചായത്തുകളിൽ റോ‍ഡ് നിർമാണ കരാറുകളിൽ വ്യാജസ്ഥിരം നിക്ഷേപസർട്ടിഫിക്കറ്റ് നൽകിയതിനും ബേക്കൽ,ബദിയഡുക്ക പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.

വ്യാജസ്ഥിരം നിക്ഷേപസർട്ടിഫിക്കറ്റ് നൽകി സർക്കാരിനെ കബളിപ്പിച്ചതിനു ബന്ധപ്പെട്ട കരാറുകാർക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചു വരികയാണ്. പള്ളിക്കര,കാസർകോട് ,ബദിയഡുക്ക, ഹൊസ്ദുർഗ്, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിലാണ് ഇപ്പോൾ നിലവിലുള്ള കേസുകൾ. ത്രിതലസ്ഥാപനങ്ങളിൽ കരാറുകാർ നിർമാണം ഏറ്റെടുക്കുന്നതിനു സമർപ്പിച്ച രേഖകൾ പോലീസ് പരിശോധിച്ചു വരുന്നു.

അസലിനെ വെല്ലുന്നതാണ് കരാറുകാർ നൽകിയ പകർപ്പ് കളർ പ്രിൻറുകളെന്നു പോലീസ് പറഞ്ഞു. ട്രഷറിയിലും ബാങ്കുകളിലുമായി പരിശോധിച്ചു വ്യാജമാണെന്നു ഉറപ്പുവരുത്തിയായിരിക്കും കരാറുകാർക്കെതിരെ നടപടിയെടുക്കുക. 

ത്രിതലസ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗം അധികൃതർ ട്രഷറിയിലും ബാങ്കിലുമായി നൽകിയ അന്വേഷണങ്ങൾക്കു വ്യാജമാണെന്നു ലഭിച്ച മറുപടിയെത്തുടർന്നാണു പോലീസിൽ പരാതി കൊടുത്തത്. സ്ഥിരം നിക്ഷേപത്തിന്റെ വ്യാജസർട്ടിഫിക്കറ്റ് നൽകിയതിനു മൂന്നു കരാറുകാർക്കെതിരെയാണ് പരാതികളും കേസുമുള്ളത്.

അതിനിടെ സംഭവം മൂടിവച്ചും ഉത്തരവാദികളെ രക്ഷപ്പെടുത്താനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കേസെടുത്ത് ഒരാഴ്ചയായിട്ടും എതിർകക്ഷികളെ പോലീസ് ചോദ്യം ചെയ്യാത്തതാണ് ഈ ആരോപണങ്ങൾക്കിടയാക്കുന്നത്.

കരാറുകാർക്കു നിർമാണ കരാർ നൽകിയതിൽ തിരിമറികൾ നടന്നതിൽ ഉദ്യോഗസ്ഥർക്കുള്ള പങ്കാളിത്തവും അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തിരിമറിയിൽപ്പെട്ട കരാറുകാർക്കുള്ള ബില്ലുകൾ അനുവദിക്കരുതെന്നു തദ്ദേശസ്വയംഭരണവകപ്പ് എൻജീനിയറിങ് വിഭാഗം എക്സി.എൻജിനീയർ നിർദേശം നൽകിയിട്ടുണ്ട്.

2015 ഏപ്രിൽ ഒന്നു മുതൽ ഒരോ ഓഫിസിലും ഏർപ്പെട്ടിട്ടുള്ള കരാർ പ്രവർത്തികളുടെ വിവരങ്ങളും അവയുടെ കരാർ ഉടമ്പടിയിൽ ഒപ്പുവെക്കാ‍ൻ സമർപ്പിക്കപ്പെട്ട സെക്യൂരിറ്റി നിക്ഷേപങ്ങളുടെയും വിവരങ്ങൾ നൽകാനാണ് എൽഎസ്ജിഡി ഡിവിഷനൽ എക്സി.എൻജിനീയർ നിർദേശിച്ചിച്ചുള്ളത്. അതിനു മുൻപുണ്ടായ തിരിമറികൾ മൂടിവെക്കപ്പെടാനിടയാക്കുന്നതാണിതെന്ന ആരോപണമുണ്ട്. ആറു വർഷം മുൻപ് ഇത്തരം തിരിമറികൾ നടന്നതായി വിവരമുണ്ട്. ബേർക്ക സ്വദേശിയായ ഒരു കരാറുകാരനായിരുന്നു അത്. അതൊന്നും അന്വേഷിക്കാതെ കരാറുകാരനെ സംരക്ഷിക്കുകയാണുണ്ടായത്.

നിലവിലുളള കേസുകളിൽപ്പെട്ട മൂന്നു കരാറുകാർ ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗത്തിൽ എട്ടര കോടിയോളം രൂപയുടെ റോഡ് നിർമാണമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിനായി സമർപ്പിക്കപ്പെട്ട ഇരുന്നൂറോളം ട്രഷറി നിക്ഷേപ സർട്ടിഫിക്കറ്റുകളിൾ എൺപതിലേറെയും വ്യാജമാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

വ്യാജരേഖകൾ നൽകി കരാർ തട്ടിപ്പു നടത്തിയതിന്റെ അന്വേഷണവും പരിശോധനയും ഇഴഞ്ഞു നീങ്ങുന്നതിനിടെ കേസിലെ പ്രധാന കരാറുകാരൻ ഗൾഫിലേക്കു കടന്നതായി സൂചനയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ സഹായമാണ് ഇതിനു വഴിയൊരുക്കിയതെന്നു പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.