Latest News

മോഷണം പോയ 25 പവന്‍ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി

പടന്നക്കാട്: പടന്നക്കാട് റിസോര്‍ട്ട് റോഡരികിലെ മുന്‍ ഗള്‍ഫുകാരനും ടൈലര്‍ സ്ഥാപന ഉടമയുമായ രമേശന്റെ വീട്ടില്‍ നിന്നും മോഷണം പോയ 25 പവന്‍ സ്വര്‍ണാഭരണങ്ങളും വീട്ടു മുറ്റത്തു നിന്നും കണ്ടെത്തി.[www.malabarflash.com]

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റി വീട്ടിനകത്ത് മുറിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.

അലമാരയിലും അലമാരയുടെ മുകളില്‍ വസ്ത്രങ്ങള്‍ക്കിടയിലും സൂക്ഷിച്ച ആഭരണങ്ങളായിരുന്നു മോഷണം പോയത്. രമേശനും ഭാര്യ സീമയും മക്കളായ ശീതളും, ശിവനന്ദും തൊട്ടടുത്ത മുറിയില്‍ നല്ല ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ ഉണര്‍ന്നപ്പോള്‍ മുന്‍വാതില്‍ തുറന്നുകണ്ടപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 

വിരലടയാള വിദഗ്ധരും പോലീസ് നായയും ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തിയിട്ടും തുമ്പുകണ്ടെത്താനായില്ല. ബുധനാഴ്ച വരെ രമേശന്റെ വീടിന്റെ പരിസരങ്ങളിലുള്ള നിരവധി ആളുകളുടെ വിരലടയാളങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

ലിസ്റ്റ് തയ്യാറാക്കി നിരവധി ആളുകളോട് വ്യാഴാഴ്ചയും വെളളിയാഴ്ചയുമായി വിരലടയാള പരിശോധനക്കായി പോലീസ് സ്റ്റേഷനിലേക്കെത്താനും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് അതീവ ദുരൂഹമായി മോഷണമുതല്‍ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ ഉണര്‍ന്നേഴുന്നേറ്റ സീമ പല്ലുതേച്ചുകൊണ്ടിരിക്കെയാണ് വീട്ടുമുറ്റത്ത് മോഷണം പോയ പേഴ്‌സ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ മോഷണം പോയ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും അതിനകത്തുണ്ടായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടിയ വിവരം വീട്ടുടമ ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചു. 

എസ്‌ഐ എ സന്തോഷ്‌കുമാറും സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി സ്വര്‍ണാഭരണങ്ങള്‍ ബന്ധവസ്സിലെടുത്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സ്വര്‍ണാഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കും.

ദുരൂഹതയെന്ന് പോലീസ്

പടന്നക്കാട്: വര്‍ഷങ്ങളോളം ഗള്‍ഫ് മണലാരണ്യത്തില്‍ ഭര്‍ത്താവിന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയപ്പോള്‍ സീമക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ഓരോ വര്‍ഷവും ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ നിന്നും തനിക്കും മക്കള്‍ക്കും വാങ്ങിത്തന്ന സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം 20 വര്‍ഷം മുമ്പ് ഭര്‍ത്താവ് കഴുത്തില്‍ ചാര്‍ത്തിയ താലിമാലയും ഉള്‍പ്പെടെ 25 പവന്‍ സ്വര്‍ണാഭരണങ്ങളാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പ് റിസോര്‍ട്ട് റോഡിലെ സീമയുടെ വീട്ടില്‍ നിന്നും മോഷണം പോയത്.

മോഷണം പോയ ആഭരണങ്ങളില്‍ പരേതയായ മാതാവ് നല്‍കിയ കമ്മലും ഉള്‍പ്പെട്ടിരുന്നു. അന്ന് മുതല്‍ സീമ സകല ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥനയിലായിരുന്നു. ഇന്നലെ വീട്ടിനടുത്തുള്ള തറവാട്ടിലെ പൊട്ടന്‍ദൈവത്തിന്റെ പതിയില്‍ ചെന്ന് കത്തിയും പനങ്കള്ളും വയല്‍ക്കണ്ടി മുത്തപ്പന് പൈങ്കൂറ്റിയും നേര്‍ച്ച നേര്‍ന്നു. അയ്യപ്പന്‍ ഭജനമഠത്തില്‍ പ്രത്യേകം പൂജയും കഴിച്ചാണ് സീമ വീട്ടിലേക്കെത്തിയത്.

വൈകുന്നേരം വീട്ടുപറമ്പിലെ തെങ്ങിനും തെങ്ങിന്‍ തൈകള്‍ക്കുമൊക്കെ വെള്ളം നനക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടുമുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ ബുധനാഴ്ച വൈകിട്ട് വെള്ളമൊഴിച്ചപ്പോള്‍ പേഴ്‌സ് ഉണ്ടായിരുന്നില്ല.

എന്നാല്‍ മോഷണത്തിനും മോഷണ മുതല്‍ നാടകീയമായി തിരിച്ചെത്തിയതും അത്യന്തം ദുരൂഹത മണക്കുകയാണ് അന്വേഷണ സംഘത്തിന്. പണവും ആഭരണങ്ങളും സൂക്ഷിച്ച ഷെല്‍ഫ് പൂട്ടിയിട്ടില്ല എന്ന മൊഴിയും, പണം ഒഴിവാക്കി ആഭരണം മാത്രം മോഷ്ടിക്കപ്പെട്ടതും കവര്‍ച്ചക്കാരന്‍ വീട്ടിനകത്ത് കടന്നതിന്റെ തുമ്പുകളൊന്നും ലഭിക്കാത്തതും പോലീസ് അന്വേഷണത്തെ വലച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം വഴിമുട്ടുകയും ചെയ്തു.

ഇതിനിടെയാണ് തീര്‍ത്തും നാടകീയമായി കളവുപോയ സ്വര്‍ണാഭരണം തിരിച്ചു ലഭിക്കുന്നത്. ഒഴിഞ്ഞവളപ്പ് റിസോര്‍ട്ട് റോഡിനരികിലുള്ള വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണം മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ വീട്ടുടമ തന്നെ കണ്ടെത്തുകയും ചെയ്തു. നാട്ടില്‍ പരിഭ്രാന്തി പരത്തിയ മോഷണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ടി എന്‍ സജീവന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.