Latest News

കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവ്

തലശ്ശേരി: പ്രമാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്‌സോ കോടതി 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു.[www.malabarflash.com] 

മൂന്നു വകുപ്പുകളിലായി 20 വര്‍ഷം വീതം ആകെ 60 വര്‍ഷമാണ് തടവ് വിധിച്ചതെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. 

അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് താന്‍ പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്നും പരമാവധി ശിക്ഷ കുറച്ചുനല്‍കണമെന്നും അപേക്ഷിച്ചെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു. 

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും കുഞ്ഞിനെ ഒളിപ്പിക്കുകയും ചെയ്‌തെന്നതിനാല്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടുന്ന കേസാണിത്. പിഴയില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. 

കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരേ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

 കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ്എസ് ലോക്കല്‍ മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി(റോബിന്‍ മാത്യു-51)ക്കാണ് ശിക്ഷ ലഭിച്ചത്. 

രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ(54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ് മരിയ എന്ന എല്‍സി(35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ(48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒമ്പതാം പ്രതി കൊളവയല്‍ സെയ്ന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം(68), പത്താംപ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ്(71) എന്നിവരെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവച്ചു എന്നായിരുന്നു ഇവര്‍ക്കെതിരായ കുറ്റം. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കംപ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍ വച്ച് ഫാദര്‍ റോബിന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലാണു പെണ്‍കുട്ടി പ്രസവിച്ചത്. ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. 

ഫാദര്‍ റോബിന്‍ വടക്കാംചേരിയും ക്രിസ്തുരാജ ആശുപത്രി അധികൃതരും ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രിംകോടതി കുറ്റവിമുക്തരാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.