Latest News

  

ബിജെപിയുടെ ബെല്ലാരി തട്ടകവും പിടിച്ചെടുത്ത് കോണ്‍ഗ്രസ്, റെഡ്ഡിമാര്‍ക്ക് തിരിച്ചടി

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞെട്ടിച്ചത് ബെല്ലാരിയിലെ വന്‍തോല്‍വി. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും രണ്ട് നിയമസഭ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ബെല്ലാരിയിലെ പരാജയം പാര്‍ട്ടിക്ക് തികച്ചും ഒരു ഷോക്കായി മാറി. [www.malabarflash.com]

2004 മുതല്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന കാവിക്കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നില്‍ തകര്‍ന്നു. 2014 ലില്‍ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റാണ് ബെല്ലാരി. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 12 മണിവരെയുള്ള കണക്ക് വച്ച് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് കോണ്‍ഗ്രസിനുണ്ട്‌

എം.പിയായിരുന്ന ബി.ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയപ്പോള്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയില്‍ അഭിമാനപോരാട്ടമായിരുന്നു. 

തങ്ങളുടെ ഉറച്ചസീറ്റായിരുന്ന ബെല്ലാരി പിടിക്കാന്‍ ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. നേരത്തെ 2009ല്‍ ശാന്ത ബെല്ലാരിയില്‍നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാര്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു.

ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിക്കാന്‍ വി.എസ് ഉഗ്രപ്പയെയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമര്‍ശനമുണ്ടായെങ്കിലും സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി.

തുടര്‍ന്ന് ഡി. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ജെ.ഡി.എസും പ്രചരണം നയിച്ചു. മറുവശത്ത് റെഡ്ഡി സഹോദരന്മാരുടെ പിന്തുണയില്‍ ബി.ജെ.പിയും ആഞ്ഞുപിടിച്ചു. എന്നാല്‍ വോട്ടെടുപ്പിനൊടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ പതിനാല് വര്‍ഷമായി ബി.ജെ.പി കയ്യടക്കിയിരുന്ന ബെല്ലാരി അവരെ കൈവിട്ടിരിക്കുന്നു. 

മണ്ഡലങ്ങളിലെ പലയിടത്തും ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. റെഡ്ഡി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍ ബെല്ലാരിയില്‍ വിജയംകണ്ടത് ഡി. ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങള്‍. 

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും ഭരണത്തിലെത്തിക്കുന്നതിലും വിശ്വാസ വോട്ടെടുപ്പില്‍ സംഖ്യ തികയ്ക്കുന്നതിലെ ബുദ്ധികേന്ദ്രമായിരുന്ന ശിവകുമാറിന് തന്റെ രാഷ്ട്രീയജീവിതത്തില്‍ മറ്റൊരുനേട്ടം കൂടിയാണ് ബെല്ലാരിയിലെ വിജയം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.