ബേക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചതെന്നു സംശയിക്കുന്ന കാര്‍ കണ്ടെത്തി. പള്ളിക്കര പഞ്ചായത്ത് പാക്കം വെളുത്തോളി ചെറൂട്ടവളപ്പില്‍ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് വെള്ള നിറത്തിലുള്ള മഹീന്ദ്ര സൈലോ കണ്ടെത്തിയത്.[www.malabarflash.com]
അതെ സമയം കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ. ഇവരിൽനിന്നു രണ്ടു ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഏച്ചിലടുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. കാറിന്റെ സൈഡ് മിറര്‍ പൊട്ടിയ നിലയിലാണ്.
തിങ്കളാഴ്ച വൈകുന്നേരം ഇവിടെ കളിക്കാനെത്തിയ കുട്ടികളാണ് കാര്‍ ആദ്യം കണ്ടത്. കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു വരുന്നു.
ശരത് മർദിച്ചതായി കേസുള്ള ഏച്ചിലടുക്കം സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എ. പീതാംബരനെയും പോലീസ് തെരയുന്നുണ്ട്. ഇയാൾ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.പ്രതികൾ സംസ്ഥാനം വിട്ടെന്ന സംശയത്തെത്തുടർന്ന് അന്വേഷണത്തിന് കർണാടക പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കർണാടക പോലീസുമായി ബന്ധപ്പെട്ടു. സംഭവസ്ഥലത്തുനിന്നു വാളിന്റെ പിടി, രണ്ടു മൊബൈൽഫോൺ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞവർഷം ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ കൃപേഷിനെതിരേ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകരായ നിധിൻ, അരുണേഷ്, നീരജ്, പീതാംബരൻ തുടങ്ങി ആറുപേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 12 മണിക്കൂറിനിടെ കൃപേഷിന്റെയും ശരത്തിന്റെയും മൊബൈൽഫോണുകളിലേക്കു വന്ന കോളുകളും പരിശോധിച്ചുവരികയാണ്.
കണ്ണൂർ റേഞ്ച് ഐജി ബൽറാംകുമാർ ഉപാധ്യായ, ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം. പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല.
No comments:
Post a Comment