Latest News

ചാവേറായത് ആദിൽ അഹമ്മദ്; ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ 350 കിലോ

ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം നടത്തിയത് ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.[www.malabarflash.com]

ഗുന്ദിബാഗ് വഗാസ് കമാൻഡോ, ആദിൽ അഹമ്മദ് തക്റൻവാല എന്നിങ്ങനെ അറിയപ്പെടുന്ന ഇയാൾ കഴിഞ്ഞ വർഷമാണു ഭീകര സംഘടനയിലെത്തിയത്. കശ്മീരിലെ കാകപോറ സ്വദേശിയാണ് ഇയാളെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
40 സിആർപിഎഫ് ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെ 350 കിലോ സ്ഫോടക വസ്തുക്കൾ‌ നിറച്ച സ്കോർപിയോ ഇടിച്ചു കയറ്റുകയായിരുന്നു. കശ്മീരിലെ ഏറ്റവും രൂക്ഷമായ അക്രമം നടന്ന് മണിക്കൂറുകൾക്കകം തന്നെ ഭീകരന്റെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പുറത്തുവന്നു. 

ഇന്ത്യയ്ക്കെതിരെ വിഡിയോയിൽ ആദിൽ സംസാരിക്കുന്നുണ്ട്. എന്റെ പേര് ആദിൽ, ഒരു വർഷം മുൻപാണ് ജയ്ഷെ മുഹമ്മദിൽ ചേരുന്നത്. ഈ വിഡിയോ നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിലായിരിക്കും. ഇതാണ് കശ്മീരിലെ ജനങ്ങൾക്കുള്ള എന്റെ അവസാനത്തെ സന്ദേശം– വിഡിയോ ദൃശ്യങ്ങളിൽ ആദിൽ പറയുന്നു.

റൈഫിളുകൾ കൈയിൽ പിടിച്ച് ജയ്ഷെ മുഹമ്മദിന്റെ ബാനറിനു മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ജമ്മുവില്‍ നിന്ന് വ്യാഴാഴ്ച പുലർച്ചെ 3.30നാണ് സിആർപിഎഫ് വാഹന വ്യൂഹം യാത്ര പുറപ്പെട്ടത്. എതിർദിശയിൽ നിന്ന് വാഹനമോടിച്ചെത്തിയ ചാവേർ സിആർപിഎഫ് ബസിനെ ലക്ഷ്യമിടുകയായിരുന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽനിന്ന് 100 മീറ്റർ അകലെ വരെ ചിതറിത്തെറിച്ചു.

2001ലെ ആക്രമണത്തിനു ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് പുൽവാമയിലേത്. അന്ന് ശ്രീനഗറിലെ ജമ്മു കശ്മീർ നിയമസഭ ലക്ഷ്യമാക്കി നടന്ന ജയ്ഷെ ചാവേർ ആക്രമണത്തിൽ 38 പേർക്കാണു ജീവൻ നഷ്ടമായത്. സ്ഫോടക വസ്തുക്കൾ ടാറ്റ സുമോ വാഹനത്തിൽ നിറച്ചായിരുന്നു 2001ലെ ആക്രമണം. 2016ൽ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ 19 പേരും മരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.