Latest News

കല്ലെറിയാൻ മാത്രമാവരുത്

ദർശന ടിവിയിൽ  വന്ന ഡോ: അബ്ദുൽ ഹക്കീം അസ്ഹരിയുടെ അഭിമുഖം, വിയോജിപ്പുള്ള പല കാര്യങ്ങളും ഉണ്ടെങ്കിലും ഒട്ടേറെ അറിവുകളിലേക്കും ചിന്തകളിലേക്കും നയിക്കുന്നത് തന്നെയാണ്.[www.malabarflash.com ]

വൈകാരികതക്ക് അപ്പുറം പക്വവും ഋജുവുമായ അഭിപ്രായങ്ങൾ, ആത്മവിശ്വാസം നിറഞ്ഞ നിലപാടുകൾ, വിവാദങ്ങൾക്ക് പകരം പ്രായോഗികമായ രീതിയിൽ എന്തൊക്കെ ചെയ്യാനാവും എന്ന കാഴ്ചപ്പാട് ഇതൊക്കെ കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.

സി എച്ച്   മുഹമ്മദ്‌കോയ മുസ്ലിം സമൂഹത്തിന്റെ ഉന്നമനം ഉദ്ദേശിച്ചു ചെയ്ത ചില കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില അഭിപ്രായങ്ങളെ കുറിച്ച് മാത്രം ഫേസ്‌ബുക്കിൽ വിമർശനവും ആക്ഷേപവും ഉയരുമ്പോൾ നാല്പത്തിയേഴ് മിനിറ്റുള്ള ഈ അഭിമുഖത്തിൽ പറഞ്ഞ മറ്റു കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ശരിയല്ല. 

സി എച്ച്  മതിയായ യോഗ്യതയില്ലാത്ത ആളുകളെ അറബി ഉറുദു അദ്ധ്യാപകരായി നിയമിച്ചു എന്നതാണ് ആക്ഷേപം. കേരള മുസ്ലിംകളുടെ വിദ്യാഭ്യാസപരമായും സാഹിത്യ-സാംസ്കാരിക മേഖലകളിൽ ഉള്ള ഉയർച്ചക്കും സി എച്ച് എന്ന വ്യക്തി നൽകിയ സംഭാവന എന്തെന്ന് മലയാളികൾക്ക് അറിയുന്നത് കൊണ്ടാണ് മരണപ്പെട്ടു മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മത- രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം ആദരവോടെ ഓർക്കപ്പെടുന്നത്. ജാതി സംവരണം കൊണ്ട് ജോലി നേടിയവർ പ്രാപ്തരായിരുന്നില്ല എന്ന് പറയുന്നത് പോലെ ശരികേടാണ് യോഗ്യതയിലെ ഇളവുകൾ ആക്ഷേപകരമാകുന്നതും.

അതേപോലെ വിയോജിപ്പുള്ള ഒന്നാണ് മുസ്ലിം സ്ത്രീകൾ പൊതു ഇടങ്ങളിലേക്ക് ഇറങ്ങി വരുന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ന്യായങ്ങൾ. തീർച്ചയായും അദ്ദേഹത്തിന്റെ സംഘടനയുടെ കാലങ്ങളായുള്ള നിലപാട് അദ്ദേഹം വിശദീകരിച്ചു എന്നേയുള്ളൂ.

വിയോജിപ്പുകൾ ഉള്ള വിഷയങ്ങൾ ഉണ്ടാവുക എന്നത് കൂടിയാണ് ചർച്ചകളെയും അഭിമുഖങ്ങളെയും മികവുറ്റതാക്കുന്നത്. പക്ഷെ അതിലേറെ പ്രസക്തവും ചർച്ച ചെയ്യപ്പെടേണ്ടതുമായ കാര്യങ്ങളാണ് ഈ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഏറെയും. ദൗർഭാഗ്യവശാൽ അത് കേൾക്കാനോ മനസ്സിലാക്കാനോ എത്ര പേർ ശ്രമിച്ചു എന്നതാണ് ചോദ്യം.

അഭിമാനകരമായ കാഴ്ചയാണ് തലേക്കെട്ട് കെട്ടിയ ഒരു പണ്ഡിതൻ ആത്മവിശ്വാസത്തോടെ വർത്തമാന കാല രാഷ്ട്രീയവസ്ഥയെ കുറിച്ചുള്ള തന്റെ നിലപാടുകളും ചിന്തകളും പങ്കുവെക്കുന്നത്. ആയത്തും ഹദീസും ഉദ്ധരിക്കുന്നതിനു പകരം. ഇന്ത്യയുടെ ഇന്നലെകളുടെ ചരിത്രവും കടന്നു പോയ മഹദ് വ്യക്തികളെയും കുറിച്ചും വർത്തമാന രാഷ്ട്രീയത്തെ കുറിച്ചുമാണ് പറയുന്നത്. 

വിമർശനങ്ങളും ആക്ഷേപങ്ങളുമായി തളർത്താൻ ചുറ്റിലും സ്വന്തം സമുദായം തന്നെ നിൽക്കുമ്പോഴും കേരളത്തിന് അകത്തും പുറത്തും ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് കല്ലെറിയുന്നവരെ അവഗണിച്ചു കൊണ്ട് കാലങ്ങളായി നടത്തുന്ന പ്രവർത്തനങ്ങൾ നൽകിയ ആത്മവിശ്വാസം കൊണ്ടാണ്.

ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ അഭിമുഖം നടത്തിയത് എതിർപക്ഷമെന്ന് കൊണ്ടാടപ്പെടുന്ന ഇ കെ  സുന്നി വിഭാഗം നടത്തുന്ന ദർശന ചാനലിൽ ആണ്. എതിരാളികളെ വിളിച്ചു വരുത്തി പരിഹാസ്യമായ ചോദ്യങ്ങൾ മുതൽ ശരീരഭാഷ കൊണ്ട് വരെ അപമാനിക്കുന്ന ദൃശ്യമാധ്യമ രീതികൾ കാണുന്ന നമുക്ക് മുന്നിൽ ഒരു പണ്ഡിതന് നൽകേണ്ട സകല ആദരവോടെ ഏറ്റവും മാന്യവും കാലിക പ്രസക്തവുമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഈ അഭിമുഖം വിജ്ഞാനപ്രദമായ ഒരു ചർച്ചയാക്കി മാറ്റി എന്നത് മഹിതമായ ഒരു സംസ്കാരത്തിന്റെ പ്രകാശനമാണ്.

പോസിറ്റിവായി ചർച്ച ചെയ്യപ്പെടേണ്ട ഈ അഭിമുഖം, പതിവ് ഫേസ്‌ബുക്ക് രീതിയിൽ അഭിമുഖകാരനെ ആക്ഷേപിക്കാനും അദ്ദേഹത്തിന്റെ പിതാവിനെ അടക്കം തെറിവിളിക്കാനും ഉത്സാഹിക്കുന്ന ചിലരെ കാണുമ്പോൾ സഹതാപമേ ഉള്ളൂ. (സി എച്ച്  വിഷയത്തിൽ മാന്യമായി മറുപടി നൽകുന്നവർ തന്നെയാണ് ഏറെയും എന്നത് പ്രത്യേകം പറയട്ടെ.) വിമർശിക്കാൻ വേണ്ടിയെങ്കിലും ഈ അഭിമുഖം മുഴുവനും കാണാതെ പോകുന്നത് നഷ്ടമാണ് എന്നാണ് എന്റെ പക്ഷം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.