Latest News

ഖാസിയുടെ കൊലപാതകം, സി.ബി.ഐയുടെ റിപ്പോര്‍ട്ട് വീണ്ടും കോടതി തള്ളി

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ്പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസ് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി.[www.malabarflash.com]

കോടതി നിര്‍ദേശിച്ചിരുന്ന സുപ്രധാന കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്.

ഇത് രണ്ടാം തവണയാണ് സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളുന്നത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്ന യാതൊന്നും അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.സി.ബി.ഐ കേസ് അന്വേഷണം പൂര്‍ത്തിയാക്കി ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അത് സ്വീകരിക്കാതെ അന്വേഷണത്തില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടണമെന്ന നിര്‍ദേശത്തോടെയായിരുന്നു കോടതി തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ അന്വേഷണത്തില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിദഗ്ധരുടെ അഭിപ്രായവും സഹായവും തേടണമെന്ന നിര്‍ദേശം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ 2016 ഫെബ്രുവരി 12ലെ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ തുടരന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.

മരണവുമായി ബന്ധപ്പെട്ട് അന്തിമ നിഗമനത്തിലെത്തുന്നതിന് മുന്‍പ് മെഡിക്കല്‍ ടീമിന്റെ അഭിപ്രായം തേടണമെന്ന കോടതിയുടെ നിര്‍ദേശം പാലിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

‘എത്തിപ്പെടാന്‍ പ്രയാസകരമായ പാറക്കെട്ടിനു മുകളില്‍ മൗലവിക്ക് എത്തിപ്പെടാന്‍ കഴിയുമോ’ എന്നതുസംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണം അവസാനിപ്പിച്ചുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. 2017 ജനുവരി 23ന് പുനരന്വേഷണം പൂര്‍ത്തിയാക്കി സി.ബി.ഐ സി.ജെ.എം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി റിപ്പോര്‍ട്ട് സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.