Latest News

നവദമ്പതിമാർക്കെതിരേ സൈബർ അപവാദം: 11 പേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: നവദമ്പതിമാരെ സാമൂഹികമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ 11 പേർ അറസ്റ്റിലായി.[www.malabarflash.com]

ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്റെ പരാതിയിൽ ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിൻ തോമസ്(29) ഉൾപ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരാണ് അറസ്റ്റിലായത്. സംഭവം വിവാദമായതോടെ മലയോരത്തെ ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകൾ പിരിച്ചുവിട്ടു.

ഗൾഫിൽനിന്നടക്കം ചിത്രം ഷെയർ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാൾ അയച്ച ചിത്രത്തിന് കമൻറിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിൻ തോമസ് പോലീസിന് മൊഴിനൽകി. ഇതോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന സൂചനയിലാണ് അന്വേഷണം നടക്കുന്നത്. ഇനിയും വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരും ഷെയർ ചെയ്തവരും കേസിൽ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സി.ഐ. വി.വി. ലതീഷ് അറിയിച്ചു.

വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിയാണ് വാട്സാപ്പ് പ്രചാരണം. പത്രത്തിൽ നൽകിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയും ചേർത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്നാണ് പരാതി. മലയോരമേഖലയിലെ പല വാട്സാപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.

കേസിൽ ഗൾഫിൽ ജോലിചെയ്യുന്ന രണ്ടുപേർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രീകണ്ഠപുരം പോലീസ് തീരുമാനിച്ചു. അപവാദം പ്രചരിപ്പിച്ച ഗൾഫിലുള്ളവർ ഫോൺ നമ്പർ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാൻ തീരുമാനിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.